Sorry, you need to enable JavaScript to visit this website.

കേൾക്കാം, ഇനി സംഘ് സംപ്രേഷണം

ആർ.എസ്.എസ് നേതാക്കളാൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്ത ഏജൻസിയായിരിക്കും ഇനി ദൂരദർശന്റെയും ആകാശവാണിയുടെയും വാർത്താ സ്രോതസ്സ്. സർക്കാർ അനുകൂല വാർത്തകളുടെ മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും മൊത്ത വിതരണക്കാരായി പ്രസാർ ഭാരതി മാറാൻ പോകുന്നു. സംഘ്പരിവാറിന് പൂർണമായും കീഴടങ്ങിയ ഇന്ത്യൻ മാധ്യമ രംഗത്ത് ഈ മാറ്റം സ്വാഭാവികമാണെങ്കിലും സ്വതന്ത്ര വാർത്ത വിനിമയത്തിന്റെ അസാന്നിധ്യത്തിൽ ബധിരരും മൂകരുമായ ഒരു സമൂഹ സൃഷ്ടിയാണ് ഇതിലൂടെ ഉടലെടുക്കുക.
 

സ്വകാര്യ ടെലിവിഷൻ ചാനലുകളുടെയും റേഡിയോ ബാൻഡുകളുടെയും അതിപ്രസരത്തിൽ മുങ്ങിപ്പോയ ഗൃഹാതുരമായ ഓർമയാണ് ദൂരദർശനും ആകാശവാണിയും. ചുരുങ്ങിയത് നഗര മേഖലകളിലെങ്കിലും ഇതാണ് സ്ഥിതി. എന്നാൽ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ, സാധാരണക്കാർ ഇന്നും ആശ്രയിക്കുന്നുണ്ട് ഈ രണ്ട് മാധ്യമങ്ങളെയും. സർക്കാർ പ്രോപഗണ്ടകൾക്കുള്ള മാധ്യമമായാണ് രണ്ടിനെയും പൊതുവെ നോക്കിക്കാണുന്നതെങ്കിൽ ഇനിയത് സംഘ് പരിവാർ പ്രോപഗണ്ടക്ക് കൂടി മാധ്യമമാകും. ദേശീയ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഒഴിവാക്കി, ആർ.എസ്.എസ് ബന്ധമുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി വാർത്തകൾക്കും ന്യൂസ് ഫീച്ചറുകൾക്കുമുള്ള രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ് പ്രസാർ ഭാരതി കോർപറേഷൻ.
ഇന്ത്യയിലെ ഏറ്റവും വലുതും പ്രൊഫഷനലുമായ വാർത്ത ഏജൻസിയാണ് പി.ടി.ഐ. വാസ്തവത്തിൽ അവരുമായുള്ള കരാർ അവസാനിച്ചിട്ട് രണ്ടു വർഷമായി. ഫെബ്രുവരി 14 നാണ് ഹിന്ദുസ്ഥാൻ സമാചാറുമായുള്ള എക്‌സിക്യൂട്ടീവ് കരാർ പ്രസാർ ഭാരതി ഒപ്പുവെക്കുന്നത്. 2017 മുതൽ അവർ പ്രസാർ ഭാരതിക്ക് സൗജന്യമായി വയർ സർവീസ് നൽകുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ സേവനം. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ടുവർഷ കാലയളവിലേക്ക് 7.7 കോടി രൂപക്കാണ് പ്രസാർ ഭാരതിയും ഹിന്ദുസ്ഥാൻ സമാചാറും കരാർ ഒപ്പിട്ടിരിക്കുന്നത്. എല്ലാ ദിവസവും 100 വാർത്തകൾ പ്രസാർ ഭാരതിക്ക് നൽകാനാണ് കരാർ. ഇതിൽ കുറഞ്ഞത് പത്ത് ദേശീയ വാർത്തകളും പ്രാദേശിക ഭാഷകൡ കുറഞ്ഞത് 40 പ്രാദേശിക വാർത്തകളും ഉണ്ടാകും. 
ദേശവ്യാപകമായി 600 സ്റ്റാഫ് ജേണലിസ്റ്റുകളും 800 ലധികം പ്രാദേശിക ലേഖകരും അടങ്ങുന്ന വിപുലമായ വാർത്താശേഖരണ സംഘമാണ് പി.ടി.ഐക്ക് ഉള്ളത്. വ്യത്യസ്ത വിഷയങ്ങളിലായി ആയിരത്തോളും ന്യൂസ് സ്‌റ്റോറികളാണ് തങ്ങളുടെ വരിക്കാർക്ക് പി.ടി.ഐ നൽകിക്കൊണ്ടിരുന്നത്. കഴിഞ്ഞ മാസം പി.ടി.ഐ ആരംഭിച്ച വീഡിയോ സർവീസിൽ നൂറിലധികം തൽസമയ വീഡിയോ ന്യൂസുകളാണ് സ്ട്രീം ചെയ്തിരുന്നത്. ഇരുന്നോറോളം വീഡിയോ പാക്കേജുകളും അവർ വരിക്കാർക്ക് നൽകുന്നുണ്ട്. മോഡി സർക്കാരിന്റെ ഇഷ്ട വാർത്ത ഏജൻസിയായ എ.എൻ.ഐയുമായി മത്സരിക്കുന്ന പി.ടി.ഐ ശക്തമായ പ്രൊഫഷണൽ സംവിധാനമുള്ള വാർത്ത ഏജൻസിയാണ്. 
1948 ൽ മുതിർന്ന ആർ.എസ്.എസ് പ്രചാരകും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്‌തെ, ആർ.എസ്.എസ് ആചാര്യൻ എം.എസ്. ഗോൾവാൾക്കറുമായി ചേർന്ന് സ്ഥാപിച്ചതാണ് ഹിന്ദുസ്ഥാൻ സമാചാർ എന്ന ബഹുഭാഷ വാർത്ത ഏജൻസി. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം സർക്കാർ പരസ്യങ്ങൾ വ്യാപകമായി കിട്ടിത്തുടങ്ങിയതോടെ പുഷ്ടിപ്പെട്ട അവർ ആർ.എസ്.എസ് ദൽഹി ഓഫീസിന് സമീപത്തുള്ള ചെറിയ കെട്ടിടത്തിൽനിന്ന് നോയിഡയിലെ വിശാലമായ കെട്ടിടത്തിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങുകയാണ്. 
പ്രധാനപ്പെട്ട രണ്ട് ദേശീയ വാർത്ത ഏജൻസികളായ പി.ടി.ഐയും യു.എൻ.ഐയുമായി നരേന്ദ്ര മോഡി സർക്കാരിന്റെ ബന്ധം അത്ര നല്ലതല്ല. 2017 ൽ ഈ വാർത്ത ഏജൻസികളുമായുള്ള കരാർ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തന്നെ പ്രസാർ ഭാരതിക്ക് നിർദേശം നൽകുകയായിരുന്നു. വരിസംഖ്യ വളരെ കൂടുതലാണ് എന്ന ന്യായം പറഞ്ഞാണ് ഇവയെ ഒഴിവാക്കിയത്. രണ്ട് ഏജൻസികൾക്കും കൂടി 15.75 കോടിയാണത്രേ പ്രസാർ ഭാരതി നൽകിയിരുന്നത്. അതിൽ ഒൻപത് കോടി പി.ടി.ഐക്ക് മാത്രമായിരുന്നു.


