മറക്കില്ലൊരിക്കലും എന്ന് വടിവൊത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടവരും കണ്ടാലറിയാത്ത വിധം വിസ്മൃതിയെ പുൽകിയിരിക്കുന്നു. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സോഷ്യൽ മീഡിയകളുടെയും കാലത്ത് ഓട്ടോഗ്രഫുകൾക്ക് ഹൃദ്യത കുറഞ്ഞുവെങ്കിലും ആ ഓർമകൾക്ക് ഒട്ടും മരണമില്ല. പോയ ആ കാലം ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് അത് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും. ഇന്ന് ഗെറ്റ് ടുഗതറിലൂടെയും മറ്റും അതിനെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു വരികയാണ് പലരും.
തിളച്ചുമറിയുന്ന പരീക്ഷ വേവലാതികൾക്കൊപ്പം വിരഹച്ചൂട് കൂടി സമാസമം ചേരുമ്പോൾ കടുത്ത വേനലിന്റെ ചുട്ടുപൊള്ളലിൽ ഉരുകുന്നുണ്ട് ഓരോ മാർച്ച് മാസവും. കലാലയ ജീവിതത്തിലെ തന്നെ ഏറ്റവും നിർണായകവും നിർന്നിമേഷവുമായ കാലയളവാണ് ഗ്രിഗോറിയൻ കലണ്ടർ വർഷത്തിലെ ഈ മൂന്നാം മാസം. തുറന്നിട്ട മാർച്ചിന്റെ കവാടത്തിലൂടെ പ്രതീക്ഷകളും പേറി ഹൃദയമിടിപ്പോടെ കടന്നുചെല്ലുമ്പോഴും ഭയത്തിന്റെയും നൊമ്പരങ്ങളുടെയും മനോവ്യഥകളിൽ മുങ്ങിക്കുളിച്ചാണ് ഒടുവിൽ അതിനോട് വിദ്യാർത്ഥികൾ വിട പറയുന്നത്. വിവിധയിടങ്ങളിൽ നിന്നായി കലാലയത്തിന്റെ തിരുമുറ്റത്തേക്ക് ചുവട് വെച്ചെത്തിയവർ പല വഴികളിലേക്ക് പടിയിറങ്ങിപ്പോകുമ്പോൾ അക്ഷരാർത്ഥത്തിൽ ഒരുമിച്ച് ഓടിക്കളിച്ച മണ്ണ് കണ്ണീരിന്റെ നനവുള്ളതായിത്തീരുന്നു. ഒത്തുചേരലിന്റെ അനർഘ നിമിഷങ്ങൾ, പങ്കുവെക്കലുകളുടെ നിറമാർന്ന ഏടുകൾ, കിനാക്കളുടെ ചേതോഹരമായ ചിറകടികൾ... എല്ലാം നഷ്ടപ്പെടുന്നതിന്റെ നോവിൽ എവിടെയും അടക്കിപ്പിടിച്ച തേങ്ങലുകൾ മാത്രമുയരുന്നു..
കണ്ണീരും കുസൃതിയും പ്രണയവും ചാലിച്ച കാമ്പസുകൾ വിട പറച്ചിലിന്റെ വക്കിലെത്തുമ്പോഴുള്ള വൈകാരികത അളന്നു തിട്ടപ്പെടുത്താനാവില്ല. മരുഭൂമി പോലെ അനന്തമായി പരന്നുകിടക്കുന്ന ജീവിതത്തിന്റെ ഏതു കോണുകളിൽ വെച്ച് ഇനി കണ്ടുമുട്ടാനാകുമെന്ന് ഒട്ടും നിശ്ചയമില്ല. സൗഹൃദത്തിന്റെ ചൂടും ചൂരും പകർന്ന ഇടനാഴികൾ ഓർമയുടെ കണക്കു പുസ്തകത്തിലേക്ക് വഴിമാറുമ്പോൾ ഒറ്റപ്പെടലുകൾ ഓരോരുത്തരുടെയും മനസ്സിനെ എത്രമാത്രം കുത്തി നോവിക്കുമായിരിക്കും. മുള പൊട്ടിയപ്പോഴേക്ക് കരിഞ്ഞുണങ്ങാൻ വിധിക്കപ്പെട്ട പ്രണയങ്ങളും നുണഞ്ഞു മതിവരാത്ത സ്നേഹത്തിന്റെ പാൽപായസങ്ങളും ബാക്കിവെച്ചു പോകുമ്പോൾ പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് പെട്ടെന്ന് പറിച്ചെറിയപ്പെടുന്നതിന്റെ വേദന അസഹ്യമായിരിക്കും. വിട പറച്ചിലിന്റെ അവസാന നേരങ്ങളിൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഗദ്ഗദങ്ങളായി പരിണമിക്കുമ്പോൾ കലാലയ മുറ്റത്തെ വാകമരങ്ങൾ നിശ്ചലമാകും. അതിനു മാത്രം ഹൃദയ ഭേദകമായ അനുഭവമാണ് മാർച്ച് കലാലയങ്ങൾക്ക് സമ്മാനിക്കുന്നത്.
