Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഥയെഴുത്തുകാരികളേ, നിങ്ങൾക്കൊക്കെ പോയി ചെടികൾക്ക് വെള്ളമൊഴിക്കരുതോ? 

മലയാളത്തിലെ സാഹിത്യപാരായണം ഇനിയും മരിക്കാത്തതിന്റെ പിന്നിലെ ശക്തി എം. കൃഷ്ണൻ നായരുടെ ജന്മശതാബ്ദിയാണ് ഇന്ന് (2023 മാർച്ച് 03)

ഓരോ ആഴ്ചയും കൈയിൽ കിട്ടുന്ന 'മലയാളനാട് ' വാരികയുടെ പുറംചട്ടയുടെ പുതുഗന്ധം വർഷങ്ങൾ പിന്നിടുമ്പോഴും ഈ നിമിഷവും എന്റെ നാസികത്തുമ്പിലുണ്ട്. ആദ്യവായന - സാഹിത്യവാരഫലം തന്നെ. മലയാളികളെ മുഴുവൻ മത്ത് പിടിപ്പിക്കുന്ന വായനാനുഭവമാക്കി മാറ്റിയ പ്രസിദ്ധമായ കോളം. മലയാളനാട് വാരിക നിലച്ചപ്പോൾ സാഹിത്യ വാരഫലവുമായി എം. കൃഷ്ണൻ നായർ സാർ കലാകൗമുദിയിലേക്കും തുടർന്ന് സമകാലിക മലയാളം വാരികയിലേക്കും മാറി. ഓരോ ആഴ്ചയും നവ്യാനുഭവമായി തുടർന്നു വാരഫലം. ലോകസാഹിത്യത്തിലേക്ക് തുറന്ന കിളിവാതിൽ. നിശിതമായ സാമൂഹിക നിരീക്ഷണം. മൂന്നു വർഷങ്ങളിലായി 36 വർഷം നീണ്ടു നിന്ന പംക്തി. ലോകസാഹിത്യത്തിൽ തന്നെ വിരളമായ അനുഭവം. മലയാളത്തിലെ സാഹിത്യപാരായണം ഇനിയും മരിക്കാത്തതിന്റെ പിന്നിലെ ശക്തി, മഹാനായ ഈ ഹ്യൂമനിസ്റ്റിന്റെ പാരമ്പര്യം ഉയർന്നു നിൽക്കുന്നുവെന്നതാണെന്ന് സക്കറിയ അഭിപ്രായപ്പെട്ടത് തീർത്തും വാസ്തവമായിരുന്നു. 
ആക്ഷേപഹാസ്യം. സരസമായ ചരിത്രകഥനം. പിന്നെ ചില കൊച്ചുവർത്തമാനങ്ങൾ. ആളുകൾ ഏറെ ഹരം പിടിച്ചാണ് ഈ കോളം വായിച്ചത്. 
ആയിടയ്ക്ക് കലാകൗമുദിയുടെ 'കഥ' വാരികയിൽ ഞാനെഴുതിയ 'പ്രേമകഥ' എന്ന പേരിലുള്ള കഥയെ (? ) അദ്ദേഹം പിടിച്ചുകുടഞ്ഞതിങ്ങനെ: കിളിമാനൂർ രാജാ രവിവർമ ആർട്ട് ഗ്യാലറിയിലെ ചിത്രങ്ങളുടെ മനോഹാരിത കണ്ട് അതിശയിച്ച അവിടത്തെ ക്യൂറേറ്റർക്ക് തോന്നുന്നു: എനിക്കും ഇങ്ങനെ വരയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. ഗായകൻ യേശുദാസിന്റെ വീട്ടിൽ വേലയ്ക്ക് വരുന്ന സ്ത്രീ, എന്നും രാവിലെ യേശുദാസ് സാധകം ചെയ്യുന്നത് കേട്ട് വിചാരിക്കുന്നു: ദൈവമേ, ഈയുള്ളവൾക്കും ഇങ്ങനെ പാടാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. ഇത് രണ്ടും സംഭവിക്കുമെങ്കിൽ പ്രേമകഥ എന്ന കഥാസാഹസിക്യം പടച്ച മുസാഫിറും കഥാകൃത്താകും!
( ഞാനിത് വായിച്ച് തളർന്നതൊന്നുമില്ല. എന്നെക്കുറിച്ച് മോശമായാണെങ്കിലും കൃഷ്ണൻ നായർ സാർ എഴുതിയല്ലോ എന്ന് നിഗൂഢമായി ആഹ്ലാദിക്കുകയാണ് ചെയ്തത്! പക്ഷേ പിന്നീട് വർഷങ്ങൾക്ക് ശേഷം കലാകൗമുദിയിൽ തന്നെ ഒരു നോവലെറ്റ് പരീക്ഷണം നടത്തി ഫിക് ഷനെഴുത്തിൽ നിന്ന് ധീരമായി പിൻവാങ്ങി). ഉമിക്കരി ചവയ്ക്കുന്നത് പോലെയെന്ന് ചില കഥകളെ അദ്ദേഹം ആക്ഷേപിച്ചു. അനാഗതശ്മശ്രുക്കളും അനാഗതാർത്തവകളുമായ പിള്ളേർ പ്രസിദ്ധിക്കു വേണ്ടി കഥയെന്ന പേരിൽ എഴുതി വിടുന്ന സാഹസങ്ങളെ കൃഷ്ണൻ നായർ സാർ കണക്കിന് കശക്കി. കഥയുടെ തലക്കെട്ടും പശ്ചാത്തലവും വിവരിച്ച് അതെഴുതിയ എഴുത്തുകാരികളെ അദ്ദേഹം പിടിച്ചു കുടയുന്നതിങ്ങനെ: കഥയെഴുതാൻ ചെലവിട്ട സമയം നിങ്ങൾക്കൊക്കെ പോയി മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കരുതോ? 
ലോക പത്രപ്രവർത്തനത്തിന് ഇന്ത്യയുടെ സംഭാവനയായ ടി.ജെ.എസ് ജോർജ് സാറിനെക്കുറിച്ച് കലാകൗമുദിയിൽ ഞാനെഴുതിയ 'വാർത്തകളുടെ വാസ്തുശിൽപി' എന്ന കവർസ്റ്റോറിയെക്കുറിച്ച് കൃഷ്ണൻ നായർ സാർ ഗംഭീരമായ അഭിപ്രായമെഴുതിയത് എന്നെ ഏറെ സന്തോഷിപ്പിച്ചു.  


