Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനെ തള്ളി യു ഷറഫലി; ഛേത്രിയുടെ ഗോൾ നിയമപരമെങ്കിലും മാന്യമല്ലെന്ന് വിക്ടർ മഞ്ഞില

Read More

- കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നെറികേടിനെതിരെ പ്രതിഷേധിച്ചുവെന്നും അഭിമാനകരമായ തീരുമാനമെന്നും കളി എഴുത്തുകാരൻ സന്ദീപ് ദാസ്.

കൊച്ചി / ബംഗ്ലൂരു - ഐ.എസ്.എൽ പ്ലേ ഓഫിലെ വിവാദ ഫ്രീ കിക്ക് ഗോളിനെ തുടർന്ന് സ്‌റ്റേഡിയത്തിൽനിന്നും കളിക്കാരെ പിൻവലിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ തീരുമാനത്തിന് കട്ട പിന്തുണയുമായി ആരാധകർ രംഗത്തുവന്നിരിക്കെ, കോച്ചിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി.
 ഫ്രീകിക്ക് ഗോളിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്ന് യു ഷറഫലി പ്രതികരിച്ചു. കളി നടക്കവേ മൈതാനത്തുനിന്നും ടീമിനെ പിൻവലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും മാന്യമായ നടപടിയല്ലെന്നുമാണ് ഷറഫലിയുടെ അഭിപ്രായം. പ്രതിഷേധം രേഖപ്പെടുത്താൻ നിരവധി വഴികളും മാർഗങ്ങളുമുണ്ട്. റഫറിയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിൽ മാച്ച് കമ്മിഷണറെ സമീപ്പിച്ച് പരാതിപ്പെടാം. അല്ലെങ്കിൽ സംഘാടകർക്ക് അപ്പീൽ നൽകാം. എന്നാൽ ഗ്രൗണ്ടിൽ നിന്ന് ടീമിനെ പിൻവലിക്കുന്നത് ശരിയായ രീതിയായി തോന്നുന്നില്ലെന്നും ഷറഫലി പറഞ്ഞു.
 എന്നാൽ, ഷറഫലിയുടെ പ്രതികരണത്തോട് യോജിക്കുന്നവരും പൂർണമായും വിയോജിക്കുന്നവരും സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിട്ടുണ്ട്. കേരള കോച്ചിന്റെ നടപടി മാതൃകാപരമാണെന്നും ഐ.എസ്.എല്ലിന്റെ തുടക്കം മുതലേ റഫറിയിംഗിൽ വ്യാപകമായ പരാതി ഉണ്ടായിട്ടും ഒന്നും സംഭവിച്ചില്ലെന്നും ഇതുകൊണ്ടെങ്കിലും അധികൃതർ കണ്ണു തുറക്കുമെങ്കിൽ നല്ലതാണെന്നുമാണ് വലിയൊരു വിഭാഗം ഫുട്ബാൾ ആരാധകരും വ്യക്തമാക്കുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അതിനിടെ, സുനിൽ ഛേത്രി നേടിയ ഗോൾ നിയമപരമാണെങ്കിലും അത് മാന്യമായില്ലെന്നും, അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരു കളിക്കാരൻ ഇത്തരം മാർഗത്തിലൂടെ ഒരു മത്സരം ജയിക്കാൻ പാടില്ലായിരുന്നുവെന്നും ഇന്ത്യയുടെ മുൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില അഭിപ്രായപ്പെട്ടു. ബ്ലാസ്റ്റേഴസ് കോച്ച് ആ സാഹചര്യത്തിന്റെ ചൂടിൽ തന്റെ കളിക്കാരെ തിരിച്ചുവിളിച്ചിരിക്കാം. ഇത് റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചിന്തിക്കാൻ ഐ.എസ്.എൽ അധികൃതരെ പ്രേരിപ്പിച്ചെങ്കിൽ വളരെ നല്ല കാര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 അതേസമയം, ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നെറികേടിനെതിരെ പ്രതിഷേധിച്ചുവെന്നും തീരുമാനം അഭിമാനകരമാണെന്നും പ്രശസ്ത കളി എഴുത്തുകാരൻ സന്ദീപ് ദാസ് വ്യക്തമാക്കി.
 ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനെക്കുറിച്ച് ഓർക്കുമ്പോൾ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. ഇവാൻ കൈക്കൊണ്ട തീരുമാനത്തിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി സംഭവിച്ചു. ഒരുപക്ഷേ മഞ്ഞപ്പടയ്ക്ക് വലിയ ശിക്ഷയും ലഭിച്ചേക്കാം. എങ്കിലും ഇവാനെയും ബ്ലാസ്റ്റേഴ്‌സിനെയും നിരുപാധികം പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം.
