വയറ്റില്‍ കുടുങ്ങിയ കത്രിക ആരുടേത് ? അതറിയാന്‍ വേണ്ടിയാണ് ഹര്‍ഷിനയുടെ സമരം

കോഴിക്കോട് : ഹര്‍ഷിനയ്ക്ക് അതറിഞ്ഞേ പറ്റൂ. ശസ്ത്രക്രിയക്കിടെ തന്റെ വയറ്റില്‍ കുടുങ്ങിയ കത്രിക ആരുടേതാണെന്ന്.  ഇതറിയാനായി  ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. കത്രിക എങ്ങനെ വയറ്റില്‍ വന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നീതി കിട്ടും വരെ സമരം തുടരാനാണ് തീരുമാനമെന്ന് ഹര്‍ഷിനയും  പറയുന്നു.
 ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്.ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിങില്‍ വയറ്റില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിനിടയിലാണ് ഹര്‍ഷിനയുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നത്.

 

 

Latest News