വർഷങ്ങൾക്ക് ശേഷം ദൂരദർശനിലെ സുഹൃത്ത് സേതുമേനോനുമായി  കുടുംബസമേതം ഞങ്ങൾ കൃഷ്ണൻ നായർ സാറിനെ കാണാൻ പോയി. ഏറെ നേരം സംസാരിച്ചു. ഞങ്ങളെ യാത്രയാക്കാൻ, ശാസ്തമംഗലത്തെ വീട്ടുമുറ്റത്തെ പാടവരമ്പ് വരെ അദ്ദേഹം ഒപ്പം വന്നു. ധിഷണയുടെ ജ്ഞാനഗോപുരം പോലെ ഉയർന്നു നിന്ന ആ മനുഷ്യസ്നേഹിയുടെ സഹജമായ വിനയത്തിനു മുന്നിൽ ഞങ്ങൾ നമ്രശിരസ്‌കരായി.
പ്രസിദ്ധമായൊരു പ്രസാധനശാല അദ്ദേഹത്തെ കബളിപ്പിച്ച കാര്യം അന്ന്
സംസാരമധ്യേ പറഞ്ഞിരുന്നത് ഞാൻ മലയാളം ന്യൂസ് പത്രത്തിൽ എഴുതിയത് സാറിനെ വേദനിപ്പിച്ചുവെന്ന് തോന്നി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്
ചൂണ്ടിക്കാണിച്ചായിരുന്നു ആ ലക്കം മലയാളം വാരികയിലെ കോളത്തിൽ
കൃഷ്ണൻനായർ സാർ എന്റെ ലേഖനത്തിനെതിരെ എഴുതിയത്. പ്രസാധകരെ പിണക്കേണ്ടതില്ല എന്ന് കരുതിയാവണം താനങ്ങനെയല്ല പറഞ്ഞതെന്ന് അദ്ദേഹത്തിന് വാക്ക് മാറ്റിപ്പറയേണ്ടി വന്നതെന്ന് തോന്നുന്നു. ഏതായാലും ഞാൻ നടത്തിയ ക്ഷമാപണത്തിൽ അദ്ദേഹത്തിന്റെ പരിഭവം അലിഞ്ഞുപോയി. പിന്നീട് സൗഹൃദത്തിന്റെ സുഗന്ധം നിറഞ്ഞു, കത്തുകളിലും  ഫോൺ വിളികളിലും. 
******  
സാഹിത്യവാരഫലം / എം. കൃഷ്ണൻ നായർ

