സുപ്രീം കോടതിയിൽ നിന്ന് കേട്ടത് വിവേകത്തിന്റെ ശബ്ദം

സുപ്രീം കോടതിയിൽ നിന്ന് നാം കേട്ടത് വിവേകത്തിന്റെ ശബ്ദമാണ്. പഠന വിധേയമാക്കേണ്ട പലതും അതിലുണ്ട്. ഇത്തരം അവിവേക പ്രവർത്തനങ്ങളിൽ പലപ്പോഴും ദുഷ്‌പേരുണ്ടാകുക ഹിന്ദു മതത്തിനാകും. ഇവിടെയും അതാണ് സംഭവിച്ചത്. നിരവധി നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യ ഭരിച്ച രാജാക്കന്മാരെ എല്ലാം വിദേശികളാക്കുന്നത് ചരിത്രപരമായ വിവരക്കേടാണ്. 


                           
രാജ്യത്തെ തിളപ്പിച്ച് ആളിക്കത്തിക്കുവാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? തലമുറകളെ ഭൂതകാലത്തിന്റെ തടവുകാരാക്കി രാജ്യത്തിന്റെ ചരിത്രത്തെ വേട്ടയാടരുത്. സമൂഹത്തെ ദുഷിപ്പിക്കുന്ന, നാശമുണ്ടാക്കാനുള്ള ഉപകരണമായി സുപ്രീം കോടതിയെ കരുതരുത്.  നിയമ വാഴ്ചയെയും മതേതരത്വത്തെയും ഭരണഘടന സംവിധാനങ്ങളെയും വരിച്ച നാടാണ് ഇന്ത്യ. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയായി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഓർമിപ്പിച്ചതാണ്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ നീതിയും തുല്യതയും ഉറപ്പു വരുത്തുന്നതാണ്
14 ാം അനുഛേദം. ഇതൊരു സമത്വ സുന്ദര റിപ്പബ്ലിക് ആക്കണമെന്നാണ് രാഷ്ട്ര നിർമാതാക്കളായ പൂർവ പിതാക്കൾ ചിന്തിച്ചത്.  ഭരണഘടനയുടെ ആമുഖത്തിലെ സാഹോദര്യമെന്ന സുവർണ തത്വത്തിനു ഏറെ പ്രാധാന്യമുണ്ട്. സൗഹൃദം മാത്രമേ നാടിനെ ഒരുമയോടെ മുന്നോട്ട് നയിക്കയുള്ളൂ.


കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് കേട്ട ഗർജനമാണിത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് അതിരൂക്ഷമായ ഈ പരാമർശങ്ങൾ നടത്തിയത്. ചരിത്ര സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിലെ ഒരു അഭിഭാഷകൻ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഗർജനം. ഒരു പ്രത്യേക മത വിഭാഗത്തിന്നെതിരെ വിരൽ ചൂണ്ടുന്നതാണ് ഹരജിയിലെ വാദങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഇതു ക്രൂരമാണ്. സമൂഹത്തിലെ ഒരു പ്രമുഖ വിഭാഗത്തോടാണ് ഹരജിക്കാരൻ ഏറ്റുമുട്ടുന്നത്. വിഭജിച്ചു ഭരിക്കുക എന്നത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർ നടത്തിയ കുതന്ത്രമാണ്. അതിലേക്ക് തിരിച്ചുപോകാൻ വാശി പിടിക്കരുത്. ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലെ പരമോന്നത കോടതി മതനിരപേക്ഷ വേദിയാണ്. പ്രശ്‌നത്തിന്റ മർമത്തു തന്നെയാണ് ജുഡീഷ്യറി കൈവെച്ചത്.


