ന്യൂദൽഹി- എട്ട് വയസ്സുള്ളപ്പോൾ പിതാവ് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ അംഗമായി അടുത്തിടെ ചുമതലയേറ്റ നടിയും ബി.ജെ.പി പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. മോജോ സ്റ്റോറിക്ക് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തക ബർഖ ദത്തുമായുള്ള സംഭാഷണത്തിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.
ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും കുട്ടിയുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു പിതാവ്. എന്റെ ദുരുപയോഗം ആരംഭിക്കുമ്പോൾ എനിക്ക് വെറും എട്ടു വയസ്സായിരുന്നു. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്.
മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോഴാണ് താൻ ഒരു നിലപാടെടുത്തത്. വർഷങ്ങളോളം വായ അടച്ചിരിക്കയായിരുന്നുവെന്ന് വീ ദ വിമൻ എന്ന പരിപാടിയിൽ അവർ കൂട്ടിച്ചേർത്തു.
അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം എന്തായാലും ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്. പക്ഷേ പതിനഞ്ചാം വയസ്സിൽ ഞാൻ അച്ഛനെതിരെ പൊരുതി തുടങ്ങി-ഖുശ്ബു പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)