പ്രതിഛായകളിൽ തട്ടി വീഴരുത്

റായ്പ്പൂരിലെ പ്ലീനറി കഴിഞ്ഞതോടെ മുൻ ദേശീയ പാർട്ടിയുടെ പ്രതിഛായ വല്ലാതെ മിനുങ്ങുന്ന ലക്ഷണമാണ്. മോഡിയൊഴികെ മറ്റെല്ലാ വോട്ടറന്മാരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അടുത്ത നടപടി. നടപടി എന്തെന്നു വ്യക്തം. കന്യാകുമാരിയിൽനിന്നു കശ്മീർ വരെ വെച്ചു പിടിച്ചതുപോലെ അതേ കാലുകൾ കൊൽക്കത്ത മുതൽ ഗാന്ധിജിയുടെ സബർമതി വരെ നടക്കും.
തെക്കു വടക്കു കഴിഞ്ഞാൽ കിഴക്കു പടിഞ്ഞാറ്- അതാണ് മര്യാദ. ചുരുങ്ങിയപക്ഷം 'നവഖാലി'യും പോർബന്ദറും എവിടെയാണെന്ന വിവരമെങ്കിലും പാർട്ടിയുടെ ന്യൂജെൻ തലമുറയ്ക്കു പിടികിട്ടും. ദേശീയമായ ഏതു പ്രശ്‌നത്തെയും നേരിടാനുള്ള ചങ്കൂറ്റം തങ്ങളുടെ പാർട്ടിക്കുണ്ട് എന്ന് ഇതിനിടയിൽ കണ്ടുപിടിച്ച പ്രിയങ്കാജി യുറേക്കാ.. എന്നു വിളിച്ചു തുള്ളിച്ചാടിയെന്നു കേൾവി. അങ്ങനെ എന്തുകൊണ്ടും പ്രതിഛായ പുതുക്കുന്ന കാലമാണ്. തെളിച്ചു പറഞ്ഞാൽ 'ഇമേജ് പൂക്കുന്ന' കാലം. ഇതിനൊക്കെയുള്ള ഉൾപ്രേരണയ്ക്ക് കേരളത്തിലെ പഴയ 'ലീഡർ' പോലും കാരണഭൂതനാണെന്നതാണ് വാസ്തവം. പക്ഷേ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കവേയാണ് പ്രതിഛായ പുതുക്കിയത്. കുഞ്ഞുമാണിയുടെ കൈയിൽനിന്നു വാട്ടർ അതോറിറ്റി എടുത്തുമാറ്റി, തന്റെ പാർട്ടിയുടെ മേധാവിത്വം തെളിയിച്ചു. ഇന്നിപ്പോൾ അതല്ല കാലം. പാർട്ടി മെയിൻ റോഡിലാണ്. അതുകൊണ്ട് ഏവരെയും ആകർഷിച്ചു സംഘടനയ്ക്കുള്ളിലെത്തിക്കണം. അതിലേക്ക് തെരുവു നാടകങ്ങൾ, കസേരകളി, പഞ്ചഗുസ്തി എന്നിവ ഏർപ്പാടാക്കണം. രണ്ടെണ്ണം നിത്യവും പരിശീലിക്കുന്നവയാണല്ലോ. പിന്നീട് അവരുടെ തലവിധി. പുത്തൻ തലമുറയ്ക്ക് കൂടി സ്വീകാര്യമാകാൻ വേണ്ടി, മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന അഥവാ, ഉപഭോഗം നിയന്ത്രിക്കണമെന്ന സൂക്തം രേഖകളിൽ നിന്നും നീക്കം ചെയ്യും. മറ്റൊന്ന്, ഖദർ കുപ്പായം നിർബന്ധമല്ലെന്ന് പ്രഖ്യാപിക്കും. 
ജോഡോ യാത്രയിൽ രാഹുലൻ ധരിച്ചിരുന്ന ടീ ഷർട്ട് കണ്ടപ്പോൾ തന്നെ ബുദ്ധിമാന്ദ്യം ഇല്ലാത്തവർക്ക് അക്കാര്യം പിടികിട്ടിയിരുന്നു. എന്തുകൊണ്ടോ വി.എം. സുധീരൻജിക്കു മാത്രം അത്രയ്ക്കങ്ങു പിടിച്ചില്ല. അദ്ദേഹം മല്ലികാർജുന ഖാർഗേജിക്കു പ്രതിഷേധം അയച്ചിട്ടു കാത്തിരിക്കുകയാണ്. എൺപതു കഴിഞ്ഞ ഏതു മല്ലികാ ബാണൻ തന്റെ പൂവെച്ചു കൊടുത്താലും ന്യൂജെൻ അടുക്കണമെങ്കിൽ 'പൊതിയും സ്റ്റാമ്പും ടാബ്‌ലറ്റും' പോലും അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന കാലമാണെന്നോർക്കണം. ഖാർഗേജി തനിക്കു കിട്ടിയ മേൽപടി പ്രതിഷേധം 'ഇല്ലാത്ത ഹൈക്കമാന്റിന്' അയച്ച് മറുപടി വരുമ്പോഴേക്കും രണ്ടു തെരഞ്ഞെടുപ്പെങ്കിലും കഴിയും.
