Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പേരിനൊപ്പം 'മേല്‍ജാതി വാല്‍' ചേര്‍ത്ത് ഗുജറാത്തില്‍ ദളിതരുടെ അഭിമാനപ്പോരാട്ടം

അഹമദാബാദ്- ഗുജറാത്തില്‍ ദളിത് യുവാക്കളുടെ പുതിയൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പടരുന്നു. ആത്മാഭിമാനം പ്രഖ്യാപിച്ചു കൊണ്ട് മേല്‍ജാതിക്കാരുടെ പേരിലെ വാല്‍ സ്വന്തം പേരുകള്‍ക്കൊപ്പം ചേര്‍ത്താണ് ദളിതരുടെ വേറിട്ട പ്രതിഷേധം. പരമ്പരാഗതമായി മേല്‍ജാതിക്കാരുടെ പേരിനൊപ്പമുളള 'സിന്‍ഹ്' എന്ന വാലാണ് ദളിത് യുവാക്കള്‍ വ്യാപകമായി സ്വീകരിച്ചു വരുന്നത്. സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലിലെ പേരിനൊപ്പം സിന്‍ഹ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ ആത്മാഭിമാനം പ്രഖ്യാപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങിയ പ്രതിഷേധമാണെങ്കിലും ഇതു മേല്‍ജാതിക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. പലയിടത്തും ദളിത് യുവാക്കള്‍ ഇതിന്റെ പേരില്‍ മേല്‍ജാതിക്കാരുടെ മര്‍ദനത്തിനിരയാക്കപ്പെട്ടു. 

ദളിതനായ മൗലിക് ജാദവ് എന്ന 22-കാരന്‍ മേയ് 10-നാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേരിനൊപ്പം സിന്‍ഹ് ചേര്‍ത്തു കൊണ്ട് വേറിട്ട ഈ പ്രതിഷേധത്തിന് തുടക്കമിട്ടത്. മഹിപത് സിന്‍ഹ് സല എന്ന തന്റെ ദളിത് സുഹൃത്തിനുണ്ടായ ദുരനുഭവമാണ് ഈ പ്രതിഷേധത്തിനു തുടക്കമിടാന്‍ മൗലിക് ജാദവിനെ പ്രേരിപ്പിച്ചത്. മേല്‍ജാതിക്കാരായ ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട ദര്‍ബര്‍ സമുദായക്കാര്‍ മഹിപതിനോട് പേരിലെ സിന്‍ഹ് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ഗുജറാത്തി ഭാഷയില്‍ സിംഹം എന്ന അര്‍ത്ഥം വരുന്ന സിന്‍ഹ് എന്ന പേര് മേല്‍ജാതിക്കാരുടെ സ്വന്തമാണെന്നവകാശപ്പെട്ടായിരുന്നു ഇത്. ഇതില്‍ പ്രതിഷേധിച്ചാണ് മൗലിക് ജാദവ് ഫേസ്ബുക്കില്‍ പേരിനൊപ്പം മേല്‍ജാതി വാല്‍ ചേര്‍ത്തത്. എന്നാല്‍ പലയിടത്തും ദളിതര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇത് ഇടയാക്കിയിരിക്കുകയാണ്.

അഹമദാബാദിനടുത്ത വല്‍ത്തെരയില്‍ മേയ് 23-ന് ജാതിവാല്‍ പ്രതിഷേധത്തെ ചൊല്ലിയുണ്ടായ അടിപിടിയില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ദളിത് പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ഗുജറാത്തിലെ പലയിടത്തും ദളിതര്‍ ഈ സമരം ഏറ്റുപിടിച്ചു.

ഇതോടെ രജപുത്രര്‍ അടക്കമുള്ള മേല്‍ജാതിക്കാര്‍ ദളിതര്‍ക്കെതിരെ ഭീഷണിയും ആക്രമണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പാലന്‍പൂരില്‍ 23-കാരനായ ഒരു ദളിത് യുവാവിനെ പിടികൂടി രജപുത്ര സമുദായക്കാര്‍ മീശവടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഒരു മതചടങ്ങിനുള്ള ക്ഷണക്കത്തില്‍ തന്റെ പേരിനൊപ്പം സിന്‍ഹ് ചേര്‍ത്തതിനാണ് ഈ ദളിത് യുവാവ് ആക്രമണത്തിനിരയായത്.

ഒരു വ്യക്തിക്ക് ഇഷ്ടമുള്ള പേര് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്്. ഞങ്ങള്‍ ദളിതരാണ് എന്നതു കൊണ്ട് മാത്രം ആര്‍ക്കും അടിച്ചമര്‍ത്താനുള്ള അവകാശമില്ല, വല്‍ത്തെര ഗ്രാമമുഖ്യനായ ഭരത് ജാദവ് പറയന്നു. ഈ ഗ്രാമത്തിലെ ആയിരത്തോളം ദളിത് യുവാക്കള്‍ സിന്‍ഹ് എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. ഇത് തങ്ങള്‍ അനുഭവിച്ച അനീതിയോടുള്ള ദളിതരുടെ പ്രതികരണമാണെന്ന് ഉനയിലെ സാമാജിക് ഏകതാ ന്യായ് മഞ്ച് അധ്യക്ഷന്‍ കേവല്‍സിന്‍ഹ് റാത്തോഡ് പറയുന്നു. 

അതേസമയം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ വല്‍ത്തെരയിലെ മേല്‍ജാതിക്കാര്‍ തയാറായിട്ടില്ല. ദളിതര്‍ ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നാണ് മധ്യ ഗുജറാത്തിലെ കര്‍ണി സേനയുടെ തലവനായ ദിലീപ്‌സിന്‍ഹ് വഗേല പറയുന്നത്. സിന്‍ഹ് എന്ന പേര് രാജ്യത്തിനു വേണ്ടി പൊരുതിയാണ് ക്ഷത്രിയര്‍ നേടിയെടുത്തത്. മറ്റുള്ളവര്‍ ഇതു മാനിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. 


 

Latest News