Sorry, you need to enable JavaScript to visit this website.

പാർട്ടിയിൽ അവസരങ്ങൾ ഉള്ളവർ അവിടെ പറയണം; മുന്നിലുള്ളത് വലിയ ലക്ഷ്യങ്ങളെന്ന് കെ.സി വേണുഗോപാൽ

ആലപ്പുഴ - കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തീർക്കാവുന്നതേയുള്ളൂവെന്നും ഏതെങ്കിലും പ്രസ്താവനയിൽ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ടത് പാർട്ടി വേദികളിലാണെന്നും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവന്റെ വിവാദ പ്രസ്താവനയിൽ മാധ്യമങ്ങൾ അഭിപ്രായം തേടിയപ്പോഴായിരുന്നു കെ.സി ഇപ്രകാരം പ്രതികരിച്ചത്.
  ഞങ്ങളുടെ പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. അതൊക്കെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് പാർട്ടിക്കുള്ളത്. പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചയുണ്ടാകുന്നത് കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതിനാലാണ്. എത്രവരെ പോയാലും പാർട്ടി കാര്യങ്ങൾ പുറത്തു ചർച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാർട്ടിയിൽ അവസരങ്ങൾ ഉള്ളവർ പാർട്ടിയിൽ സംസാരിക്കണം. പരസ്യ പ്രതികരണം ഗുണം ചെയ്യില്ല. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ഞങ്ങൾക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ് ചെറിയ ലക്ഷ്യങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനകത്ത് നടക്കുന്നത് നിങ്ങൾ ചോദിക്കാറില്ലല്ലോ അദ്ദേഹം വിമർശിച്ചു.
 സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലെ അവസ്ഥയെന്നായിരുന്നു എം.കെ. രാഘവൻ എം.പി പറഞ്ഞത്. രാജാവ് നഗ്‌നനാണെന്നു പറയാൻ ആരും തയ്യാറല്ല. പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമർശം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവൻ പറഞ്ഞിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ വി.എം സുധീരന് അഡ്വ. പി ശങ്കരന്റെ പേരിലുള്ള അവാർഡ് സമർപ്പണ ചടങ്ങിലായിരുന്നു വിവാദ പ്രസംഗം.
 

Latest News