മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു, രോഗം പടരുമെന്ന ആശങ്കയില്‍ അതീവ ജാഗ്രത

മലപ്പുറം: വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു.  സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം പകരാനുള്ള സാധ്യത കണക്കിലെടുക്ക് ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂവെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്‍കൂട്ടി കാണുന്നുണ്ട്.
വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. കൂടാതെ പല പ്രദേശങ്ങളില്‍ നിന്നും മാലിന്യം കൊണ്ട് വന്ന് പുഴയില്‍ തള്ളുന്ന സ്ഥിതിയുമുണ്ട്. ഇത് മൂലം പുഴയിലെ വെള്ളം മലിനമാകുകയാണ്.
കോളറ കണ്ടെത്തിയ ഉടന്‍ ഇത് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്.  പഞ്ചായത്ത് തല ദ്രുത കര്‍മ്മ സേന അടിയന്തരമായി യോഗം ചേരുകയും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പിനായി  പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്യുന്നുണ്ട്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുകയുടെ യുടെ നേതൃത്വത്തില്‍  വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു .മലിനജലം തുറന്ന് വിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും ഹോട്ടല്‍ ഉടമകള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍ :8547918270, 9496127586,9495015803.

 

Latest News