ആരെയും തൃപ്തിപ്പെടുത്താനല്ല, ഭരണഘടന ബാധ്യത നിറവേറ്റാൻ വേണ്ടിയാണ് ജഡ്ജിമാർ ബെഞ്ചിൽ ഇരിക്കുന്നത്. ചരിത്രം തിരുത്തി എഴുതാൻ നമുക്ക് കഴിയില്ല. ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥല നാമങ്ങൾ മാറ്റണം എന്നതായിരുന്നു ഹരജിക്കാരന്റെ ആവശ്യം.  നിരവധി ചരിത്ര സ്ഥലങ്ങളിൽ നിന്ന് ഹിന്ദുക്കൾ തുടച്ചു മായ്ക്കപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമല്ല, നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലും (പന്ത്രണ്ട് എന്നാണ് നിഗമനം.) ഇരുന്നൂറിലേറെ ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായിരിക്കയാണ്. മതപരമായ മൗലികാവകാശങ്ങൾ എല്ലാവർക്കും ഉണ്ടെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാണിച്ചപ്പോൾ ആ അവകാശം ഇന്ത്യക്കാർക്ക് മാത്രമേ ഉള്ളൂ എന്നും വിദേശ അധിനിവേശക്കാർക്കില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ മറുവാദം. ഔറംഗസീബിനും ലോഡിമാർക്കും ഗസ്‌നിക്കും ഇന്ത്യയിൽ എന്താണ് ബന്ധമെന്ന ചോദ്യവും ഉണ്ടായി. 'നിഷ്ഠുരന്മാരായ കടന്നു കയറ്റക്കാരുടെ' പേരുകളുള്ള സ്ഥലനാമങ്ങൾ മാറ്റണം.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജീവിത ശൈലിയാണ് നമ്മുടേത്. ഹിന്ദു മതത്തിൽ മതഭ്രാന്തിന് സ്ഥാനമില്ലെന്നും സാമൂഹിക ഐക്യം തകർക്കാൻ നോക്കരുതെന്നും ഓർമിപ്പിച്ച ജസ്റ്റിസ് ജോസഫും ജസ്റ്റിസ് നാഗരത്‌നയും ഹൈന്ദവ തത്വങ്ങൾ പഠിക്കാൻ അഭിഭാഷകനായ ഹരജിക്കാരനെ ഉപദേശിച്ചു. മുൻ രാഷ്ട്രപതിയും പ്രമുഖ തത്വചിന്തകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ 'ഹിന്ദു തത്വശാസ്ത്രം' വായിച്ചു പഠിക്കാൻ ജസ്റ്റിസുമാർ ആവശ്യപ്പെട്ടു. കേരളത്തിൽ ചർച്ചുകൾക്കും മസ്ജിദുകൾക്കുമുള്ള ഭൂമിയും പണവും നൽകിയത് ഹിന്ദു രാജാക്കന്മാരാണ്. അതാണ് ഇന്ത്യയുടെ ചരിത്രമെന്ന് മനസ്സിലാക്കണം -മലയാളി കൂടിയായ (കോട്ടയം സ്വദേശി) ജോസഫ് പറഞ്ഞു.


സുപ്രീം കോടതിയിൽ നിന്ന് നാം കേട്ടത് വിവേകത്തിന്റെ ശബ്ദമാണ്. പഠനവിധേയമാക്കേണ്ട പലതും അതിലുണ്ട്. ഇത്തരം അവിവേക പ്രവർത്തനങ്ങളിൽ പലപ്പോഴും ദുഷ്‌പേരുണ്ടാകുക ഹിന്ദു മതത്തിനാകും. ഇവിടെയും അതാണ് സംഭവിച്ചത്. നിരവധി നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യ ഭരിച്ച രാജാക്കന്മാരെ എല്ലാം വിദേശികളാക്കുന്നത് ചരിത്രപരമായ വിവരക്കേടാണ്. ഇന്നത്തെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ, അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങൾ എല്ലാം മുമ്പ് ഇന്ത്യൻ ഭൂമിക ആയിരുന്നു. അവിടത്തുകാരെല്ലാം ഇന്ത്യക്കാരായിരുന്നു. വൈദേശികരായിരുന്നില്ല. നമ്മുടെ പ്രധാനമന്ത്രിമാരായിരുന്ന മൻമോഹൻ സിംഗ്, ഐ.കെ. ഗുജറാൽ എന്നിവർ ലാഹോറിൽ ജനിച്ചവരാണ്. ഉപപ്രധാനമന്ത്രി ആയിരുന്ന എൽ.കെ. അദ്വാനി കറാച്ചിയിലും. ഇന്ന് ആ പ്രദേശങ്ങളെല്ലാം പാക്കിസ്ഥാനിലാണ്. അതുകൊണ്ട് ഇവർ വിദേശികൾ ആണെന്ന് പറയാനാവുമോ? പ്രമുഖ സിനിമ താരങ്ങൾ ആയിരുന്ന രാജ് കപൂർ, ദിലീപ് കുമാർ എന്നിവർ ഇന്നത്തെ പാക്കിസ്ഥാൻ പ്രദേശത്തുകാരാണ്. പാക് സർക്കാർ അവരുടെ വീടുകളും സ്‌കൂളുകളും ദേശീയ സ്മാരകങ്ങൾ ആക്കിയിട്ടുണ്ട്. അതുകൊണ്ട് അവരെ വൈദേശികൾ ആക്കാമോ. ഷഹീദ് ഭഗത് സിംഗിന്റെ കാര്യവും മറ്റൊന്നല്ല.


