പട്‌ന- ജെ.ഡി.യുവിന് ബി.ജെ.പിയുമായുള്ള ഭിന്നത ശക്തമാകുന്നു. അടുത്ത വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിയു സംസ്ഥാനത്തെ 25 സീറ്റിൽ മത്സരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പവൻ വർമ പറഞ്ഞു.
നിതീഷാണ് ബിഹാറിന്റെ ബോസ്. അല്ലാതെ ബിജെപിയോ നരേന്ദ്ര മോഡിയോ എല്ല. അതു കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നതെന്നും പവൻ വർമ പറഞ്ഞു. ജെഡിയുവിന്റെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി അതിക്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് നിതീഷാണ്. അതിനാൽ ബിജെപിക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാനാവില്ലെന്നാണ് ജെഡിയു നൽകുന്ന സൂചന.
ഉപതെരഞ്ഞെടുപ്പിലെ തോൽവി നിതിഷീനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഈ രീതി തുടർന്നാൽ പിന്നെ സംസ്ഥാനത്ത് നിലനിൽപ്പില്ലെന്നും അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യം പോലും നിതീഷ് തീരുമാനിച്ചിരിക്കുന്നത്.
2009ൽ ബിജെപിയുമായി സഖ്യമുണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന സീറ്റുകൾ തന്നെ ഇപ്പോഴും വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അതായത് 25 സീറ്റിൽ അവർ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അങ്ങനെയെങ്കിൽ ബിജെപിക്ക് 15 സീറ്റ് മാത്രമേ ലഭിക്കൂ. മുഴുവൻ സീറ്റുകളിൽ മത്സരിച്ചാൽ പോലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയും. 2014ൽ 22 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിച്ചിരുന്നു. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎസ്പിയും എൻഡിഎക്കൊപ്പമുണ്ടായിരുന്നു.
എന്നാൽ 15 സീറ്റ് എന്ന ആവശ്യം ഒരിക്കലും ബിജെപിക്ക് സ്വീകാര്യമല്ല. ഈ സീറ്റിൽനിന്ന് സഖ്യകക്ഷികൾക്ക് വീതം വെച്ച് നൽകേണ്ട സീറ്റും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സഖ്യം തെറ്റിപ്പിരിയാൻ ഇത് കാരണമായേക്കും. ജെഡിയുവും ബിജെപിയും ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ തോറ്റതോടെ നിതീഷുമായി സീറ്റ് സംബന്ധിച്ച വിലപേശൽ നടക്കില്ലെന്നാണ് സൂചന.