Sorry, you need to enable JavaScript to visit this website.

കൈക്കൂലി കൊടുക്കേണ്ട, 12 വയസ്സുകാരന് ജില്ലാ ആശുപത്രിയില്‍ തന്നെ ചികിത്സ കിട്ടും

ഇടുക്കി : തോളെല്ലിന് പരിക്കേറ്റ 12 വയസ്സുകാരന് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍. തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് കുട്ടിക്ക് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചത്. അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ലഭ്യമാക്കാനാണ് നടപടിയെടുത്തിട്ടുള്ളത്. പരാതി ഉയര്‍ന്ന ഉടന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറകട്‌റോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഇന്നലെയാണ്. വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരന്‍ നിജിന്‍ രാജേഷ് സൈക്കിളില്‍ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ നിജിന്‍ രാജേഷിനോട് ഡ്യൂട്ടി ഡോക്ടര്‍ എക്സറേ എടുക്കാന്‍ ആവശ്യപ്പെട്ടു. എക്‌സറേ എടുത്ത് അതിന്റെ റിസല്‍ട്ടുമായി വന്നപ്പോള്‍ ഡ്യൂട്ടിയില്‍ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്സ്‌റേ പരിശോധിച്ച ഡോക്ടര്‍ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടര്‍ മോശമായി പെരുമാറിയതായും, അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇറക്കിവിട്ടതായും നിജിന്‍ രാജേഷിന്റെ ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാനുള്ള പണമില്ലാത്തതിനാല്‍ കുട്ടിയെയും കൂട്ടി കുടുംബം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇക്കാര്യം വാര്‍ത്തയായി വന്നതോടെയാണ് ആരോഗ്യ മന്ത്രിയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇടുക്കി യൂണിറ്റും ഇടപെട്ടതും നിജിന്‍ രാജേഷിന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കുള്ള അവസരം ഒരുക്കിയതും. കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ചികിത്സ നിഷേധിച്ചെന്ന പരാതി തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

Latest News