Sorry, you need to enable JavaScript to visit this website.

ഖത്തർ ലോകകപ്പിനു ശേഷം സൗദിയിൽ ഫുട്‌ബോൾ വിപ്ലവം

തുറൈഫ്- 2022 ലെ ഖത്തർ ലോകകപ്പിനു ശേഷം സൗദിയിൽ ഫുട്‌ബോൾ വിപ്ലവത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ സൗദിയിലെങ്ങും ഫുട്‌ബോൾ പരിശീലനത്തിനെത്തുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നിരവധി ഫുട്‌ബോൾ പരിശീലന കേന്ദ്രങ്ങളാണ് പുതുതായി തുറക്കപ്പെട്ടത്. 
സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിലുള്ള ഫുട്‌ബോൾ ക്ലബുകളെല്ലാം മുമ്പെങ്ങുമില്ലാത്ത വിധം വലിയ ആവേശത്തിലും മത്സരങ്ങളിലുമാണ്. യുവാക്കളിലും വിദ്യാർഥികളിലും ഫുട്‌ബോളിനോടുള്ള ആവേശം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അന്നസർ ക്ലബിലെത്തിയതും കാരണങ്ങളിലൊന്നാണ്. ഇന്ത്യയിലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരം ചരിത്രത്തിലാദ്യമായി ഇന്ത്യക്കു പുറത്ത് കഴിഞ്ഞ ദിവസം നടത്തിയത് സൗദിയിലാണ്. 
സൗദിയിലെ മറ്റു നഗരങ്ങളെ പോലെ തുറൈഫിലെ യുവാക്കളിലും വിദ്യാർഥികളിലും ഇന്ന് കാണുന്ന പ്രവണത മികച്ച ഫുട്‌ബോൾ താരമാവുക എന്നതാണ്. ഒരു ഡസനോളം ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബിലും പ്രായത്തിനനുസരിച്ച് വിവിധ ഗ്രൂപ്പുകളാക്കി ഫുട്‌ബോൾ പരിശീലനങ്ങൾ നൽകുകയാണ്. പ്രത്യേകം തയാറാക്കിയ സിന്തറ്റിക്ക് ഗ്രൗണ്ടിൽ സമയം നിർണയിച്ച് വ്യവസ്ഥാപിതമായി ഫുട്‌ബോൾ കളിച്ച് മുന്നേറുകയാണ് എല്ലാവരും. പ്രത്യേകം കോച്ചുകളുടെ നേതൃത്വത്തിൽ ക്ലബ് ഭാരവാഹികളുടെ മേൽനോട്ടത്തിലാണ് പരിശീലന പരിപാടികൾ നടക്കുന്നത്. വിവിധ ടീമുകൾ പലപ്പോഴായി ടൂർണമെന്റ് ആയി മത്സരിക്കുന്നുമുണ്ട്. ഫുട്‌ബോൾ പ്രേമികളാണ് മിക്ക സൗദികളും. വനിതകളും അങ്ങനെ തന്നെ. കളിക്കാത്തവരിൽ കളി കണ്ട് ആസ്വദിക്കുന്നവർ ഏറെയാണ്. സൗദി അറേബ്യ ഖത്തറിൽ അരങ്ങേറിയ ലോക ഫുട്‌ബോൾ മത്സരത്തിൽ അത്ഭുതാവഹമായ മുന്നേറ്റം നടത്തിയതിനെ തുടർന്ന് കൂടുതൽ സ്‌കൂൾ വിദ്യാർഥികളും യുവജനങ്ങളും ഫുട്‌ബോൾ പ്രേമികളായി മാറിയിരിക്കുന്നു. തുറൈഫ് നഗരത്തിലെ വിവിധ ക്ലബുകൾ ഇതര നഗരങ്ങളിലെ ക്ലബുകളുമായി ചേർന്നും മത്സരങ്ങൾ നടത്തിവരുന്നു. ഓരോ ഫുട്‌ബോൾ പ്രേമിയും പറയുന്നത് സൗദി ലോക ഫുട്‌ബോൾ രാജാക്കന്മാരായി ഉയരുമെന്നാണ്. സൗദി കലാ കായിക വകുപ്പും നഗരസഭയും പൊതുജനങ്ങളും ഇവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു.

Latest News