ഇടുക്കി-ജില്ലയിൽ നാല് മാസത്തിനിടെ ജലം കവർന്നത് പതിനൊന്ന് ജീവൻ. അതിൽ ഏഴും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ. വ്യാഴാഴ്ച മാങ്കുളത്ത് കാലടി മഞ്ഞപ്രയിൽ നിന്നെത്തിയ മൂന്നു സ്‌കൂൾ വിദ്യാർഥികളുടെ ജീവനാണ് ഒടുവിൽ നഷ്ടമായത്. കണ്ണാടി പോലെ തിളങ്ങുന്ന പ്രതലത്തിനുളളിൽ മരണം ഒളിപ്പിച്ച മാങ്കുളം വല്യപാറക്കുട്ടി നല്ലതണ്ണിയാറിൽ രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് അഞ്ചു ജീവനാണ്. വെളളച്ചാട്ടങ്ങളിലും പുഴകളിലും അപകടമരണം തുടരുമ്പോഴും പ്രതിരോധ നടപടികൾ എടുക്കേണ്ടവർ ഉറക്കത്തിലാണ്.
ഫെബ്രുവരി 19ന് വല്യപാറക്കുട്ടി പുഴയിൽ എറണാകുളം നെട്ടൂർ സ്വദേശികളായ അമ്പലത്തിങ്കൽ മാത്യു - മായ ദമ്പതികളുടെ ഏക മകനും ഔർ ലേഡി മേഴ്സി സ്‌കൂൾ അരൂർ പ്ലസ് ടു വിദ്യാർഥിയുമായ അമിത് മാത്യു (17) മരിച്ചിരുന്നു. പുഴയിൽ ഇറങ്ങിയ അമിത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിലെ വെള്ളക്കെട്ടിൽ മുങ്ങിപ്പോകുകയായിരുന്നു. യുവ എഞ്ചിനീയർ ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ(42) മക്കളുടെ മുന്നിൽ ഈ പുഴയുടെ ആഴങ്ങളിലേക്ക് പോയത് കഴിഞ്ഞ 26ന്.
നവംബർ 14 ന് പൊൻമുടി ഡാമിൽ മീൻ പിടിയ്ക്കാനെത്തിയ രാജക്കാട് മുണ്ടപ്പിള്ളിൽ ശ്യാംലാൽ (24) മുങ്ങി മരിച്ചിരുന്നു. ജനുവരി 29ന് ചെന്നൈ ഫോർത് പെരിയ സ്ട്രീറ്റ് നഗർ സ്വദേശിയും, ഐ ടി ജീവനക്കാരനുമായിരുന്ന ശരൺ (29) ചെകുത്താൻമുക്ക് പള്ളിവാസൽ പവർഹൗസിനു സമീപം മുതിരപ്പുഴയാറിലും, ഫെബ്രുവരി 5ന് ഹൈദരബാദ് സ്വദേശിയും, എൻജിനീയറിംഗ് വിദ്യാർഥിയുമായ സന്ദീപ് (20) കുഞ്ചിത്തണ്ണി ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലും ദുരന്തത്തിനിരയായി. കൊമ്പൊടിഞ്ഞാലിനു സമീപം പാറക്കുഴിയിൽ മുത്തശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചത് കഴിഞ്ഞ മാസം 15നാണ്. കൊമ്പൊടിഞ്ഞാൽ ചിറയപ്പമ്പിൽ വിനോയി- ജാസ്മിൻ ദമ്പതികളുടെ മക്കളായ അന്ന സാറാ വിനോയി(11), അമേയ എൽസാ വിനോയി(7) ജാസ്മിന്റെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ(55) എന്നിവരാണ് മരിച്ചത്.
അടുത്ത് കാലങ്ങളിലായി വളരെയധികം ടൂറിസ പ്രാധാന്യം നേടിയ സ്ഥലങ്ങളിലൊന്നാണ് ഇടുക്കി-എറണാകുളം അതിർത്തി മേഖലയിലെ മാങ്കുളം. ഇവിടത്തെ വെള്ളച്ചാട്ടങ്ങൾ, പരന്നൊഴുകുന്ന പുഴകൾ, ആനക്കുളത്തെ കാട്ടാനകളുടെ നീരാട്ട് തുടങ്ങിയവ ഏറെ വാർത്ത പ്രാധാന്യം നേടിയതിനെ തുടർന്ന് ഈ മേഖലയിലെക്ക് സഞ്ചാരികളുടെ ഒഴുക്കാണ.
മിക്കയിടത്തും പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വെള്ളം കുറവാണ്.എന്നാൽ പരന്നൊഴുകുന്ന വെള്ളത്തിലൂടെ മുന്നോട്ടു പോകുമ്പോൾ ശാന്തമായി കിടക്കുന്ന അഗാധമായ കയങ്ങളും പാറയിടുക്കിൽ കെട്ടികിടക്കുന്ന വെള്ളവും സഞ്ചാരികളുടെ ജീവൻ കവരുകയാണ്.
കഴിഞ്ഞ വർഷം ജൂൺ 18ന് ഇവിടെ അപകടത്തിൽപെട്ട് മരിച്ച ചാലക്കുടി സ്വദേശി കാസിലിന്റെ മൃതദേഹം ലഭിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. കളമശേരി സ്വദേശിയായ ആശുപത്രി ജീവനക്കാരന്റെ ജീവനും ഇവിടെ നഷ്ടമായിരുന്നു. അപകട സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡു പോലും സ്ഥാപിക്കാൻ പഞ്ചായത്ത്, വനം, വിനോദ സഞ്ചാര വകുപ്പുകൾ തയാറായിട്ടില്ല.
ചിത്രം- മൂന്നു കുട്ടികൾ മുങ്ങി മരിച്ച മാങ്കുളം നല്ലതണ്ണി പുഴ