പ്രതിച്ഛായ മാറ്റാൻ ഇനിയും മാർഗങ്ങളുണ്ട്. മേഘാലയയിലെ സ്ഥാനാർഥികളുടെയും വോട്ടർമാരുടെയും പേരുകൾ വായിക്കണം. വായനാശീലം വളർത്തിയെടുക്കുന്ന കാര്യത്തിൽ 'റായ്പൂർ പ്ലീനറി' ഒന്നും മിണ്ടിയില്ല. പ്രമേയം തയാറാക്കിയവരുടെ വായനാശീലവും അതോടെ വ്യക്തമായി. സൺഷൈൻ മാക്രി, ഇവാൻ ബോതം, ജനറൽ പാലസ് ലൈൻ എന്നൊക്കെ പേരിട്ട് അതിർത്തി സംസ്ഥാനമായ മേഘാലയ 'പൂർവഘട്ടം കടന്ന് അന്യമാം ദേശങ്ങളിൽ വരെ വിളങ്ങുകയാണ്. മല്ലികാ ബാണനും ആന്റണിയും ചെന്നിത്തലയും വേണുഗോപാലുമൊക്കെ പേരുമാറ്റി അവതരിക്കുന്നതിലും തെറ്റൊന്നുമില്ല. ഏതായാലും ഈ കോലാഹലത്തിനിടക്ക് രണ്ടാം മഹാത്മാവോ, ചുരുങ്ങിയ പക്ഷം മന്മഥൻ സാറോ ആകാനുള്ള വി.എം. സുധീരൻജിയുടെ നീക്കം എവിടെയും ചെന്നെത്താൻ പോകുന്നില്ല. മദ്യവും ഖദറും സ്വന്തം പാർട്ടിയും അത്രമേൽ പരസ്പരം ഇഴുകിച്ചേർന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചു പോരുന്നത്. 
            ****        ****               ****

ലോകം മുഴുവൻ നിരീക്ഷിച്ചു പോരുന്ന ഒരു അസുലഭ വ്യക്തിത്വമാണ് ഗോവിന്ദൻ സഖാവിനുള്ളത്. ചെറുകിട സംരംഭങ്ങളുമായി ലോകത്തെമ്പാടുമുള്ള കണക്കുകൾ മനഃപാഠമാക്കിയ ശേഷം അദ്ദേഹം അവയിൽ മുപ്പതു ശതമാനം വരെ ഈ നാട്ടിലും പൊളിയാം എന്നു കണ്ടെത്തി. അടുത്ത മാർച്ച് 31-നകം ഒന്നര ലക്ഷമായി പുതുസംരംഭങ്ങൾ ഉയരാം എന്നു സഖാവ് പറയുമ്പോൾ ഒപ്പമുള്ളവർ രോമാഞ്ചമണിഞ്ഞ് മേശപ്പുറത്ത് കൈ ഉളുക്കും വരെ താഡിക്കുന്നു. പിന്നെ അവയിൽ മുപ്പതുവരെ പോക്കാണെന്ന വസ്തുത നിരത്തുമ്പോൾ റിസൽട്ടറിഞ്ഞ പത്താം ക്ലാസുകാരെ പോലെ സഖാക്കൾ വാടുന്നു. യഥാർഥത്തിൽ സെക്രട്ടറി സഖാവിന്റെ സേവനം ആനവണ്ടി കോർപറേഷന്റെ ഭാവി പ്രവചനത്തിനു കൂടി പ്രയോജനപ്പെടുത്തേണ്ടതാണ്. കൺസെഷൻ ടിക്കറ്റുകൾ  25 വയസ്സു കഴിഞ്ഞ 'പിള്ളേർക്ക്' ഇനി സ്വപ്‌നം കാണാൻ പോലും കഴിയില്ല. നിയമ ബിരുദമോ ഫിലോസഫിയോ എന്തുവേണേലും പഠിച്ചോട്ടെ; അതു ബസിൽ സഞ്ചരിച്ചു വേണ്ട. കേട്ടപാതി കേൾക്കാത്തപാതി കെ.എസ്.യുക്കാർ കോഴിക്കോട്ടു മന്ത്രിയുടെ കോലം കത്തിച്ചു. 
