ഏഷ്യാനെറ്റിലെ പോലീസ് പരിശോധന മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി

- വ്യാജവീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ല.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിൽപ്പെടുത്തിയിട്ട് മാധ്യമ പ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പത്രപ്രവർത്തനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
 
തിരുവനന്തപുരം -
കോഴിക്കോട് ഏഷ്യാനെറ്റ് ഓഫിസിലെ പോലീസ് പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുന്നത് അയാൾ ചെയ്യുന്ന തൊഴിൽ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും ഏഷ്യാനെറ്റിലെ പോലീസ് നടപടിയെ ബി.ബി.സി നടപടിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ പി.സി വിഷ്ണുനാഥിന്റെ  അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
  ഏഷ്യാനെറ്റിലെ പോലീസ് നടപടി ബി.ബി.സി റെയ്ഡുമായി താരതമ്യം ചെയ്യാനാവില്ല. ബി.ബി.സിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വർഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിർമാണമോ? അത് ഏതെങ്കിലും സർക്കാരിനോ  ഭരണാധികാരിക്കോ എതിരെയുള്ള തുറന്നുകാട്ടലല്ല. അതുകൊണ്ടുതന്നെ അതിൽ അധികാരത്തിലുള്ള ആർക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ പറഞ്ഞാൽ വിലപ്പോവില്ല.
 വ്യാജ വിഡിയോ നിർമാണവും സംപ്രേഷണവും മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിൽപ്പെടുത്തിയിട്ട് മാധ്യമ പ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പത്രപ്രവർത്തനമാണ്. അത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവർത്തകരും. വ്യാജ വീഡിയോ ഉണ്ടാക്കൽ, പെൺകുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങൾക്കും വേണം എന്നു വാദിക്കുന്നവർ, നാളെ ഒരാൾ വാർത്താ സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സത്കൃത്യമാവുമോ?-മുഖ്യമന്ത്രി ചോദിച്ചു.
  മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി എന്തെല്ലാമാകാമെന്ന് നിയതമായ കാര്യങ്ങളുണ്ട്. മാധ്യമസ്വാതന്ത്ര്യമെന്നത് അസത്യം പറയാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അത് സർക്കാർ പരിരരക്ഷിക്കും. മാധ്യമസ്വാതന്ത്ര്യത്തിൽനിന്ന് ധാർമികത ചോർത്തിക്കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉൽകണ്ഠ പ്രകടിപ്പിക്കേണ്ടത്. എതിർ അഭിപ്രായങ്ങൾ എഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. അത് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും രീതിയാണ്.
 ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണ്. പി.വി അൻവറിന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും വെള്ളയിൽ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തിൽ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാൽ പോലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവണ്മെന്റിലെങ്കിൽ അതാണോ ചെയ്യുക? ലഭിച്ച പരാതിയിൽ ശാസ്ത്രീയമായ അന്വേഷണം നടക്കും. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ നിയമത്തിനു മുന്നിലെത്തിക്കും. കുറ്റം ആരു ചെയ്താലും ആ നിലപാടിൽ മാറ്റമില്ല.
 സർക്കാരിനെതിരായ വാർത്ത കൊടുത്തതിന്റെ പേരിൽ പ്രതികാര നടപടി ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയർ, ന്യൂസ് ചെക്ക് എന്നിവയ്‌ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എൻ.ഡി.ടി.വിക്കെതിരെ. ആ നടപടികൾ ഒന്നും വാർത്തേതര കാര്യങ്ങൾ മുന്നിർത്തിയല്ല. സർക്കാരിനെതിരെ വാര്ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.
 കുറ്റകൃത്യം ചെയ്യുന്നത് മാധ്യമ പ്രവർത്തകരാണെങ്കിൽ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐ.പി.സിയും സി.ആർ.പി.സിയും. മാധ്യമ പ്രവർത്തകർ എന്നും അല്ലാത്തവരെന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേർതിരിച്ചു കാണുന്നുമില്ല-മുഖ്യമന്ത്രി വിശദീകരിച്ചു.
 

Latest News