രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറില്ല, കോടതിക്ക് കൈമാറുമെന്ന് അനിൽ അക്കര
തൃശൂർ-വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിനു വിദേശസഹായം കൈപറ്റാൻ തീരുമാനിച്ചതു മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. മുഖ്യമന്ത്രി എഫ്.സി.ആർ.എ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ലംഘിച്ചെന്നും അനിൽ അക്കര പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും അനിൽ പ്രദർശിപ്പിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നു ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് മുൻ തദ്ദേശസ്വയംഭരണ മന്ത്രിയും എം.എൽ.എയുമായ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്കു നല്കിയ കത്തു കാണിച്ച് അനിൽ അക്കര പറഞ്ഞു.
2019 ജൂലായ് 11നു മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ്മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, യു.എ.ഇ റെഡ് ക്രസൻറ് ജനറൽ സെക്രട്ടറി, യു.എ.ഇ കോൺസൽ ജനറൽ, റെഡ്ക്രസന്റിലെ രണ്ടു പ്രതിനിധികൾ, എം.എം. യൂസഫലി എന്നിവർ പങ്കെടുത്തതായാണു രേഖകൾ.
റെഡ് ക്രസന്റ് പ്രതിനിധികൾ ഭവനസമുച്ചയം നിർമിച്ചുനല്കുമെന്നും അതിനുള്ള ധാരണാപത്രം ലൈഫ് മിഷനും യുഎഇ റെഡ് ക്രസൻറുമായും ഉണ്ടാക്കണമെന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ഇത് ഉയർത്തിക്കാട്ടിയാണു എഫ്‌സിആർഎ മുഖ്യമന്ത്രി ലംഘിച്ചെന്ന് അനിൽ അക്കര ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗത്തിലെ തീരുമാനമാണ് വടക്കാഞ്ചേരിയിലെ 218 ഏക്കറിൽ റെഡ്ക്രസൻറ് നേരിട്ട് ഭവനസമുച്ചയം നിർമിച്ച് സർക്കാരിനു കൈമാറുമെന്നുള്ളത്. വിദേശ സംഭാവനകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സർക്കാർ നേരിട്ടു നിർമാണം നടത്തുന്നതിൽ എഫ്‌സിആർഎ ലംഘനമില്ല. എന്നാൽ അതിലെ പണം കൈവശപ്പെടുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും ലംഘനമാണ്. ഇങ്ങനെ കൈവശപ്പെടുത്തിയ പണമാണു സ്വപ്നയുടെ ലോക്കറിൽനിന്നു കണ്ടെത്തിയത്. ബാക്കിയുള്ള 4.5 കോടി ഡോളറായി വിദേശത്തേക്കു കടത്തി. ഇതിനു സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും തീരുമാനങ്ങളാണ് ഇതിനാൽ മുഖ്യമന്ത്രിയെയും മന്ത്രിയായിരുന്ന എ.സി. മൊയ്തിനെയും പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണം.ഇതു സംബന്ധിച്ച രേഖകൾ അന്വേഷണ ഏജൻസിക്കു കൈമാറില്ലെന്നും സുപ്രീം കോടതിയിൽ ഉപഹർജി നല്കി ഹാജരാക്കുമെന്നും അനിൽ അക്കര പറഞ്ഞു. തൃശൂർ ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെൻറ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ പങ്കെടുത്തു.






