Sorry, you need to enable JavaScript to visit this website.

പൊതുവികാരം തീരുമാനിക്കേണ്ടത് കെ. മുരളീധരനല്ലെന്ന് ഡോ. സരിന്‍

റിയാദ് - എം.കെ രാഘവന്‍ പറഞ്ഞത് പാര്‍ട്ടിപ്രവര്‍ത്തകരുടെ പൊതുവികാരമാണെന്ന കെ.മുരളീധരന്‍ എം.പിയുടെ പ്രസ്താവന ശരിയായില്ലെന്നും പൊതുവികാരം തീരുമാനിക്കാന്‍ മുരളീധരന്‍ എം.പിക്ക് എന്താണവകാശമെന്നും  കെ.പി.സിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍. സൗദിയില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
പൊതുവികാരം അടയാളപ്പെടുത്തല്‍ മാധ്യമപ്രവര്‍ത്തകരാണ്. മുരളീധരന്‍ എം.പി ഇക്കാര്യം പാര്‍ട്ടി വേദികളിലാണ് പറയേണ്ടത്. പൊതുവേദികളില്‍ പറഞ്ഞത് ശരിയായില്ല. ഇത്തരം പ്രസ്താവനകള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അത് പാര്‍ട്ടിക്ക് ക്ഷീണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റിലേക്ക് എസ്.എഫ്.ഐക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി പ്രകോപനം സൃഷ്ടിച്ചത് മാധ്യമ വേട്ടയാണ്. ആരോപണങ്ങള്‍ക്കെതിരെ ഇത്തരം അടിച്ചുതകര്‍ക്കല്‍ നടത്തുകയാണെങ്കില്‍ ക്ലിഫ് ഹൗസ് അടക്കം ഭരണസിരാകേന്ദ്രങ്ങള്‍ അടിച്ചുതകര്‍ക്കേണ്ടിവരും.
എല്ലാ നിലക്കും ബി.ജെ.പിയുടെ തനി പകര്‍പ്പായി സി.പി.എം മാറിയിരിക്കുന്നു. മയക്കുമരുന്ന്, കള്ളക്കടത്ത് അടക്കമുള്ള ചീഞ്ഞളിഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണിപ്പോള്‍ സി.പി.എം. ഇവരില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ശ്രമം നടത്തിവരികയാണെന്നും അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബി.ജെ.പി ഭരണം വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ബി.ജെ.പിക്ക് കസേരയിട്ട് കൊടുത്ത് അവരെ കേരളത്തില്‍ പ്രതിഷ്ടിക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുവരുന്നു. അല്ലാതെ മോദി ഒരിക്കലും കേരള ഭരണം ബി.ജെ.പി പിടിക്കുമെന്ന് സ്വപ്‌നം കാണില്ല. കേരളത്തിന്റെ അവസ്ഥ ഒരിക്കലും ബിജെപിക്ക് അനുകൂലമല്ല. സി.പി.എം ബി.ജെ.പിയുമായി രഹസ്യം ബന്ധം സ്ഥാപിച്ച് കോണ്‍ഗ്രസിനെതിരെ ഒന്നിക്കാനുള്ള ശ്രമമുണ്ട്. ഇത് കേരള ജനത തിരിച്ചറയണം.  അനില്‍ ആന്റണി വരുന്നത് എ.കെ ആന്റണിയുടെ പാരമ്പര്യത്തില്‍നിന്നാണെന്നും പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ ചിന്തന്‍ ശിവിര്‍ വന്‍വിജയമായെന്നും കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് അവബോധം നല്‍കി ചിട്ടപ്പെടുത്തുകയാണ് ഇതുകൊണ്ടുദ്ദേശിച്ചതെന്നും ഇതിന്റെ തുടര്‍ച്ചയുണ്ടാവുമെന്നും ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് ശങ്കരപിള്ള പറഞ്ഞു.
ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് സലീം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം എന്നിവര്‍ സംബന്ധിച്ചു.

 

Latest News