വിട പറച്ചിലിന്റെ സമയമായെന്ന സൂചന നൽകി കലാലയങ്ങൾ മൂകമാകുമ്പോൾ തന്നെ ഹൃദയം വേദനയുടെ പെരുമ്പറ കൊട്ടും. ആശ്വാസത്തിനായി അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഓട്ടോഗ്രഫുകളിൽ വേദനകൾ വിവിധ മഷി വർണങ്ങളിൽ ചാലിച്ചു പച്ചയായി കുറിച്ചിടും. മുറുകെ പിടിച്ചിട്ടും കൈയിൽ കിടന്ന് ജീവനുള്ള ആ വരികൾ വിറച്ചുകൊണ്ടിരിക്കും.
'ഇലപൊഴിയും ശിശിരത്തിൽ/ ചെറുകിളികൾ വരവായി/ മനമുരുകും വേദനയിൽ / നാം തമ്മിൽ പിരിയാറായ്' ഇങ്ങനെ പ്രതീക്ഷകളും മനോവ്യഥകളുമെല്ലാം കൊണ്ട് ഓട്ടോഗ്രഫിന്റെ സുവർണ താളുകൾ സമ്പന്നമാകും...' അനന്തമായ നീലാകാശത്ത് മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ നാം തമ്മിലുള്ള സ്നേഹ ബന്ധം അകലാതിരിക്കട്ടെ' എന്നും 'പൂ പറയുന്നു പറിക്കരുത് / മരം പറയുന്നു വെട്ടരുത് / ഞാൻ പറയുന്നു മറക്കരുത്' എന്നും വർഷങ്ങൾ കഴിഞ്ഞാലും/ വൃക്ഷങ്ങൾ കൊഴിഞ്ഞാലും / നീ എന്നെ മറന്നാലും/ ഞാൻ നിന്നെ മറക്കില്ല' എന്നുമൊക്കെയുള്ള വരികൾ അകലാനാവാത്ത ആത്മബന്ധങ്ങളുടെ നേർക്കാഴ്ചകളാവുന്നു.. 'പഠിച്ചു പഠിച്ചു നീ ഡോക്ടറാവുമ്പോൾ / പനിച്ചു പനിച്ചു ഞാൻ വരുമ്പോൾ/ ഫീസ് വാങ്ങാൻ മറക്കല്ലേ സോദരീ..' ഭാവിയിലേക്ക് ഇങ്ങനെ ഒരു മുഴം മുന്നേയെറിയുന്ന അക്ഷരക്കൂട്ടുകളിൽ കരുതലിന്റെ സ്നേഹ സ്പർശം വേണ്ടുവോളം കാണാം. 'പാടത്തെ കിളിയെ സ്നേഹിച്ചാലും/ പറമ്പിലെ കിളിയെ സ്നേഹിച്ചാലും/ ബസിലെ കിളിയെ സ്നേഹിക്കല്ലേ' എന്ന് കുത്തിക്കുറിക്കുമ്പോൾ അതിൽ മുന്നറിയിപ്പിന്റെ സ്വരവും തലോടലിന്റെ സുഖവുമുണ്ട്. പരിഹാസവും ലൈംഗികതയും സ്നേഹവും പ്രണയവും കരുതലും കലർന്ന എത്രയോ ഹൃദയഹാരിയായ ഇതുപോലുള്ള വരികൾ ഓട്ടോഗ്രഫുകളുടെ താളുകളിൽ കോറിയിടപ്പെട്ടിട്ടുണ്ട്. എല്ലാം ഒരു കാലത്തിന്റെ ആത്മഗന്ധിയായ ഹൃദയാനുഭവങ്ങളായി മനസ്സിൽ അടയാളപ്പെട്ടു കിടക്കുന്നു.
മറക്കില്ലൊരിക്കലും എന്ന് വടിവൊത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടവരും കണ്ടാലറിയാത്ത വിധം വിസ്മൃതിയെ പുൽകിയിരിക്കുന്നു. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സോഷ്യൽ മീഡിയകളുടെയും കാലത്ത് ഓട്ടോഗ്രഫുകൾക്ക് ഹൃദ്യത കുറഞ്ഞുവെങ്കിലും ആ ഓർമകൾക്ക് ഒട്ടും മരണമില്ല. പോയ ആ കാലം ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് അത് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും. ഇന്ന് ഗെറ്റ് ടുഗതറിലൂടെയും മറ്റും അതിനെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു വരികയാണ് പലരും. പുതിയ സെന്റോഫുകൾക്ക് കാലത്തിനനുസരിച്ചുള്ള മാറ്റം കൈവന്നു കഴിഞ്ഞു. ആർപ്പുവിളികളും ആഘോഷപ്പെരുമകളുമായി ന്യൂജനറേഷൻ തകർത്താടുമ്പോൾ മൗനവും വിഷാദവും മൂകതയും മാറിനിൽക്കുന്നു. വിരഹത്തിന്റെ ചൂടിന് പൊള്ളിയടരുന്ന പഴയ തീവ്രതയില്ലാതാവുന്നു. ഒരിക്കലും നമ്മൾ അകലെയല്ലെന്ന ആശ്വാസം സോഷ്യൽ മീഡിയ പകർന്നു നൽകുന്നു. എങ്കിലും മാർച്ച് കലാലയ ജീവിതത്തിലെ ഏറ്റവും വലിയ ഉൾപിടച്ചിലുകളുടെ കാലം തന്നെയാണ്.






