Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി വിപണി തകർച്ചക്കു ശേഷം തിരിച്ചുവരവിന്റെ ആശ്വാസത്തിൽ

ഓഹരി വിപണി തുടക്കത്തിലെ തകർച്ചക്കു ശേഷം തിരിച്ചു വരവ് കാഴ്ചവെച്ച ആശ്വാസത്തിലാണ്. അദാനി വിഷയത്തെ തുടർന്ന് രംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന പ്രാദേശിക നിക്ഷേപകരെ ആകർഷിക്കാൻ ആവശ്യമായ ചെപ്പടി വിദ്യകൾ വിദേശ ഓപറേറ്റർമാരിൽ നിന്നും പ്രതീക്ഷിക്കാം. നിഫ്റ്റി 128 പോയന്റും സെൻസെക്‌സ് 345 പോയന്റും കഴിഞ്ഞ വാരം വർധിച്ചു. ബുൾ ഓപറേറ്റർമാർ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ന് വിപണിയെ സമീപിക്കുക. 
ഇന്ത്യൻ മാർക്കറ്റ് പുതിയ ദിശയിലേക്ക് തിരിക്കാൻ സിംഗപ്പൂർ എക്‌സ്‌ചേഞ്ചിനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഒരു വിഭാഗം ഇടപാടുകാർ. 
എസ് ജി എക്‌സ് നിഫ്റ്റി ഇന്ത്യൻ നിഫ്റ്റിയെ അപേക്ഷിച്ച് 136 പോയന്റ് ഉയരത്തിൽ 17,730 ലാണ്. നമ്മുടെ വിപണി 17,594 പോയന്റിലും. വാരാന്ത്യത്തിലെ ആവേശം നിലനിർത്തി കൂടുതൽ മുന്നേറാൻ ഇത് അവസരം ഒരുക്കുമെന്ന കണക്കൂകൂട്ടലിലാണ് ഒരു വിഭാഗം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ. 
പോയ വാരം തുടക്കത്തിൽ 17,465 പോയന്റിൽ നിന്നും 17,255 ലേക്ക് സൂചിക ഇടിഞ്ഞ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ കാണിച്ച താൽപര്യം വാരാവസാനം ശക്തമായ കുതിപ്പിന് വഴിതെളിച്ചു. നാല് മാസത്തിനിടയിൽ ആദ്യമായി നിഫ്റ്റി സൂചിക ഒറ്റ ദിവസം 270 പോയന്റിൽ അധികം ഉയർന്നതും കഴിഞ്ഞ വെളളിയാഴ്ചയാണ്. മറുവശത്തു നിന്നും വീക്ഷിച്ചാൽ ഈ വർഷം നിഫ്റ്റിയിൽ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ കുതിപ്പിനെയാണ് വാരാന്ത്യത്തിൽ ഇടപാടുകാർ ദർശിച്ചത്. 
മാർക്കറ്റ് ക്ലോസിങിൽ 17,594 പോയന്റിൽ നിലകൊള്ളുന്ന സൂചിക അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയായ 17,350-17,400 റേഞ്ചിലെ സപ്പോർട്ട് നിലനിർത്തി മുന്നേറാം. എന്നാൽ 21 ദിവസങ്ങളിലെ ശരാശരിയായ 17,710-17,740 റേഞ്ചിൽ പ്രതിരോധത്തിനും ഇടയുണ്ട്. 
ഈ തടസ്സം നിഫ്റ്റി സൂചിക ഭേദിച്ചാൽ 17,890 പോയന്റിലെ ലക്ഷ്യമാക്കിയാവും തുടർയാത്ര.   വിപണിയുടെ ചലനങ്ങൾ മറ്റ് സാങ്കേതിക വശങ്ങളിലൂടെ വീക്ഷിച്ചാൽ ഡെയ്‌ലി ചാർട്ടിൽ  പാരാബോളിക് എസ് എ ആർ വിൽപനക്കാർക്ക് അനുകൂലമായാണ് സഞ്ചരിക്കുന്നത്. എം എ സി ഡി യും ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. 
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 59,463 ൽ നിന്നും ആദ്യ പകുതിയിലെ വിൽപന സമ്മർദത്തിൽ 58,795 ലേയ്ക്ക് ഇടിഞ്ഞ തക്കത്തിന് മുൻനിര ഓഹരികളിൽ ഓപറേറ്റർമാർ കനത്ത നിക്ഷേപത്തിന് തയാറായി. ഇതോടെ 59,967 വരെ മുന്നേറിയ ശേഷം വാരാന്ത്യം 59,808 പോയന്റിൽ നിലകൊള്ളുന്ന സെൻസെക്‌സ് ഈ വാരം 60,251 നെയാണ് ഉറ്റുനോക്കുന്നത്. 
ഈ നീക്കം വിജയം കണ്ടാൽ രംഗത്ത് നിന്ന് അകന്നു നിൽക്കുന്ന പ്രദേശിക ഇടപാടുകാർ പുതിയ ബയ്യിങിനെത്തും. അവരെ ആകർഷിക്കാൻ വിദേശ ഓപറേറ്റർമാർ അനുകൂല ചുവടുവെപ്പുകൾ നടത്തിയാൽ സ്വാഭാവികമായും സെൻസെക്‌സിന്റെ ദൃഷ്ടി 60,700 റേഞ്ചിലേയ്ക്ക് നീളാം. 
എന്നാൽ ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ സാങ്കേതികമായി സൂചിക 59,080 ലേയ്ക്ക് വഴുതാം. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.75 ൽ നിന്നും 81.65 ലേയ്ക്ക് ശക്തി പ്രാപിച്ച ശേഷം വാരാന്ത്യം 81.97 ലാണ്. 
ന്യൂയോർക്കിൽ സ്വർണത്തിലെ കുതിപ്പിനിടയിൽ ഓപറേറ്റർമാർ വിൽപനകൾ തിരിച്ചു പിടിക്കാൻ നടത്തിയ ശ്രമം മഞ്ഞലോഹത്തെ 1811 ഡോളറിൽ നിന്നും 1857 ഡോളറിലേയ്ക്ക് ഉയർത്തി. 21 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലേയ്ക്ക് വില ഉയർന്നത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തും. 1885-1904 ഡോളറിലേയ്ക്ക് വരും ദിനങ്ങളിൽ അവർ ഉയർത്താൻ ശ്രമം നടത്താം. നിലവിൽ വിപണിയുടെ സപ്പോർട്ട് 1842-1825 ഡോളറിലാണ്. 

Latest News