അതേ തീപ്പന്തം ഇനി ആനവണ്ടിയുടെ വീലുകളിലേക്കാകില്ലെന്ന് ആരു കണ്ടു? മഴ പെയ്താലും മണ്ണിടിഞ്ഞാലും നായ കടിച്ചാലും പ്രതിഷേധം വണ്ടി പുത്തനാണെന്നതാണ് നാട്ടുനടപ്പ്. നിയമ വിദ്യാഭ്യാസമുള്ള മന്ത്രിക്ക് കണക്കുകൾ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കായികാധ്യാപകനായിരുന്ന ഗോവിന്ദൻ മാഷിന് വളരെ അനായാസമായി അതു കൈകാര്യം ചെയ്യാനുമാകും. അടുത്ത ഒരു വർഷത്തെ ചെറുകിട പുതുസംരംഭങ്ങളിൽ മുപ്പതു ശതമാനം സ്വർഗലോകം പൂകും എന്നു പ്രവചിക്കാൻ കഴിയുന്ന ദേഹമാണല്ലോ. കൺസെഷൻ പ്രശ്‌നത്തിൽ എത്ര ആനവണ്ടികൾ ഇഹലോക വാസം വെടിയും എന്നു മുൻകൂട്ടി കാണാനും മാഷിനു കഴിയും. സഖാവിന്റെ സേവനം വേണ്ടവിധം ഉപയോഗിക്കണം. 
അഞ്ചു വർഷമെന്നത് 'ശ്ശടേ'ന്നു മരുമക്കത്തായത്തിന്റെ കാലം പോയതറിയാതെ പലരും 'ആപ്പിലും' ഫേക്ബുക്കിലു'മൊക്കെയായി പിണറായി സഖാവിനെ ട്രോളുന്നുണ്ട്. അവരോടു കണ്ണുതുറക്കേണമേ എന്നു മാത്രമേ പറയാനുള്ളൂ. മുഖ്യൻ ചികിത്സയ്ക്കും അല്ലാതെയും ടൂറ് പോയപ്പോഴൊന്നും റിയാസ് സഖാവിനെ ചുമതല ഏൽപിച്ചതായി രേഖകളില്ല. പ്രത്യേകിച്ച് ചാർജൊന്നും വേണ്ട; മറ്റൊരു സി.എം പേഴ്‌സണൽ സ്റ്റാഫിലുള്ളപ്പോൾ. സി.എം. രവീന്ദ്രൻ വരുത്തിവെച്ചുവെന്നു പറയപ്പെടുന്ന വിനകൾക്ക് എന്തു മാത്രം ഇ.ഡിക്കാരുടെ സമയനഷ്ടം വന്നുചേരുന്നുവെന്ന് ആരും അറിയുന്നില്ല. 'കൂടുതൽ വടക്കോട്ടു നോക്കണ്ട, താഴെ റോഡിൽ കാണുന്ന കുഴി അടച്ചാൽ മതി- എന്നു പറഞ്ഞ് ഉള്ളി സുരേന്ദ്രജി റിയാസ് മന്ത്രിയെ പരിഹസിക്കുകയും ചെയ്തു. എന്നിട്ടും സഹനശക്തിയോടെ ഭരണം മുന്നോട്ടു മാത്രം കൊണ്ടു പോകുകയാണ് ഒറിജിനൽ സി.എം. വല്ലപ്പോഴും കൺട്രോൾ വിട്ടുപോകുന്നെങ്കിൽ അതു നിയമസഭയിൽ മാത്രമാണ്. 
പഴയ വിജയനായിരുന്നെങ്കിൽ ഏതിനും മറുപടി പറയുമായിരുന്നു' എന്ന പിണറായിയുടെ വാക്കുകൾ കേട്ടിട്ട് സതീശനാശൻ പോലും പേടിച്ചില്ല എന്നു കാണുമ്പോൾ 'കാലത്തിന്റെ മാറ്റം' എന്നു തോന്നിപ്പോകും. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ ഒട്ടും കൂസാതെ നടന്നവനാണ് ഈ ഞാൻ എന്നു സഖാവിന്റെ വാക്കുകൾ കേട്ടിട്ടുള്ളവർക്ക് ഇപ്പോൾ സംശയം മറ്റൊന്നാണ് അദ്ദേഹം തിരുവന്തോരത്തെ മഹാരാജാവിന്റെ ആറാട്ടുഘോഷയാത്ര കണ്ടിട്ടു ചെന്നുകിടന്ന് ഉറങ്ങിയിരിക്കാം; തുടർന്നു സ്വപ്‌നം കണ്ടിരിക്കാം. 
ഏതായാലും ഇന്നത്തെ പിണറായി സഖാവിന് നാൽപത്തിരണ്ട് അകമ്പടി വാഹനങ്ങൾ ഒപ്പമുണ്ടെന്നാണ് കേൾവി. അമ്പട വീരശൂര മഹാവീരാ!

Latest News