Sorry, you need to enable JavaScript to visit this website.

വളരും തോറും പിളരുന്ന കേരള കോണ്‍ഗ്രസിനെ സി പി എം ഒന്നിപ്പിക്കുമോ? ജോസ് കെ മാണിയെ നിലയ്ക്ക് നിര്‍ത്തും

തിരുവനന്തപുരം :  വിഘടിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാന്‍ സി പി എം കൊണ്ടുപിടിച്ച നീക്കങ്ങളാണ് നടത്തുന്നത്.  ഇടതു മുന്നണിയുടെ ഭാഗമായ  ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കെ ബി ഗണേശ് കുമാറിന്റെ കേരളാ കോണ്‍ഗ്രസ് ബി, സ്‌കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസ് എന്നിവയെയാണ് ലയിപ്പിച്ച് ഒറ്റപ്പാര്‍ട്ടിയാക്കാന്‍ സി പി എം ശ്രമിക്കുന്നത്. ഇതിന് പിന്നിലുള്ള ലക്ഷ്യം ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ നിലയക്ക് നിര്‍ത്തുകയെന്നതാണ്. എന്നാല്‍ കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് കടമ്പകളേറെയുണ്ട്. അധികാരത്തര്‍ക്കങ്ങളും സ്ഥാനമാനങ്ങളുമെല്ലാം ലയനത്തിന് വിലങ്ങുതടിയായി മാറിയേക്കാം.
ഇടതു മുന്നണിയില്‍ നിരവധി ചെറുപാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്  രാഷ്ട്രീയമായി ചില അസൗകര്യങ്ങള്‍ ഇടയാക്കുന്നുവെന്നാണ് സി പി എം നേതൃത്വം കണക്കു കൂട്ടുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവര്‍ക്കെല്ലാം  സീറ്റുകള്‍ വീതിക്കേണ്ടിയും വരുന്നു. അത് കൊണ്ട് തന്നെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു മുന്നണിയിലുള്ള മാണി ഗ്രൂപ്പ് ഒഴികെയുള്ള കേരള കോണ്‍ഗ്രസുകാരെ  ലയിപ്പിച്ച് ഒറ്റപാര്‍ട്ടിയാക്കാനാണ് സി പി എം ലക്ഷ്യമിടുന്നത്. മുന്നണിയില്‍ നിലവിലെ വലിയ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ്. അവരുടെ വിലപേശല്‍ ശക്തികുറയ്ക്കുക എന്ന ഉദ്ദേശവും  കേരളാ കോണ്‍ഗ്രസുകള ലയിപ്പിക്കുന്നതിന് പിന്നിലുണ്ട്. ലയനത്തിന് ശേഷം രണ്ട് ശക്തരായ കേരളാ കോണ്‍ഗ്രസുകള്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്നത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വളരയേറെ ഗുണം ചെയ്യും. തെരഞ്ഞെപ്പുകളില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ക്കായി വാശിപിടിക്കുന്നത് സി പി എമ്മിന് വലിയ തലവേദനയായിട്ടുണ്ട്. മാത്രമല്ല സി പി എം- മാണി ഗ്രൂപ്പ് കൂട്ടുകെട്ട് പ്രാദേശിക തലത്തില്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലും സി പിഎമ്മിലുണ്ട്.

 

 

Latest News