എം.കെ. രാഘവന്റെ പരസ്യ പരാമര്‍ശം അനുചിതം, ഡി.സി.സിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്- നേതൃത്വത്തെ വിമര്‍ശിച്ച് എം.കെ. രാഘവന്‍ എം.പി നടത്തിയ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കെ.പി..സിസി പ്രസിഡന്റ് കെ.സുധാകരനു റിപ്പോര്‍ട്ട് നല്‍കി. വ്യാഴാഴ്ച രാവിലെ നടത്തിയ വിവാദപ്രസംഗത്തിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ കെ.പി.സിസി പ്രസിഡന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് രാത്രിയോടെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിവാദപ്രസംഗം സംബന്ധിച്ച് രഹസ്യറിപ്പോര്‍ട്ടാണ് കെ.പി.സി.സി പ്രസിഡന്റിനു നല്‍കിയതെന്നും എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. അനുചിതവും അനവസരത്തിലുള്ളതുമായ പരാമര്‍ശമാണെന്നാണ് റിപ്പോര്‍ട്ടില്‍ പ്രസംഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

എം.കെ. രാഘവന്റെ പ്രസംഗം ലോകത്തെല്ലാവരും കേട്ടുകഴിഞ്ഞു. പാര്‍ട്ടി വേദിയില്‍ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിര്‍ദേശം കോണ്‍ഗ്രസിലുണ്ട്. പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തനത്തിന് ഇതു ഭൂഷണമല്ല. പാര്‍ട്ടിയെ എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കുന്നത്. തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന ഒരു പരാമര്‍ശവും ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടുകൂടിയാണ് കെ.പി.സി.സി പ്രസിഡന്റ് അടിയന്തര റിപ്പോര്‍ട്ട് തേടിയതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

 

Latest News