പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം കുത്തനെ ഉയരുമ്പോഴും വാഹന വിപണി അതിവേഗ വളർച്ചയിലാണ്. പെട്രോൽ ഉൽപന്നങ്ങളുടെ വില ഏറ്റവും കൂടുതൽ ഉയർന്ന മാസമായിരുന്നു മെയ്. എന്നാൽ കഴിഞ്ഞ മാസം വാഹന വിൽപനയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ധന വിലവർധന ഇന്ത്യക്കാർക്ക് വാഹനങ്ങളോടുള്ള പ്രിയത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 11 മുതൽ 25 ശതമാനം വരെ വളർച്ച വാഹന നിർമാതാക്കൾ നേടിയതായാണ് കണക്കുകൾ. തുടർച്ചയായ രണ്ടാം മാസമാണ് വാഹന വിൽപനയിൽ മുന്നേറ്റം ഉണ്ടാകുന്നത്. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി ഇന്ത്യ, ഹോണ്ട കാർസ് എന്നീ കമ്പനികളാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്.
മാരുതി സുസുകി ഇന്ത്യ 26 ശതാനം വർധനയാണ് കഴിഞ്ഞ മാസം നേടിയത്. 1,72,512 യൂണിറ്റുകൾ വിറ്റഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ആഭ്യന്തര വിൽപന 24.9 ശതമാനം ഉയർന്ന് 1,63,200 യൂണിറ്റായി. 9312 യൂണിറ്റുകൾ കയറ്റി അയച്ച് ഈ രംഗത്ത് 48.1 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിലെ വിൽപന മുൻ വർഷത്തേക്കാളും 24.9 ശതമാനം കൂടുതലാണ്. സ്വിഫ്റ്റ്, എസ്റ്റിലോ, ഡിസയർ, ബലേനോ എന്നീ മോഡലുകളുടെ വിൽപന 50.8 ശതമാനം വർധിച്ചു.
ടാറ്റാ മോട്ടോഴ്‌സ് 54,295 യൂണിറ്റുകളുടെ വിൽപനയിലൂടെ 58 ശതമാനം വളർച്ചയാണ് നേടിയത്.
ആഭ്യന്തര വിൽപനയിൽ 56 ശതമാനമാണ് വർധന. 36,806 യൂണിറ്റുകൾ വിൽപന നടത്തി. പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 61 ശതമാനം വാർഷിക വളർച്ചയാണ് നേടിയത്. 17,489 യൂണിറ്റുകളാണ് മേയിൽ വിറ്റുപോയത്. എന്നാൽ കയറ്റുമതി 5.15 ശതമാനം താഴ്ന്ന് 3699 യൂണിറ്റിലെത്തി.
ഹോണ്ട കാർസിന് ആഭ്യന്തര വിൽപനയിൽ 41 ശതമാനം വളർച്ചയുണ്ടായി. 15,864 യൂണിറ്റുകളുടെ വിൽപന ഈ കാലയളവിൽ ഹോണ്ടക്കുണ്ടായി. 516 യൂണിറ്റ് കയറ്റുമതി നടത്തി. പുതിയ അമെയ്‌സിന്റെ പിൻബലത്തിലായിരുന്നു വളർച്ച. 9,789 യൂണിറ്റുകൾ വിറ്റു.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിൽപനയിൽ 11.44 ശതമാനം വളർച്ച നേടി. വിറ്റഴിച്ചത് 56,016 യൂണിറ്റ്. ആഭ്യന്തര വിൽപന 7.14 ശതമാനം വർധിച്ച് 45,008 യൂണിറ്റായി.
13113 പാസഞ്ചർ യൂണിറ്റുകൾ വിറ്റഴിച്ച് ടൊയോട്ടയും 20 ശതമാനം വളർച്ച നേടി. മഹീന്ദ്ര ആന്റ് മഹീന്ദ്ര 20,715 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് രണ്ട് ശതമാനം വളർച്ച ഈ സെഗ്‌മെന്റിലും ചെറു വാണിജ്യ വാഹനങ്ങളുടെ വിൽപനയിൽ 15 ശതമാനം വളർച്ചയും നേടി. ഫോർഡ് ഇന്ത്യ 9,069 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു.
ടു വീലർ വിൽപനയിലും കഴിഞ്ഞ മാസം മുന്നേറ്റമാണ് പ്രകടമായത്. ഹീറോ മോട്ടോകോർപ് 11 ശതമാനം വളർച്ച നേടി 7,06,365 യൂണിറ്റുകൾ വിൽപന നടത്തി. ബജാജ് ആട്ടോക്ക് 30 ശതമാനം വളർച്ചയാണുണ്ടായത്. 4,07,044 യൂണിറ്റുകൾ വിൽപന നടത്തി. 3,09,865 യൂണിറ്റുകൾ വിറ്റഴിച്ച് ടി.വി.എസ് മോട്ടോർ കമ്പനി 10 ശതമാനം വളർച്ച രേഖപ്പെടുത്തി. റോയൽ എൻഫീൽഡ് 74,697 യൂണിറ്റുകൾ വിൽപന നടത്തി 23 ശതമാനം വളർച്ച് കൈവരിച്ചു.