മോഡിയുടെ അഭിമുഖങ്ങൾ മുൻകൂട്ടി തയാറാക്കിയ നാടകം; വിമർശനവുമായി രാഹുൽ

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുഇടങ്ങളിലെ അഭിമുഖങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും മുൻകൂട്ടി തയാറാക്കി നടത്തുന്ന നാടകങ്ങളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരപ്രേരണയില്ലാത്ത സ്വാഭാവിക ചോദ്യങ്ങൾ നേരിടുന്ന ആദ്യ പ്രധാനമന്ത്രിക്ക് മുൻകൂട്ടി എഴുതിതയ്യാറാക്കിയ ഉത്തരങ്ങളും തയാറാണെന്ന് രാഹുൽ ഒരു ട്വീറ്റിലൂടെ കളിയാക്കി. സിംഗപ്പൂർ സന്ദർശനത്തിനിടെ രണ്ടു ദിവസം മുമ്പ് നൻയാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിൽ നടന്ന മോഡിയുടെ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. 
ഈ അഭിമുഖത്തിനിടെ ഏഷ്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മോഡി നൽകിയ ഉത്തരം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ പരിഭാഷകൻ ഒരു പേപ്പറിലെഴുതിയ നീണ്ട കുറിപ്പ് വായിച്ചതാണ് സംശയങ്ങൾക്കിടയാക്കിയത്. മോഡിയുടെ ഉത്തരത്തിന്റെ ഭാഗമല്ലാത്ത ചില കാര്യങ്ങൾ കൂടി മറുപടിയായി പരിഭാഷകൻ വായിച്ചതോടെ അഭിമുഖത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും മുൻകൂട്ടി എഴുതിത്തയാറാക്കിയതാണെന്ന ഊഹം ശക്തമായി. 
പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മോഡി പലപ്പോഴും വിസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കലും യഥാർത്ഥ ചോദ്യങ്ങളെ നേരിടില്ലെന്നും രാഹുൽ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എല്ലാവർക്കും നാണക്കേടാകുമായിരുന്നെന്നും രാഹുൽ കളിയാക്കി. സിംഗപൂരിലെ മോഡിയുടെ അഭിമുഖത്തിലെ അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
 

Latest News