Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരായ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കി; പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നിയമസഭയിൽ മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങൾ സഭാരേഖയിൽനിന്ന് നീക്കി. ഇ.ഡിയുടെ റിമാന്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശമുണ്ടെന്ന ഭാഗമാണ് നീക്കിയത്. അപകീർത്തിപരമായ പരാമർശം രേഖയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ പറ്റിയുള്ള അടിയന്തരപ്രമേയ നോട്ടീസിനിടെയാണ് മാത്യു കുഴൽനാടൻ എം.എൽഎ, മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തിന് ശേഷമാണ് യുണിടാകിന് കരാർ നൽകിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. 
ഇതിൽ ഇ.ഡിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സഭയിൽ നടത്തിയ പരാമർശങ്ങളാണ് രേഖയിൽനിന്ന് നീക്കിയത്. 
എന്നാൽ സഭയിൽ ഉന്നയിച്ച കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്നും പറഞ്ഞ ഓരോ കാര്യങ്ങളും പൂർണ്ണ ബോധ്യത്തോടെയാണെന്നും മാത്യു കുഴൽ നാടൻ വ്യക്തമാക്കി. 

ലൈഫ് മിഷൻ അഴിമതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് അംഗം മാത്യു കുഴൽനാടനും തമ്മിൽ നിയമസഭയിൽ കഴിഞ്ഞ മാസം 28നാണ് ഏറ്റുമുട്ടിയത്. മുമ്പെങ്ങുമില്ലാത്തവിധം മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിനും സഭ സാക്ഷിയായി. ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും ശിവശങ്കറിന്റെയും സി.എം. രവീന്ദ്രന്റെയും പേരുകൾ ഉന്നയിച്ചതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിൽ പങ്കുണ്ടെന്നും ക്ലിഫ്ഹൗസിലടക്കം കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നുമുള്ള ഇ.ഡി റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചിരുന്നു. കുഴൽനാടൻ പച്ചക്കള്ളം പറയുകയാണെന്നും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ.
ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സാപ് ചാറ്റുകൾ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോയെന്നു പ്രതിപക്ഷം വെല്ലുവിളിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയ കുഴൽനാടൻ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിക്ക് ബന്ധം ഉണ്ടെന്ന ആരോപണം ഉന്നയിച്ചപ്പോൾ പച്ചക്കള്ളമാണ് പറയുന്നതെന്നായി മുഖ്യമന്ത്രി. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ലെന്ന്  രോഷാകുലനായി മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നു. എന്നാൽ ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറഞ്ഞതെന്ന് മാത്യു കുഴൽനാടൻ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിക്ക് പ്രതിരോധിക്കാനായില്ല. സ്വപ്നക്ക് ഒരു ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവശങ്കർ സ്വപ്‌നക്കയച്ച വാട്‌സാപ് ചാറ്റും മാത്യു കുഴൽനാടൻ ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷം ഇങ്ങനെ സംസാരിക്കുന്നത് അങ്ങ് കേൾക്കുന്നില്ലേയെന്ന് സ്പീക്കർ എ.എൻ. ഷംസീറിനോട് മുഖ്യമന്ത്രിക്ക് ചോദിക്കേണ്ടിവന്നു. 
എന്തും പറയാവുന്ന അവസ്ഥയിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ, മുഖ്യമന്ത്രിക്കും സർക്കാരിനും ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ല എന്നെ ജനങ്ങൾ തെരഞ്ഞെടുത്തുവിട്ടതെന്ന് കുഴൽനാടനും മറുപടി നൽകി. പ്രതിഷേധക്കാരുടെ ഇടയിലൂടെ മുമ്പ് ഒരു സുരക്ഷയുമില്ലാതിരുന്ന കാലത്ത് താൻ ഒറ്റയ്ക്ക് നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഒരു ഘട്ടത്തിൽ മന്ത്രിമാർ അടക്കം രംഗത്ത് വരേണ്ടിവന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷ ബഹളത്തെ തുടർന്ന് സഭ കുറേ നേരത്തേക്ക് നിർത്തിവയ്‌ക്കേണ്ടതായും വന്നു.
തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ പ്രമേയത്തിൽ ഉണ്ടാകാൻ പാടില്ലെന്നും രേഖകളിൽ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് ഇരട്ടി വിനയായി. എങ്കിൽ ഇതെല്ലാം റിമാൻഡ് റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ച ഇ.ഡിക്കെതിരെ കേസ് കൊടുക്കുമോയെന്ന ചോദ്യം മുഖ്യമന്ത്രിയെ വീണ്ടും വെട്ടിലാക്കി. തനിക്കാരുടെയും ഉപദേശം വേണ്ടെന്നു പറഞ്ഞൊഴിയുകയായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ഏതുവരെയെത്തി എന്ന മാത്യു കുഴൽനാടന്റെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടി.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി സഭയിൽ ഇത്രയധികം ക്ഷോഭിക്കുകയും അസ്വസ്ഥനാവുകയും ചെയ്യുന്നത്. മാത്യു കുഴൽനാടനെതിരെയായിരുന്നു മൂന്നു തവണയും അസ്വസ്ഥനായത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ മെന്റർ ആയ ജെയ്ക് ബാലകുമാർ വിവാദമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിൽ ഉന്നത സ്ഥാനം വഹിക്കുന്നയാളാണെന്ന് മുമ്പ് സഭയിൽ വെളിപ്പെടുത്തിയതാണ് മുഖ്യമന്ത്രിയുടെ ആദ്യക്ഷോഭ പ്രകടനത്തിന് ഇടയാക്കിയത്. ഡി.വൈ.എഫ്.ഐ -സി.പി.എം നേതാക്കളുടെ ലഹരി മാഫിയാ ബന്ധത്തെക്കുറിച്ച് മാത്യുകുഴൽനാടൻ ആരോപണം ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി സഭയിൽ രോഷാകുലനായി പ്രതികരിച്ചിരുന്നു. 

Latest News