ജിദ്ദ- പ്രമാദമായ ബന്ദർ അൽ ഖർഹദി വധക്കേസിൽ വധശിക്ഷ വിധിച്ചെതിനെതിരെ പ്രതിഭാഗം സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച അപ്പീൽ കോടതി നാളെ(ബുധൻ) മുതൽ പുനർ വാദം കേൾക്കുമെന്ന് ബന്ദർ അൽ ഖർഹദിയുടെ വക്കീൽ അബ്ദുൽ അസ്വീസ് ഖുലൈസി അറിയിച്ചു. കഴിഞ്ഞയാഴ്ച ജിദ്ദ ക്രിമിനൽ കോടതിയായിരുന്നു ഖർഹദി വധക്കേസിൽ പ്രതിക്കു വധശിക്ഷ വിധിച്ചത് . നഗരത്തിലെ സ്വദേശികൾക്കിടയിൽ വലിയ ചർച്ചയായ കൊലപാതകം അരങ്ങറിയത് 2022 ഡിസംബറിൽ സൗത്ത് ജിദ്ദയിലെ അമീർ ഫവാസ് ഇസ്‌ക്കാനിലായിരുന്നു. അഭിപ്രായ ഭിന്നത പറഞ്ഞു തീർക്കാനെന്ന പേരിൽ കൂട്ടുകാരൻ കൂടിയായ പ്രതി ഖർഹദിയെ വിളിച്ചു വരുത്തുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ കയ്യിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ചു ഖർഹദിയെ കാറിൽ ബലമായി പിടിച്ചിട്ട് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാനുള്ള നിലവിളിക്ക് ചെവികൊടുക്കാതെ പ്രതി സംഭവസ്ഥലത്തു നിന്നു ഓടിപ്പോകുകയും ചെയ്തു. ഏറെ വൈകാതെ സുരക്ഷാ വകുപ്പുകളുടെ പിടിയിലകപ്പെട്ട പ്രതി ജിദ്ദ ക്രിമിനൽ കോടതിയിൽ നടന്ന വിസ്താരവേളയിൽ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതക ലക്ഷ്യത്തോടെയായിരുന്നില്ല തീ കൊളുത്തിയതെന്ന് വാദിച്ചു. തീ ആളിപ്പടരുന്നതിന്റെയും ബന്ദർ അൽ ഖർഹദിയുടെ നിലവിളിയുടെയും വീഡിയോ സോഷ്യൽ മീഡിയ വഴി കാണാനിടയായ മാതാവ് രോഗബാധിതയായി ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ട സാഹചര്യമുണ്ടായിരുന്നു.യാതൊരു കാരണ വശാലും പ്രതിക്ക് മാപ്പ് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഖർഹദിയുടെ പിതാവ്.