ജിദ്ദ- സൗദിവല്‍ക്കരണം നടപ്പാക്കുന്ന രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് പുതിയ തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്റാജ്ഹിയോട് ചേംബര്‍ ഓഫ് കൊമേഴ്സുകളിലെ വിവിധ കമ്മിറ്റി പ്രസിഡന്റുമാരും അംഗങ്ങളും ആവശ്യപ്പെട്ടു. സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ശേഷി കണക്കിലെടുക്കണം. സമ്പൂര്‍ണമായി സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ ഓരോ സ്ഥാപനങ്ങളിലും ഒരു വിദേശ വിദഗ്ധനെ വീതം അനുവദിക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെട്ടു.
സൗദിവല്‍ക്കരണ വ്യവസ്ഥകളും, കടുത്ത സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിവല്‍ക്കരണം പാലിക്കുന്നതിനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ശേഷിയും തമ്മിലുള്ള സന്തുലനം പുതിയ തൊഴില്‍ മന്ത്രി കണക്കിലെടുക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിലെ എന്റര്‍പ്രണര്‍ഷിപ്പ് കമ്മിറ്റി പ്രസിഡന്റ് ഥാമിര്‍ അല്ഫര്തൂശി പറഞ്ഞു. പുതുതായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് തീരുമാനിച്ച പന്ത്രണ്ടു മേഖലകളില്‍ യുക്തിസഹവും അംഗീകരിക്കാവുന്നതുമായ കാലാവധി നല്കി പടിപടിയായി സൗദിവല്‍ക്കരണം നടപ്പാക്കണം.
സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയ മേഖലകളില്‍ സൗദി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനും അവരെ സഹായിക്കുന്നതിനും വിദേശ വിദഗ്ധന്‍ നിര്‍ബന്ധമാണ്. സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ സൗദി വനിതകളുടെ വിദേശ ഭര്ത്താക്കന്മാര്ക്ക് തൊഴില്‍ അനുമതി നല്‍കുകയും വേണം. സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി ലെവി ഇന്‍വോയ്സ് അടക്കുന്നതിനുള്ള സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 98 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്. ചില സ്ഥാപനങ്ങള്‍ക്ക് ലെവി ഇന്‍വോയ്സ് വഹിക്കുന്നതിന് സാധിക്കില്ലെന്നും ഥാമിര്‍ അല്ഫര്തൂശി പറഞ്ഞു.
എന്‍ജിനീയര്‍ അഹ്മദ് അല്റാജ്ഹിയെ തൊഴില്‍ മന്ത്രിയായി നിയമിച്ചത് വ്യാപാരികളില്‍ പ്രത്യാശയുണ്ടാക്കിയിട്ടുണ്ടെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിലെ റെഡിമെയ്ഡ്, ടെക്സ്റ്റൈല്‍സ് കമ്മിറ്റി അംഗം വലീദ് അല്‍അംരി പറഞ്ഞു. റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് പ്രസിഡന്റ് പദവികള്‍ നേരത്തെ വഹിച്ച പുതിയ തൊഴില്‍ മന്ത്രിക്ക് സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നന്നായി മനസ്സിലാകും. ഈ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി പുതുക്കിയ വര്‍ക്ക് പെര്‍മിറ്റുകളില്‍ ഈ കൊല്ലത്തില്‍ അവശേഷിക്കുന്ന കാലത്തേക്ക് വര്‍ധിപ്പിച്ച ലെവി പ്രകാരമുള്ള അധിക തുക ഈടാക്കുന്നതിന് തൊഴില്‍ മന്ത്രാലയം ഇഷ്യു ചെയ്ത ലെവി ഇന്‍വോയ്സുമായി ബന്ധപ്പെട്ട് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള കാമ്പയിന് നേതൃത്വം നല്‍കിയത് അഹ്മദ് അല്‍റാജ്ഹി ആയിരുന്നു.

വ്യാപാര മേഖലയില്‍ ഏറെ പരിചയസമ്പത്തുള്ള, അറിയപ്പെടുന്ന വാണിജ്യ കുടുംബത്തിലെ അംഗമായ പുതിയ മന്ത്രിക്ക് വ്യവസായികളും വ്യാപാരികളും നേരിടുന്ന പ്രശ്നങ്ങള്‍ നന്നായി മനസ്സിലാകും. പുതിയ മന്ത്രിയുടെ കാലത്ത് സൗദിവല്‍ക്കരണ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതു മേഖലയിലും സൗദിവല്‍ക്കരണം നിര്ബന്ധമാക്കുന്നതിനു മുമ്പ് ആ മേഖലയെ കുറിച്ച് വിശദമായി പഠനം നടത്തണം. ആ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനുള്ള സൗദി യുവാക്കളുടെ സന്നദ്ധത, സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന പക്ഷം യോഗ്യരായ സൗദികളുടെ ലഭ്യത, പ്രതീക്ഷക്കൊത്ത തൊഴിലുകള്‍ അല്ലാത്തതിനാല്‍ സൗദികള്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിശദമായി പഠിക്കണം. തൊഴിലാളികളുടെ ജോലിയോടുള്ള പ്രതിബദ്ധത, കൃത്യനിഷ്ഠത, ശേഷി എന്നിവക്കാണ് വ്യാപാരികള്‍ മുന്‍ഗണന നല്‍കുന്നതെന്നും വലീദ് അല്‍അംരി പറഞ്ഞു.