 നമ്മുടെ കോച്ച് നെറികേടിനെതിരെ പ്രതിഷേധിച്ചു. അന്തസ്സോടെ നിലപാട് ഉയർത്തിപ്പിടിച്ചു. ആത്മാഭിമാനം സംരക്ഷിച്ചു. ഈ വക കാര്യങ്ങളെല്ലാം ഒരു കളിയുടെ റിസൽട്ടിനേക്കാൾ വലുതാണ്. അതുകൊണ്ട് ഇവാൻ പ്രശംസ അർഹിക്കുന്നു. സുനിൽ ഛേത്രി ഫ്രീകിക്ക് പായിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല. ഗോൾകീപ്പർ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി. തന്റെ ഗോളിനെക്കുറിച്ചുള്ള സാങ്കേതികമായ ന്യായീകരണങ്ങൾ ഛേത്രിയ്ക്ക് നിരത്താം. അദ്ദേഹത്തിന് ക്വിക് ഫ്രീ കിക്കിനെക്കുറിച്ച് വാചാലനാകാം. റഫറിയുടെ സമ്മതം ചോദിച്ചാണ് കിക്ക് എടുത്തതെന്നും വാദിക്കാം. പക്ഷേ, ആ ഗോളിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ലെന്ന് സന്ദീപ് ദാസ് കുറ്റപ്പെടുത്തി.
 പണ്ട് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെതിരെ അണ്ടർ ആം ബോളിങ്ങിലൂടെ ടൂർണ്ണമെന്റ് ജയിച്ചിട്ടുണ്ട്. അക്കാലത്ത് അണ്ടർ ആം ബോളിങ്ങ് ക്രിക്കറ്റിൽ നിയമവിധേയമായിരുന്നു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി കളി ജയിച്ചു. പക്ഷേ, ഗ്രെഗ് ചാപ്പലിന്റെ സഹോദരനായ ഇയാൻ ചാപ്പൽ പോലും ആ വിജയത്തെ തള്ളിപ്പറയുകയാണ് ചെയ്തത്! കാരണമെന്താണ്? കളിയിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്.
 ഇന്ത്യയിൽ ഫുട്‌ബോളിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് സുനിൽ ഛേത്രി പലതവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഗോൾ ഒരു നല്ല മാതൃകയാണോ? ഇത്തരം നീക്കങ്ങൾ ഇന്ത്യൻ ഫുട്‌ബോളിനെ തളർത്തുകയല്ലേ ചെയ്യുക? കളി ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം അപക്വമായി എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരക്കാർ ഒരു കാര്യം മനസ്സിലാക്കണം. സ്‌പോർട്‌സിൽ ആനന്ദത്തിനു മാത്രമല്ല, പ്രതിഷേധത്തിനും ഇടമുണ്ട്. വർണ്ണവെറിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വലൻസിയ, ജർമ്മനി മുതലായ ടീമുകൾ ഫുട്‌ബോൾ മൈതാനത്തിൽനിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം മോഹൻ ബഗാൻ പോലും പണ്ട് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അർജുന രണതുംഗ എന്ന ക്യാപ്റ്റൻ അധികാരികളോട് കലഹിച്ചത് മൂലമാണ് മുത്തയ്യ മുരളീധരൻ ഇതിഹാസതുല്യനായ ബോളറായി മാറിയത്. അമ്പയർക്കെതിരെ പ്രതിഷേധിക്കുന്ന ടെന്നീസ് താരങ്ങളെയും നമുക്ക് പരിചയമുണ്ട്. അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കക്കാരൻ കൊല്ലപ്പെട്ടപ്പോൾ കായികലോകം കണ്ണുനീർ പൊഴിച്ചിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് മുട്ടുകുത്തി നിന്ന് കറുത്ത വർഗക്കാരോട് ഐക്യപ്പെടുന്ന സ്‌പോർട്‌സ് താരങ്ങളെ നാം പതിവായി കാണുന്നതല്ലേ? ഈ സാഹചര്യത്തിൽ എന്തിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണത്തെ എതിർക്കുന്നത്? 
ഐഎസ്എല്ലിലെ റഫറീയിങ്ങ് ഒരുപാട് മെച്ചപ്പെടാനുണ്ട്. ചില കണ്ണുകൾ തുറപ്പിക്കാൻ വലിയ കലഹങ്ങളും പ്രതിഷേധങ്ങളും ആവശ്യമായി വരും. ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം. ഒരുപാട് ടീമുകൾ അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചേക്കാം. പ്രിയ ഇവാൻ, നിങ്ങൾ തന്നെയാണ് ശരി. നിങ്ങൾ മാത്രമാണ് ശരി...സന്ദീപ് ദാസ് എഫ്.ബിയിൽ വ്യക്തമാക്കി.

Latest News