എടപ്പാള്‍ പീഡനം പുറത്തു കൊണ്ടുവന്ന തീയെറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം- എടപ്പാളില്‍ തീയെറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവം പുറത്തു കൊണ്ടു വന്ന ശാരദ തീയെറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയതിനാണ് സതീഷിനെതിരെ കേസെടുത്തത്. സതീഷിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാളാണ് കൊച്ചു പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പമിരുത്തി പീഡിപ്പിച്ചത്. തീയെറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യം പുറത്തെടുത്ത് സതീഷ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതും മൊയ്തീന്‍ കുട്ടി പിടിയിലായതും. ഏപ്രില്‍ 18-നു നടന്ന സംഭവം 25-നാണ് ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. സംഭവം പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ വൈകിയതോടെയാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടത്. പോലീസിന്റെ ഭാഗത്തു നിന്ന് തുടക്കം മുതലുണ്ടായ വീഴ്ചയെ മറക്കാന്‍ പോലീസ് പ്രതികാരമാണ് സതീഷന്റെ അറസ്റ്റെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

Latest News