എന്നാൽ രണ്ട് വാർത്ത ഏജൻസികളെയും കുറിച്ചുള്ള മോഡി സർക്കാരിന്റെ പ്രധാന പരാതി അതായിരുന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ വേണ്ടത്ര ശോഭയോടെ ഇവർ അവതരിപ്പിക്കുന്നില്ലെന്നും അങ്ങുമിങ്ങും തൊടാത്ത തരത്തിലുള്ള വാർത്താവതരണമാണെന്നുമായിരുന്നു പരാതി. സർക്കാരിനെ നിശിതമായി വിമർശിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ വാർത്തകൾ ആകാശവാണിയോ ദൂരദർശനോ സംപ്രേഷണം ചെയ്യില്ലെന്നത് ശരിയാണ്. എന്നാൽ ഈ വാർത്ത ഏജൻസികൾ നൽകുന്ന വാർത്തകളിൽ പ്രതിപക്ഷ ശബ്ദത്തിനും കുറച്ചൊക്കെ ഇടമുണ്ടായിരുന്നു. ഹിന്ദുസ്ഥാൻ സമാചാർ വാർത്തയുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്നതോടെ ഇല്ലാതാകുന്നതും അതാണ്. 
പ്രസാർ ഭാരതിയിൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് കോൺഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പി.ടി.ഐയെയും യു.എൻ.ഐയെയും നീക്കി ഹിന്ദുസ്ഥാൻ സമാചാറിനെ വാർത്ത സ്രോതസ്സായി അവരോധിക്കാൻ മോഡി സർക്കാർ പ്രസാർ ഭാരതിയിൽ കടുത്ത സമ്മർദം ചെലുത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2016 ൽ പി.ടി.ഐയുടെ ചീഫ് എഡിറ്ററായി തങ്ങൾക്ക് താൽപര്യമുള്ള ഒരാളെ നിയമിക്കാൻ മോഡി സർക്കാർ ശ്രമിച്ചിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ എം.കെ. റസ്ദാൻ ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് വിരമിച്ചപ്പോഴായിരുന്നു ഇത്. എന്നാൽ പി.ടി.ഐ ബോർഡ് ഈ സമ്മർദത്തിന് വഴങ്ങിയില്ല. അസോസിയേറ്റഡ് പ്രസിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ വിജയ് ജോഷിയെയാണ് ബോർഡ് നിയമിച്ചത്. തൊട്ടടുത്ത വർഷം തന്നെ പി.ടി.ഐയുമായുള്ള കരാർ സർക്കാർ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ പി.ടി.ഐയും പ്രസാർ ഭാരതിയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണു. സെൻട്രൽ ദൽഹിയിലെ പി.ടി.ഐ ബിൽഡിംഗിൽനിന്ന് പ്രസാർ ഭാരതിക്ക് പടിയിറങ്ങേണ്ടി വന്നു. വലിയ വാടക പി.ടി.ഐ ഈടാക്കുന്നു എന്ന് പറഞ്ഞാണ് അവർ ഒഴിവായത്. വരിസംഖ്യ കൂടുതലാണെന്ന പരാതിയും കൂടി ഉയർന്നതോടെ പി.ടി.ഐയോട് പൂർണമായും വഴിപിരിയുകയായിരുന്നു പ്രസാർ ഭാരതി. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ താൽപര്യമായിരുന്നു എന്നാണ് ഹിന്ദുസ്ഥാൻ സമാചാറിന്റെ വരവോടെ വ്യക്തമായിരിക്കുന്നത്. 
