കേരളത്തില്‍ യു.ഡി.എഫ്- ലീഗ്-ബി.ജെ.പി- ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട്: എം.വി ഗോവിന്ദന്‍

തൃശൂര്‍ - കേരളത്തില്‍ യു.ഡി.എഫ്-ലീഗ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് രൂപപ്പെട്ടു കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥക്ക് തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഭാവി അപകടത്തിലാകുന്നത് തടയാന്‍ കേരളത്തിലെ ജനങ്ങളുടെ ഭാവി അവതാളത്തിലാക്കുകയാണ് അവര്‍.
കഴിഞ്ഞദിവസം തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 15 സീറ്റ് എല്‍.ഡി.എഫ് നേടിയിട്ടും മാധ്യമങ്ങള്‍ നിരത്തിയത് യു.ഡി.എഫിന് വന്‍ നേട്ടമെന്നാണ്. പ്രതിപക്ഷവും മാധ്യമങ്ങളും വന്‍ ആക്രമണം നടത്തിയിട്ടും മികച്ച വിജയമാണ് എല്‍.ഡി.എഫിന് ഉണ്ടായത്. എല്‍.ഡി.എഫ് പരാജയപ്പെട്ട നാലു സീറ്റില്‍ ബി.ജെ.പി വോട്ട്  കോണ്‍ഗ്രസിന് മറിച്ചു നല്‍കി. ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസും വോട്ടുനല്‍കി.
ജമാഅത്തെ-ആര്‍.എസ്.എസ് ചര്‍ച്ചയും അതിന് കോണ്‍ഗ്രസ് ഉത്തരം പറയാതെ മാറിനില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. രാജ്യത്തിനാകെ മാതൃകയായി കേരളത്തില്‍ വികസന മുന്നേറ്റവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനകം കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കും. നിലവിലുള്ള 64,006 അതിദരിദ്ര കുടുംബങ്ങള്‍ക്കും ഭക്ഷണവും ആരോഗ്യവും ചികിത്സയും നല്‍കി ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ   ഇതെല്ലാം  ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ്-ബി.ജെ.പി-ലീഗ് കൂട്ടുകെട്ട്  ശ്രമിക്കുന്നത്. തെറ്റായ പ്രവര്‍ത്തനരീതി സി.പി.എമ്മില്‍ വച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിയെ കൂടുതല്‍ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News