ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ അണയുന്നില്ല, വിഷപ്പുകയില്‍ മൂടി ദേശീയപാത

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിയാത്തത് മൂലം പരിസര പ്രദേശങ്ങള്‍ പുകയില്‍ മൂടുന്നു. പുക ദേശീയ പാതയിലേക്കും  പടര്‍ന്നു.  പാലാരിവട്ടം ബൈപ്പാസിലും കലൂര്‍ സ്റ്റേഡിയം പരിസരത്തും പുക പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കൊച്ചി പോര്‍ട്ട് ട്രെസ്റ്റില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ ഇന്നെത്തി തീ അണയക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. പുകയെ തുടര്‍ന്ന് ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഞായറാഴ്ച പരമാവധി വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഭാവിയില്‍ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും  ആവശ്യമായ നടപടികള്‍ വളരെ വേഗത്തില്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.അതേസമയം, തീപിടുത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തും. . വന്‍ പാരിസ്ഥിതിക ആഘാതമാണ് മാലിന്യ പ്ലാന്റില്‍ തീപിടിച്ചതു മൂലം ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുക.

 

Latest News