അതുപോലെ തന്നെയാണ് ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെയും അവസ്ഥ. അവർ 'ക്രൂര ഭരണാധികാരികൾ' ആയിരുന്നോ എന്നത് വിശദമായി ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. മുഗൾ ചക്രവർത്തി ബാബർ വന്നത് ട്രാൻസ്ഓക്‌സിയാനോയിൽ നിന്നാണ്. അന്നത് വിശാല ഇന്ത്യയിൽ പെട്ടതായിരുന്നു. പഞ്ചാബ് ഭാഗത്ത് നിന്നുള്ള ഹിന്ദു രാജാക്കന്മാർ ക്ഷണിച്ചിട്ടാണ് അദ്ദേഹം ദൽഹിയിൽ വന്നത്. ക്രൂരതയുടെ പ്രതീകമായിരുന്ന മംഗോളിയർ ഇന്ത്യൻ അതിർത്തി കടക്കുന്നത് തടഞ്ഞത് മുഹമ്മദ് ഗോറി ആയിരുന്നു എന്ന് ചരിത്രം പറയുമ്പോൾ  ഗോറി ഇന്ത്യക്കാരനായിരുന്നു എന്ന് വ്യക്തം. വൈദേശികൻ ആയരിക്കില്ല. ഔറംഗസീബിനെ കുറിച്ച് സുപ്രീം കോടതിയിൽ പരാമർശങ്ങളുണ്ടായി. അദ്ദേഹം അക്ഷരാർത്ഥത്തിൽ ഇപ്പോഴത്തെ ഇന്ത്യൻ പ്രദേശത്തുകാരൻ തന്നെ. നരേന്ദ്ര മോഡിയുടെ നാട്ടുകാരൻ.  ഗുജറാത്തുകാരൻ. ഗുജറാത്തിലെ ദഹൂദ് ജില്ലയിൽ 1618 ൽ ജനിച്ചു.  മരിച്ചത് അഹ്മദ് നഗറിൽ. ഇപ്പോൾ മഹാരാഷ്ട്രയിൽ. അതുകൊണ്ട് തന്നെ വൈദേശി പറഞ്ഞു പേര് മാറ്റൽ വിവരക്കേടാണ്. രാഷ്ട്രപതി ഭവനിലെ പ്രസിദ്ധവും മനോഹരവുമായ മുഗൾ ഗാർഡന്റെ പേർ അമൃത് ഉദ്യാൻ എന്നാക്കി. ചരിത്രത്തെ താമസ്‌കരിക്കുന്ന അർത്ഥശൂന്യമായ പേര്. ഒരു റോസ് പുഷ്പത്തെ മറ്റെന്തു പേരിൽ വിളിച്ചാലും അതിന്റെ സൗരഭ്യം മാറ്റാനാവില്ല എന്ന ഷേക്‌സ്പിയർ വാക്കുകൾ ഓർക്കുകയാണ്. സാഹചര്യമായി ചില പേരുകൾ മാറ്റേണ്ടിവന്നേക്കാം. അവയിലും വീണ്ടും മാറ്റങ്ങളുണ്ടാക്കിയതും കണ്ടു.  ദൽഹിയിലെ കിംഗ് വേയും ക്യൂൻ വേയും രാജ്പഥ്, ജൻപഥ് എന്നിങ്ങനെ ഒരിക്കൽ മാറ്റിയതാണ്. ഇപ്പോൾ രാജ്പഥ് കർത്തവ്യ പഥ് എന്നാക്കി മാറ്റി. ദൽഹി ഭരിച്ച ഉന്നതരായ മുസ്‌ലിം ഭരണാധികാരികളുടെ പേരുകൾ സ്ഥല നാമങ്ങളായി നൽകിയത് ചരിത്രപരമായ മഹത്വവൽക്കരണമാണ്. അവയെ മറ്റർത്ഥത്തിൽ വിദ്വേഷകരമായി കാണരുത്. അത് സങ്കുചിതത്വവും ഹൃദയ ശുദ്ധി ഇല്ലായ്മയുമാണ്. നാം ഇന്ത്യക്കാർ ഈ നിലയിൽ അധഃപതിക്കരുത്. അതാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി ഗർജിച്ചത്. പേരുമാറ്റ നാടകങ്ങൾ നാം അവസാനിപ്പിക്കണം. പോയ കാലത്തിന്റെ പവിത്രതയിൽ നിന്ന് ചരിത്രത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുത്തു ഒരു മനോഹര ഇന്ത്യ നാം കെട്ടിപ്പടുക്കണം. വിദ്വേഷത്തിന്റെ വിത്തുകൾ വിതച്ച് അവ നാശോന്മുഖമാക്കരുത്.

Latest News