Sorry, you need to enable JavaScript to visit this website.

ഉന്നത തസ്തികകള്‍ വേണമെന്ന് പുതിയ മന്ത്രിയോട് സൗദി യുവാക്കള്‍

റിയാദ്- സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് പുതിയ തൊഴിൽ മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഊന്നൽ നൽകണമെന്ന് സൗദി യുവാക്കൾ ആവശ്യപ്പെട്ടു. നിലവിലെ സൗദിവൽക്കരണ സംവിധാനം പുനഃപരിശോധിക്കണം. ഉന്നത തസ്തികകൾ മുതൽ താഴോട്ട് സൗദിവൽക്കരണം നടപ്പാക്കുന്ന രീതി അവലംബിക്കണം. വിപുലമായ അധികാരങ്ങളുള്ള ഉന്നത തസ്തികകൾ വിദേശികൾക്ക് വിട്ടുകൊടുക്കുന്നത് സൗദി ജീവനക്കാർക്ക് തിരിച്ചടിയാകും. സ്ഥാപനങ്ങളിൽ നിന്ന് സൗദികളെ പുകച്ച് പുറത്തുചാടിക്കുന്നതിനും സൗദി യുവാക്കളുടെ തൊഴിൽ ശേഷികളിൽ സംശയം ഉന്നയിക്കപ്പെടുന്നതിനും ഉന്നത തസ്തികകളിലെ വിദേശികളുടെ സാന്നിധ്യം ഇടയാക്കും. 


ഏതു മേഖലയിലും വിജയകരമായി സൗദിവൽക്കരണം നടപ്പാക്കുന്നതിന് മാനേജർ, എക്‌സിക്യൂട്ടീവ് മാനേജർ, മാനവശേഷി വിഭാഗം മാനേജർ അടക്കമുള്ള ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുകയാണ് ആദ്യം വേണ്ടതെന്ന് ബി-ഫാം ബിരുദധാരിയായ സൗദി യുവാവ് അംജദ് അബ്ദുൽമുഈൻ പറഞ്ഞു. സൗദിവൽക്കരണ സംവിധാനത്തിൽ മാറ്റം വരുത്തുകയും നിയമ ലംഘകർക്കുള്ള ശിക്ഷകൾ കൂടുതൽ കടുത്തതാക്കുകയും ചെയ്താൽ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൗദി യുവാക്കൾക്ക് ലഭിക്കുകയുള്ളൂ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി യുവാക്കളെ വിദേശികളായ മാനേജർമാർ പലവിധേന കഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയുമാണെന്ന് അംജദ് അബ്ദുൽമുഈൻ പറഞ്ഞു.


വൻകിട കമ്പനികളുടെ ഓഫീസുകളിൽ പരിശോധന നടത്തി എക്‌സിക്യൂട്ടീവ് മാനേജർ, ഫിനാൻഷ്യൽ മാനേജർ, പ്രൊഡക്ഷൻ മാനേജർ പദവികളിൽ ജോലി ചെയ്യുന്നവർ ആരാണെന്ന് ഉറപ്പുവരുത്തുന്നതിന് അധികാരമുള്ള പ്രത്യേക കമ്മിറ്റികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രൂപീകരിക്കാതെ സൗദിവൽക്കരണ ശ്രമങ്ങൾ വേണ്ടവിധം വിജയിക്കില്ലെന്ന് കംപ്യൂട്ടർ ഡിപ്ലോമ ബിരുദധാരിയായ മുഹമ്മദ് അൽഫൈഫി പറഞ്ഞു. 
ചില കമ്പനികളിൽ മാനവശേഷി വിഭാഗം മാനേജർമാർ വിദേശികളാണ്. സെക്രട്ടറി ജോലിയിൽ ശോഭിക്കുന്നതിന് തനിക്ക് സാധിക്കും. എന്നാൽ തൊഴിലവസരം ലഭിച്ചാൽ വിദേശി മാനേജറുടെ ശല്യപ്പെടുത്തലുകൾക്ക് വിധേയനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൻകിട കമ്പനികൾ സെക്യൂരിറ്റി, റിസപ്ഷനിസ്റ്റ് തൊഴിലുകളിലേക്കാണ് സൗദികളെ തേടുന്നത്. ഇത്തരം തൊഴിലവസരങ്ങളാണ് അധിക കമ്പനികളും മുന്നോട്ടുവെക്കുന്നത്. അധികാരമുള്ള മാനേജ്‌മെന്റ്, സെക്രട്ടറി, എക്‌സിക്യൂട്ടീവ് തൊഴിലുകൾ കമ്പനികൾ വിദേശികൾക്ക് നീക്കിവെക്കുയാണെന്നും മുഹമ്മദ് അൽഫൈഫി പറഞ്ഞു.
സ്വതന്ത്ര തൊഴിൽ പദ്ധതികൾ എല്ലാ യുവാക്കളുടെയും ശേഷികൾക്ക് നിരക്കുന്നതല്ലെന്ന് അബ്ദുല്ല അൽഅംരി പറഞ്ഞു. തങ്ങളുടെ യോഗ്യതക്ക് അനുസരിച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് മുഴുവൻ ബിരുദധാരികൾക്കും അവകാശമുണ്ട്. വിദേശികൾ ജോലി ചെയ്യുന്ന ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിലൂടെ സൗദി യുവാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സാധിക്കും. ബഖാല സൗദിവൽക്കരണം, താഴെക്കിടയിലുള്ള മറ്റൊരു തൊഴിൽ മേഖലകളിലെ സ്വദേശിവൽക്കരണം എന്നീ പദ്ധതികൾ നീട്ടിവെക്കണമെന്നും പകരം വൻകിട കമ്പനികളിലെ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് മുൻഗണന നൽകണമെന്നും പുതിയ തൊഴിൽ, സാമൂഹിക വികസന മന്ത്രിയോട് അബ്ദുല്ല അൽഅംരി ആവശ്യപ്പെട്ടു.

 

Latest News