ഇന്ത്യൻ രാഷ്ട്രീയം ഏകാധിപത്യത്തിലേക്കോ?

സംഘപരിവാറിന്റെ ഹിന്ദത്വ രാഷ്ട്രീയമാണ് വർഷങ്ങളായി ഇന്ത്യയിൽ വെന്നിക്കൊടി പാറിക്കുന്നതെന്നാണല്ലോ എല്ലാവരും പറയാറുള്ളത്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലെ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ അതു ശരിയാണെന്നും കാണാം. എന്നാൽ വളരെ അടുത്ത വർഷങ്ങളിൽ അത് അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചതായും കാണാം. അതാകട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറയോടെയുള്ള ഏകാധിപത്യമെന്നതാണ്. അതായത് മോഡി എന്ന വ്യക്തിയിലേക്ക് ഇന്ത്യ ചുരുങ്ങുകയാണ്. 

 

ജനാധിപത്യ, മതേതരവാദികളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ തെരഞ്ഞെടുപ്പ് ഫലമാണ് ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിൽ നിന്നു വന്നിരിക്കുന്നത്. അടുത്ത കാലം വരെ സംഘപരിവാറിനു ബാലികേറാമലയായിരുന്ന വടക്കുകിഴക്കൻ മേഖലയിലും അവർ ആധിപത്യം പുലർത്തിക്കഴിഞ്ഞു. തങ്ങൾ ഇന്ത്യക്കാരല്ല എന്നു വിശ്വസിക്കുന്ന വലിയൊരു ഭാഗം ജനങ്ങൾ വസിക്കുന്ന മേഖലയാണിവ. പ്രത്യേകിച്ച് ഗോത്രവർഗ വിഭാഗങ്ങൾ. പല സംസ്ഥാനങ്ങളിലും സായുധ സമരങ്ങൾ പോലും നടക്കുന്നു. മറ്റൊരു സംസ്ഥാനങ്ങളിലും ഉപയോഗിക്കാത്ത ഭീകര നിയമങ്ങൾ കേന്ദ്രം ഈ മേഖലയിൽ പ്രയോഗിക്കുന്നു. അടുത്ത തങ്ങളുടെ ലക്ഷ്യം കേരളവും തമിഴ്‌നാടുമൊക്കെയാണെന്ന് പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസവും ഇതോടെ സംഘപരിവാർ നേടിക്കഴിഞ്ഞു. അവരത് പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പരമ്പരാഗത ശത്രുക്കളായ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചു നിന്നിട്ടും ത്രിപുരയിലെ ബി.ജെ.പി തേരോട്ടം തടയാനായില്ല. തീർച്ചയായും കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിക്ക് ക്ഷീണം തന്നെ. പ്രതിപക്ഷത്തെ തീരെ ഇല്ലാതാക്കാൻ അവർക്കായിട്ടില്ല എന്നത് ആശ്വാസമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ സി.പി.എം - കോൺഗ്രസ് സഖ്യം മുന്നിലെത്തുകയും ചെയ്തു. പക്ഷേ രാഷ്ട്രീയത്തിൽ അധികാരം പ്രധാന ഘടകമാണല്ലോ. അവിടെ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ ട്രിപ്പ മോത്ത 13 സീറ്റുകൾ നേടി എന്നതു ശ്രദ്ധേയമാണ്. ടിപ്ര മോത്തയുടെ ഗോത്രമേഖലയിലെ മികച്ച പ്രകടനമാണ് 13 സീറ്റുകൾ സമ്മാനിച്ചത്. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബി.ജെ.പിയുടെ സഖ്യകക്ഷിയും മറ്റൊരു ഗോത്രവർഗ പാർട്ടിയുമായ ഐ.പി.എഫ്.ടിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമേ നേടനായുള്ളു. ഗിരിവർഗ മേഖലയിൽ അത്രയൊന്നും സ്വാധീനം ബി.ജെ.പിക്കില്ല എന്നത് വ്യക്തം. എന്നാൽ സവർണ ഹിന്ദു വോട്ടുകൾ ഏകീകരിച്ചിട്ടുണ്ടെന്നു വ്യക്തം. 


നാഗാലാൻഡിലും ബി.ജെ.പി മുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞു. തങ്ങൾ ഹിന്ദു പാർട്ടിയല്ലെന്നും ക്രിസ്ത്യൻ വിഭാഗങ്ങളിൽ തങ്ങൾക്കുള്ള സ്വാധീനമാണ് ഈ വിജയം വ്യക്തമാക്കുന്നതെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം. മേഘാലയയിലും എൻ.പി.പി- ബി.ജെ.പി സഖ്യം തന്നെയാണ് ഭരണം നിലനിർത്തിയത്. എന്നാൽ ഇരു സംസ്ഥാനത്തും ബി.ജെ.പിക്ക് വലിയ നേട്ടമൊന്നുമില്ല എന്നതാണ് വാസ്തവം. ബി.ജെ.പിക്കൊപ്പമുള്ള പ്രാദേശിക പാർട്ടികളായ എൻ.പി.പിയും എൻ.ഡി.പി.പിയുമാണ് സീറ്റുകൾ വാരിക്കൂട്ടിയത്. അപ്പോഴും വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും അടുത്ത വർഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പോരാടാൻ വലിയ ഊർജം തന്നെയാണ് ഈ വിജയങ്ങൾ ബി.ജെ.പിക്ക് സമ്മാനിച്ചിരിക്കുന്നത് എന്നതിൽ സംശയം വേണ്ട.


ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന മറ്റൊരു മാറ്റത്തിന്റെ സൂചനയായി കൂടി വേണം ഈ തെരഞ്ഞെടുപ്പു ഫലത്തെ നോക്കികാണാൻ. സംഘപരിവാറിന്റെ ഹിന്ദത്വ രാഷ്ട്രീയമാണ് വർഷങ്ങളായി ഇന്ത്യയിൽ വെന്നിക്കൊടി പാറിക്കുന്നതെന്നാണല്ലോ എല്ലാവരും പറയാറുള്ളത്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലെ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ അതു ശരിയാണെന്നും കാണാം. എന്നാൽ വളരെ അടുത്ത വർഷങ്ങളിൽ അത് അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചതായും കാണാം. അതാകട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറയോടെയുള്ള ഏകാധിപത്യമെന്നതാണ്. അതായത് മോഡി എന്ന വ്യക്തിയിലേക്ക് ഇന്ത്യ ചുരുങ്ങുകയാണ് എന്നർത്ഥം. ഒരുപക്ഷേ ലോകചരിത്രം ഇന്നോളം കണ്ട ഏറ്റവും ശക്തനായ ഏകാധിപതിയായി മോഡി മാറിക്കൊണ്ടിരിക്കുകയാണ് എന്നു കരുതുന്നതിൽ തെറ്റില്ല. മുൻ ഏകാധിപതികളുടെ അനുഭവങ്ങളുടെ ചരിത്രം മുന്നിലുള്ളതിനാലും അവർക്കൊന്നുമില്ലാതിരുന്ന, നൂറുകണക്കിനു വർഷങ്ങളുടെ അപ്രഖ്യാപിത ഭരണഘടനയായിരുന്ന മനുസ്മൃതിയുടെ മൂല്യങ്ങളുടെ പിന്തുണയുള്ളതിനാലും ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞു തന്നെ മോഡിക്കത് സാധ്യമാകുന്നു. മാത്രമല്ല, കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലെ പ്രവർത്തനങ്ങളിലൂടെ മുസ്‌ലിം എന്ന ഭീകരനായ അപരനിൽ നിന്നു രാജ്യത്തെ രക്ഷിക്കുകയാണ് തങ്ങളെന്ന പൊതുബോധം സൃഷ്ടിക്കാനും മോഡിക്കും കൂട്ടർക്കുമായതും ഈ മാറ്റത്തെ എളുപ്പമാക്കുന്നു. 


തങ്ങളെന്തു ചെയ്താലും എത്ര തന്നെ എതിർപ്പു വന്നാലും തെരഞ്ഞെടുപ്പടുക്കുമ്പോൾ ഭൂരിപക്ഷം കൂടെ നിൽക്കുമെന്ന ആത്മവിശ്വാസം മോഡിയും കൂട്ടരും നേടിക്കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞ പിറ്റേന്നു തന്നെ പ്രഖ്യാപിച്ച പാചകവാതക വിലവർധനയും സാമ്പത്തിക രംഗത്തെ ഏകശക്തിയായി അദാനിയെ വളർത്തിയെടുക്കുന്നതുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രം. ഭരണമില്ലാത്തപ്പോഴാണ് സംഘപരിവാർ ശക്തികൾ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നും ഭരണമുള്ളപ്പോൾ അതുണ്ടാകില്ല എന്നുമുള്ള ഒരു വാദം നിലവിലുണ്ട്. രാജ്യത്ത് വൻതോതിലുള്ള വംശീയ ഉന്മൂലനം ഇപ്പോൾ നടക്കുന്നില്ലല്ലോ എന്നതാണവർ ഈ വാദത്തിനു ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പൗരത്വ ഭേദഗതി, കശ്മീരിനെ വെട്ടിമുറിക്കൽ, വിയോജിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിടലും വധിക്കലും, ബീഫിന്റെയും ശ്രീറാം വിളിയുടെയും പേരിലുള്ള കൊലകൾ തുടങ്ങിയവയെല്ലാം നടക്കുന്നത് അവർ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണല്ലോ. മാത്രമല്ല, ജനാധിപത്യത്തെ അട്ടിമറിച്ച് എത്രയോ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭകളെ പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏകീകൃത സിവിൽ കോഡും മതപരിവർത്തനം തടയലുമൊക്കെ അണിയറയിൽ തയാറാകുന്നു. സംഘപരിവാറിൽ പ്രതീക്ഷ കാണാനും ചർച്ചകൾക്കു പോകാനും ജനാധിപത്യ വാദികൾക്കാകില്ല എന്നർത്ഥം. 


