ഹോട്ടലുകളില്‍ ബിരിയാണി, ഊണ്‍ വില കൂട്ടി പലേടത്തും വിലവിവര പട്ടിക അപ്രത്യക്ഷമായി 

കോഴിക്കോട്- കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിലക്കയറ്റ അനുകൂല സമീപനത്തെ തുടര്‍ന്ന് കേരളത്തിലെ ചെറിയ ഹോട്ടലുകളില്‍ പോലും ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കൂട്ടിത്തുടങ്ങി. കേന്ദ്രം പാചക വാതകത്തിന് വില കൂട്ടിയപ്പോള്‍ എല്ലാറ്റിനും വില കൂടാന്‍ സാഹയകമാവുന്ന വിധത്തിലായിരുന്നു കേരള ബജറ്റ്. സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ ഇടപെടില്ലെനന് സവിശേഷത കൂടിയുണ്ട്. ഏത് കച്ചവടക്കാരനും തോന്നിയ വില ഈടാക്കാം. കോഴിക്കോടാണ് മര്യാദയുടെ നഗരമാണെന്ന് കരുതി വില അറിയാതെ വല്ലതും കഴിച്ചാല്‍ പണി കിട്ടും തീര്‍ച്ച. വലിയ ഹോട്ടലുകളിലൊന്നും താരിഫ് ബോര്‍ഡുകളില്ല. മാവൂര്‍ റോഡിലെ പ്രശസ്ത ഹോട്ടലില്‍ നോണ്‍ വെജ് ഭക്ഷണത്തിന്റെ ബില്ല് കണ്ട് ഞെട്ടുന്ന ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ പതിവു കാഴ്ചയാണ്. ബ്ലേഡ് കൊണ്ട് മുറിച്ച അയക്കൂറ പൊരിച്ചതിന് നൂറോ എന്ന് ചോദിക്കുന്നതും കേള്‍ക്കാം. കല്ലായിയിലെ ചെറിയ ഹോട്ടലില്‍ വില വിവര പട്ടികയുണ്ട്. ഗ്യാസിന് കൂടി വില കൂടിയതോടെ ഗത്യന്തരമില്ലാതെ ഇവര്‍ ചെറുതായി വില കൂട്ടി. ഇന്നലെ വരെ നാല്‍പത് രൂപയ്ക്ക് വിറ്റ ഊണിന് ഇപ്പോള്‍ 45 രൂപയാണ്. ചിക്കന്‍ ബിരിയാണി നൂറില്‍ നിന്ന് 120 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. 
വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് മാര്‍ച്ച് ഒന്നിന് വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഹോട്ടലുടമകളും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കണം. നേരത്തെ ഇത് 1773 രൂപയായിരുന്നു. തിരുവനന്തപുരത്തും ചില ഹോട്ടലുകള്‍ ഊണിന് അഞ്ച് രൂപ വരെ കൂട്ടി. 
കൊച്ചി, തൃശൂര്‍ നഗരങ്ങളിലൊന്നും പ്രൈസ് ലിസ്റ്റ് കാണാനേയില്ല. എറണാകുളം സൗത്തില്‍ ബിരിയാണിക്ക് 250 രൂപയ്ക്ക് മുകളില്‍ ഈടാക്കും. വൃത്തിഹീനമായ തലശേരി-മലബാര്‍ ഹോട്ടലുകള്‍ പലതും കൈകാര്യം ചെയ്യുന്നത് മറുനാടന്‍ തൊഴിലാളികളാണ്. എന്നാല്‍ ആലുവ പുഴയോട് ചേര്‍ന്നുള്ള ഭോജനശാലകള്‍ മര്യാദക്കാരാണ്. രുചിയുള്ള വിഭവങ്ങള്‍ക്ക് റീസണബിള്‍ പ്രൈസേ ഈടാക്കുന്നുള്ളു. കോഴിക്കോട്ടെ ചില പെട്ടിക്കടക്കാര്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തുമാകാമെന്ന നിലയിലാണ്. കേരളത്തിലെല്ലായിടത്തും ലൈം സോഡക്ക് പത്ത് രൂപയാണ് നിരക്ക്. പി.എം താജ് റോഡിലെ ഒരു പെട്ടിക്കടക്കാരന്‍ ബുധനാഴ്ച മുതല്‍ പതിനഞ്ച് രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഭരണ സംവിധാനങ്ങള്‍ ഏതാണ്ട് നിഷ്‌ക്രിയമായ സാഹചര്യം എല്ലാവരും മുതലെടുക്കുന്നു. 

Latest News