Sorry, you need to enable JavaScript to visit this website.

റോഹിംഗ്യൻ അഭയാർഥികളുടെ ക്യാമ്പിൽ വൻ തീപ്പിടിത്തം; വീടുകൾ കത്തിനശിച്ചു

ധാക്ക- റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബംഗ്ലാദേശിലെ 'കോക്‌സ് ബസാർ' ക്യാമ്പിൽ വൻ തീപിടുത്തം.  2000 ത്തോളം വീടുകളാണ് കത്തിയമർന്നത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മ്യാന്മറിൽ നടന്ന ആഭ്യന്തര കലാപത്തിനിടെ ജീവരക്ഷാർത്ഥം ബംഗ്ലാദേശിലേക്ക് കുടിയേറിവരാണ് ഇവർ. 12000ത്തോളം റോഹിങ്ക്യകൾ ഭവനരഹിതരായി എന്നാണ് കണക്ക്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. 'ഏതാണ്ട് 2,000 ഷെൽട്ടറുകൾ കത്തിനശിച്ചു, 12,000 ത്തോളം മ്യാൻമർ പൗരന്മാരുടെ അഭയകേന്ദ്രം നഷ്ടമായെന്ന് ബംഗ്ലാദേശ് അഭയാർഥി കമ്മീഷണർ മിജാനുർ റഹ്മാൻ പറഞ്ഞു. തീപടരുന്നത് മൂന്ന് മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശത്തെ 35 പള്ളികളും 21 പഠന കേന്ദ്രങ്ങളും കത്തിനശിച്ചു. 

ഓരോ കുടിലുകളിലും നാല് മുതൽ അഞ്ച് വരെ ആളുകളാണ് താമസിക്കുന്നത്. ഇതിൽ പകുതിയും സ്ത്രീകളും കുട്ടികളുമാണ്. മുളകളും ടാർപോളിൻ ഷീറ്റുകളും കൊണ്ടാണ് കുടിലുകളുടെ നിർമാണമെന്നതിനാലാണ് തീ വളരെ പെട്ടെന്ന് പടർന്ന് പിടിച്ചത്.

2017 ഓഗസ്റ്റിൽ മ്യാൻമർ സൈന്യത്തിന്റെ അടിച്ചമർത്തൽ നടപടികളെ തുടർന്ന് ഏകദേശം 7,40,000 പേരാണ് പലായനം ചെയ്തത്. പതിറ്റാണ്ടുകളായി നടക്കുന്ന കുടിയേറ്റത്തിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ ഉണ്ടെന്നാണ് കണക്ക്. 2021ൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്, ഭരണം സൈന്യം ഏറ്റെടുത്തതിന് ശേഷം മ്യാൻമറിലെ സ്ഥിതി കൂടുതൽ വഷളാവുകയും കുടിയേറിയവർ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു.
 

Latest News