ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും

അഗര്‍ത്തല- ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. തിങ്കളാഴ്ച അഗര്‍ത്തലയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിമാ ഭൗമിക്കിനെ പാര്‍ട്ടി പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. കേന്ദ്ര നേതൃത്വം ഇടപെടുകയും തങ്ങളുടെ പിന്തുണ മണിക് സാഹയ്ക്കാണെന്ന് അറിയിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയുടെ നേതൃത്വത്തിലാണ് ബി.ജെ.പി ത്രിപുരയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ
മാണിക്കോ പ്രതിമയോ ഇവരില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് എം.എല്‍.എമാര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.
2016 ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് മണിക് സാഹ. ബുധനാഴ്ചയായിരിക്കും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.

 

Latest News