പി വി അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസില്‍ പൊലീസ് പരിശോധന

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന. പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തുന്നത്. വെള്ളയില്‍, നടക്കാവ് സിഐമാരുടെ നേതൃത്വത്തില്‍ വലിയൊരു പൊലീസ് സംഘമാണ് കോഴിക്കോട് ഓഫീസില്‍ ഇന്ന് രാവിലെ 10.45-ഓടെ ഏഷ്യാനെറ്റ് ഓഫീസില്‍ എത്തിയത്. കോഴിക്കോട് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.
മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ലേഖകന്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയാണുണ്ടായതെന്നാണ് പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ചത്. ഇത് പ്രകാരം പോലീസ് അന്വേഷണം നടത്തുകയും ഏഷ്യാനെറ്റിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ പോലീസിന്റെ പരിശോധന. ഇതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഏഷ്യാനെറ്റ്് ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Latest News