ചെന്നൈ- ബിജെപിയുടെ തമിഴ്‌നാട് ഐടി സെൽ മേധാവി സി.ടി.ആർ. നിർമ്മൽ കുമാർ പാർട്ടി വിട്ട് അണ്ണാ ഡി.എം.കെയിൽ ചേർന്നു. അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറി കെ. പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.ഒരു വർഷമായി നിർമ്മൽ കുമാറും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നിരവധി പ്രശ്‌നങ്ങളും നാണക്കേടുകളും നേരിടേണ്ടി വന്നിട്ടും കഴിഞ്ഞ ഒന്നര വർഷമായി പാർട്ടിയ്‌ക്കൊപ്പം യാത്ര ചെയ്തുവെന്ന് നിർമ്മൽ കുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. സത്യസന്ധമായും അർപ്പണബോധത്തോടെയും ജോലി ചെയ്തിട്ടും വേദന മാത്രമേ അവശേഷിക്കുന്നുള്ളൂ."ഗുഡ്‌ബൈ" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. തന്റെ തീരുമാനത്തിന് അണ്ണാമലൈയെ അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാർട്ടി കേഡർമാരോട് മോശമായി പെരുമാറിയെന്നും അവരെ സംശയത്തോടെ നിരീക്ഷിക്കുകയായിരുന്നുവെന്നും നിർമൽ കുമാർ ആരോപിച്ചു.
പാർട്ടിയെയും കേഡർമാരെയും പരിഗണിക്കാതെ താൻ തന്നെയാണ് എല്ലാമെന്ന മനോഭാവത്തിലൂടെ മുന്നോട്ടു പോകുന്നതിനാൽ പാർട്ടി ദുരന്തത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും രാജിക്കത്തിനൊപ്പം പുറത്തിറക്കിയ ഒരു പേജ് കത്തിൽ നിർമ്മൽ കുമാർ പറഞ്ഞു.ഒരു ഡിഎംകെ മന്ത്രിക്ക് താൻ എതിരാണെന്ന് ബി.ജെ.പി പരസ്യമായി പറയുമ്പോൾ , ആ മന്ത്രിയുമായി അദ്ദേഹം വ്യക്തമായ ധാരണയിലാണെന്നും രഹസ്യ ബന്ധത്തിലാണെന്നും നിർമൽ കുമാർ പറഞ്ഞു. കള്ളത്തരം തുടരുന്ന ഇദ്ദേഹം ദ്രാവിഡ മോഡൽ മന്ത്രിമാരേക്കാൾ മോശമാണെന്നും സംസ്ഥാന ബിജെപിക്ക് മാത്രമല്ല സംസ്ഥാനത്തിനു തന്നെയും അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമൽ കുമാറിന്റെ രാജി സംസ്ഥാന ബിജെപിക്ക് കനത്ത ആഘാതമാണ്. ബിജെപി വനിതാ നേതാവും നടിയുമായ ഗായത്രി രഘുറാമും നേരത്തെ പാർട്ടി വിട്ടിരുന്നു, ഒബിസി മോർച്ച സംസ്ഥാന നേതാവ് തിരുച്ചി സൂര്യയും അടുത്തിടെ പാർട്ടി വിട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)