തിരുവനന്തപുരം- ഗുരുതര ചട്ടലംഘനവും അച്ചടക്കലംഘനവും ആരോപിച്ച് ആറ് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്‌പെന്‍ഡ് ചെയ്തു.
ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. ബിനു, മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റിന്‍, പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഷാനു, എറണാകുളം ഡിപ്പോയിലെ സൂപ്പര്‍വൈസര്‍ എ.എസ് ബിജുകുമാര്‍, നെയ്യാറ്റിന്‍കര ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി. ഐ സതീഷ്‌കുമാര്‍, പി.ജെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഫെബ്രുവരി 28 ന് അപകടകരമായ വിധം ഡ്രൈവ് ചെയ്ത് രണ്ട് കോളജ് വിദ്യാര്‍ഥികളുടെ ജീവന്‍ കവര്‍ന്ന സംഭവത്തിലാണ് ഡ്രൈവര്‍ ആര്‍. ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരില്‍ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാര്‍ക്കായി നടത്തിയ ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിങ്ങില്‍ മദ്യപിച്ച് എത്തിയതിനാണ് കണ്ടക്ടര്‍ ബിജു അഗസ്റ്റ്യന് നടപടി. ഫെബ്രുവരി 26ന് ഐ.ആര്‍ ഷാനു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ ബാഗില്‍നിന്നും 200 ഗ്രാം ബ്രാസ് സ്‌ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ഡ്യൂട്ടി ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഷാനുവിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഫെബ്രുവരി 19ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ് ബിജുകുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രികാല ഡിപ്പോ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് നടപടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടില്‍ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും ആ തുകയില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയും ചെയ്തതിനാണ് നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി.ഐ സതീഷ് കുമാറിന് എതിരെ നടപടിയെടുത്തത്. ലഗേജിന് ചാര്‍ജ് ഈടാക്കി ടിക്കറ്റ് കൊടുക്കാതിരുന്ന സംഭവത്തിലാണ് ജന്റം ബസിലെ കണ്ടക്ടര്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.