ജനാധിപത്യ വാദികൾക്ക് ഇനി ഒരു പ്രതീക്ഷക്കും സാധ്യതയില്ല എന്നല്ല പറഞ്ഞുവരുന്നത്. ഇന്ത്യൻ ജനാധിപത്യം വളരെ കരുത്തുള്ളതു തന്നെയാണ്. ഇന്ത്യയിലെ അനന്തമായ വൈവിധ്യമാണ് അതിന്റെ ശക്തി. എന്നാൽ ജനാധിപത്യം മുന്നോട്ടു വെക്കുന്ന പുരോഗമന മൂല്യങ്ങളെ സംഘപരിവാർ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന മനുസ്മൃതി മൂല്യങ്ങൾ കടത്തിവെട്ടുന്നു എന്നതാണ് ഇപ്പോഴത്തെ ദുരന്തം. അതിനെ മറികടക്കാൻ ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് കഴിയണം. ഏകത്വത്തിനു പകരം നാനാത്വത്തെ ഉയർത്തിപ്പിടിക്കലാണ് അതിനുള്ള ഏകമാർഗം. സത്യത്തിൽ ഈ നാനത്വത്തിന്റെ രാഷ്ട്രീയ രൂപങ്ങളാണ് പ്രാദേശിക പാർട്ടികൾ. എന്നാലവയിൽ ഭൂരിപക്ഷവും തങ്ങളുടെ ചരിത്രപരമായ കടമ നിർവഹിക്കുന്നതു കാണുന്നില്ല. അവയെ കൂടി കൂടെ കൂട്ടി അധികാരത്തിലെത്താൻ ബി.ജെ.പിക്കു കഴിയുന്നു എന്നതാണ് വൈരുധ്യം.  
കണക്കുകൾ പ്രകാരം ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ബി.ജെ.പിക്കില്ല, വോട്ട് ചെയ്യുന്നവരിൽ 40 ശതമാനത്തിനു താഴെയാണ് അവരുടെ വിഹിതം. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ഇനിയും ജനാധിപത്യത്തെയും മതേതരത്വത്തെയും രാജ്യത്തെയും രക്ഷിക്കാനാകും. എന്നാൽ അതു സംഭവിക്കാത്തതാണ് ബി.ജെ.പിയുടെ വിജയം. അധികാര മോഹമടക്കമുള്ള താൽപര്യങ്ങളാൽ ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ എത്രയോ തവണ വിവിധ നേതാക്കളുടെയും പാർട്ടികളുടെയും മുൻകൈയിൽ അതിനുള്ള ശ്രമം നടന്നു. എന്നാലവയെല്ലാം പരാജയങ്ങൾ തന്നെ. ഏറെ ശ്രദ്ധേയമായ ഭാരത് ജോഡോ യാത്രയിൽ പോലും പ്രതിപക്ഷത്തിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായില്ല. കോൺഗ്രസ് നേതാക്കളാകട്ടെ, തെരഞ്ഞെടുപ്പു നടന്ന ഈ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് കാര്യമായി എത്തിയില്ല. ഇപ്പോഴിതാ ത്രിപുരയിലെ സഖ്യത്തിലൂടെ തങ്ങൾക്ക് നഷ്ടമാണുണ്ടായതെന്നും കോൺഗ്രസിനാണ് നേട്ടമുണ്ടായതെന്നും അതിനാൽ ഇനി സഖ്യം വേണ്ട എന്നുമുള്ള വാദം സി.പി.എമ്മിൽ ശക്തമാകുകയാണത്രേ. കോൺഗ്രസും സി.പി.എമ്മുമായി ഒരു സഖ്യവുമുണ്ടാകില്ലെന്ന് മമതയും പ്രഖ്യാപിച്ചിരിക്കുന്നു.  ഇത്തരത്തിലുള്ള മനോഭാവങ്ങൾ മാറ്റിവെച്ച് സംഘപരിവാറിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ അടിയുറച്ചു നിന്നാൽ ഒരുപക്ഷേ അതിനിയും സാധ്യമാകും. അത്തരമൊരു സന്ദർഭം വന്നാൽ ഏകാധിപത്യം അതിന്റെ തൽസ്വരൂപം കാണിക്കുമോ എന്ന ഭയം ന്യായമാണ്. എന്നാൽ ആത്യന്തിക ജയം ഏകാധിപത്യത്തിനാകില്ല, ജനാധിപത്യത്തിനാകുമെന്നതിൽ സംശയം വേണ്ട. പ്രതിപക്ഷം കാലത്തിന്റെ ആവശ്യം ഉൾക്കൊള്ളുമോ എന്നതു തന്നെയാണ് ആവർത്തിക്കുന്ന ചോദ്യം. 

Latest News