1999 ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനമാണ് പ്രസാർ ഭാരതി. ഭരിക്കുന്ന പാർട്ടിയുടെ (അന്ന് കോൺഗ്രസ്) ജിഹ്വയായി മാത്രം പ്രവർത്തിക്കുന്ന ഔദ്യോഗിക ടെലിവിഷൻ ചാനൽ എന്ന നിലയിൽനിന്ന് വാർത്താ വിതരണത്തിൽ സ്വാതന്ത്ര്യമുള്ള, സ്വയംഭരണ സ്ഥാപനമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസാർ ഭാരതി സ്ഥാപിതമായത്. സ്വയംഭരണം ഒരു മരീചികയായിത്തന്നെ തുടർന്നെങ്കിലും അപ്പാടെ ഭരണകൂട ജിഹ്വ എന്ന നിലയിൽനിന്ന് ചെറിയ മോചനം അത് സാധ്യമാക്കി. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റപ്പോൾ അന്ന് വാർത്ത വിതരണ മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കർ പ്രസാർ ഭാരതിയെ പുനസ്സംഘടിപ്പിച്ച് ബി.ബി.സി മാതൃകയിലുള്ള ഒരു പ്രൊഫഷണൽ ചാനലായി മാറ്റുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് ബി.ബി.സി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ചിരിവരുന്ന അവസ്ഥയായതിനാൽ പ്രസാർ ഭാരതിക്ക് സംഭവിച്ച ദുര്യോഗത്തിന്റെ കാരണങ്ങളിലേക്ക് അധികം വെളിച്ചം വീശേണ്ടതില്ല. ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പ്രസംഗം മുഴുനീളം തൽസമയം സംപ്രേഷണം ചെയ്തുകൊണ്ടാണ് പ്രസാർ ഭാരതി അന്ന് തങ്ങളുടെ നയം വ്യക്തമാക്കിയത്. അതിന്റെ ഒരു തുടർച്ച മാത്രമായി ഹിന്ദുസ്ഥാൻ സമാചാറിന്റെ വരവിനെ കാണുന്നതായിരിക്കും ഭംഗി.
യാതൊരു മനസ്സാക്ഷിക്കുത്തോ ചെറുത്തുനിൽപോ ഇല്ലാതെ ഇന്ത്യൻ മാധ്യമരംഗം ഇന്ന് സംഘ് പരിവാറിന് കീഴടങ്ങിക്കഴിഞ്ഞു. അപ്പോൾ പിന്നെ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന പ്രസാർ ഭാരതി പോലൊരു സംവിധാനം ഇത്തരത്തിൽ മാറിമറിയുന്നതിൽ അത്ഭുതമേതുമില്ല. സ്വകാര്യ ചാനലുകളും ദിനപത്രങ്ങളും ഇന്ന് നിലനിൽക്കണമെങ്കിൽ സർക്കാരിന്റെ കനിവു നേടണമെന്ന അവസ്ഥയിലാണ്. സംഗതിയുടെ കിടപ്പുവശം മനസ്സിലാക്കി ഒരു മുഴം മുന്നേയെറിഞ്ഞാണ് മലയാളം അടക്കമുള്ള ഭാഷകളിലെ മിക്ക മാധ്യമങ്ങളും. ചെറുത്തുനിൽക്കാൻ ശ്രമിക്കുന്ന ചെറിയ ശബ്ദങ്ങളുടെ വായടക്കാനും നിരന്തര ശ്രമം നടന്നുപോരുന്നു. സത്യമറിയാനും അതിനായി നിലനിൽക്കാനുള്ള മൗലികാവകാശത്തെയാണ് പതുക്കെ പതുക്കെ കൊല ചെയ്യുന്നത്. പ്രസാർ ഭാരതിയുടെ പുതിയ നീക്കം അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെ അവസാന കടക്കലും കത്തിവെക്കുന്നത് അതുകൊണ്ടാണ്. സത്യം പറയാൻ ശ്രമിക്കുന്ന വിദേശ മാധ്യമങ്ങളെയും ഭയപ്പെടുത്താൻ ശ്രമം നടക്കുന്നു. ചുറ്റുപാടും എന്താണ് നടക്കുന്നത് എന്ന് അറിയാൻ പോലും സാധിക്കാത്ത ഇരുളടഞ്ഞ ഒരു രാജ്യമായി നാം മാറാൻ ഇനി എത്ര നാൾ?

Latest News