പാക്കിസ്ഥാനിലെ ചാവേറാക്രമണം; കൊല്ലപ്പെട്ടത് ഒൻപത് പോലീസുകാർ

ക്വറ്റ(പാകിസ്ഥാൻ)- തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഒരു ചാവേർ നടത്തിയ ബോംബാക്രമണത്തിൽ മരിച്ച പോലീസുകാരുടെ എണ്ണം ഒൻപതായി.16 പേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ചാവേർ പോലീസുകാർ സഞ്ചരിച്ചിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് 120 കിലോമീറ്റർ (75 മൈൽ) തെക്കുകിഴക്കായി കാച്ചി ജില്ലയിലെ പ്രധാന പട്ടണമായ ധാദറിന് സമീപമാണ് സംഭവം. ഒരാഴ്ച നീണ്ട കന്നുകാലി പ്രദർശനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീചമായ അജണ്ടയുടെ ഭാഗമാണ് ബലൂചിസ്ഥാനിലെ ഭീകരവാദമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
കഴിഞ്ഞ മാസം തുറമുഖ നഗരമായ കറാച്ചിയിലെ പോലീസ് കോമ്പൗണ്ടിൽ ചാവേർ സ്‌ക്വാഡ് ഇരച്ചുകയറി അഞ്ച് പേരെ കൊലപ്പെടുത്തിയിരുന്നു. 
വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 80ലധികം ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട് അധികം വൈകാതെയാണ് പുതിയ സംഭവമുണ്ടായത്.
 

Latest News