നിരീക്ഷണം

ഒരിക്കൽ മലയാളനാട്' പത്രാധിപർ എസ്. കെ. നായരുമായി ഞാൻ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോരികയായിരുന്നു. അദ്ദേഹം പറഞ്ഞു: 'നമുക്കു പാറപ്പുറത്തിന്റെ വീട്ടിൽ ഒന്നു കയറിയിട്ടു പോകാം. അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണിന്ന്. കാലത്ത് വിവാഹം. അതിനു പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് വീട്ടിലെങ്കിലും ചെന്നിട്ടു പോരാം.' അര മണിക്കൂർകൊണ്ടു കാർ പാറപ്പൂറത്തിന്റെ വീട്ടിന്റെ മുൻപിൽച്ചെന്നു. എസ്.കെ. നായർ കാറിൽ നിന്നിറങ്ങി. അനങ്ങാതെ കാറിലിരുന്ന എന്നെ നോക്കി അദ്ദേഹം ചോദിച്ചു. 'എന്താ വരുന്നില്ലേ? എസ്.കെ. പറഞ്ഞു: 'അങ്ങനെ വല്ലതുമുണ്ടോ സാർ? പാറപ്പുറം വിട്ടുപോയിരിക്കാം. വരൂ അദ്ദേഹത്തിന് വലിയ സന്തോഷമായിരിക്കും.'
ഞാൻ കൂടെച്ചെന്നു. വിളിക്കാതെ ഞാൻ ചെന്നു കയറിയതിൽ പാറപ്പുറത്തിനു വലിയ ആഹ്ലാദം. അതിനോടൊപ്പം പശ്ചാത്താപവും. പാറപ്പുറത്തിന്റെ വാക്കുകൾ ആ രണ്ടു വികാരങ്ങളെയും സ്പഷ്ടമാക്കി. അവിടെ മുട്ടത്തു വർക്കി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹമറിയിച്ചു. 'ഞാൻ കൂടെ വരുന്നു. വഴിക്ക് ഞാൻ ഇറങ്ങിക്കോള്ളാം.'
ഞങ്ങൾ മൂന്നുപേരും യാത്രയായി. എസ്.കെ. നായർ എന്നെ ചൂണ്ടിക്കാണിച്ചു വർക്കിയോടു ചോദിച്ചു: 'അറിയില്ലേ?'
അദ്ദേഹം ഉടനെ പറഞ്ഞു: 'എന്നെ നിരന്തരം ചീത്ത പറയുന്ന ആൾ.'
മുട്ടത്തു വർക്കി മാന്യനാണ്. എത്ര വിമർശിച്ചാലും അദ്ദേഹം അഹിതമായി ഒന്നും പറയുകയില്ല. അന്നും പറഞ്ഞില്ല. പക്ഷേ 'റ്റോൺ' കൊണ്ട് പ്രതിഭാശാലിയായ എന്നെ കാരണമൊന്നുമില്ലാതെ തെറിപറയുന്ന ആൾ എന്ന ധ്വനി ആ വാക്യത്തിൽ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയെപ്പോലെ, ദസ്‌തെയേവ്‌സ്‌കിയെപ്പോലെ പ്രതിഭാശാലിയായ എന്നെ ഇയാൾ അനവരതം കുറ്റപ്പെടുത്തുന്നു എന്ന് വർക്കിയുടെ ആ വാക്യത്തിലെ ധ്വനി എനിക്കു മനസ്സിലായി. ഞാൻ മറുപടി പറഞ്ഞില്ല. ഏതോ സ്ഥലത്ത് എത്തിയപ്പോൾ വർക്കി എസ്.കെ. നായരോടു മാത്രം യാത്ര പറഞ്ഞിട്ട് കാറിൽ നിന്ന് ഇറങ്ങിപ്പോയി. നമ്മുടെ എഴുത്തുകാർക്കുള്ള പ്രധാനപ്പെട്ട ദോഷമിതാണ്. തന്റെ സംഭാവനകൾ നിസ്തുലങ്ങളാണെന്നും താൻ ടോൾസ്റ്റോയിക്കോ പസ്തർനക്കിനോ സദൃശനാണെന്നും കേരളത്തിലെ നോവലിസ്റ്റ് വിചാരിക്കുന്നു. ആ വിചാരത്തിന് യോജിച്ച വിധത്തിൽ പെരുമാറുന്നു. സംസാരിക്കുന്നു. എന്റെ വായനക്കാരികൾ സദയം ക്ഷമിക്കണം. എഴുത്തുകാരികൾക്ക് ഈ അഹങ്കാരം വളരെ കൂടുതലാണ്. അവർ നോട്ടത്തിൽ, നടത്തത്തിൽ, അംഗവിക്ഷേപത്തിൽ ഇല്ലാത്ത മേൻമ  പ്രകടിപ്പിക്കുന്നു. നടത്തത്തിൽ, കൈവീശലിൽ, റ്റെലിവിഷനിലെ അഭിമുഖസംഭാഷണത്തിൽ, പത്രപ്രതിനിധിയോടുള്ള അഭിപ്രായാവിഷ്‌ക്കാരത്തിൽ അന്യനോട് നേരിട്ടുള്ള സംസാരത്തിൽ
'എന്നെപ്പോലെ ഒരു പ്രതിഭാശാലിനി വേറെയുണ്ടോ?' എന്ന മട്ടു കാണിക്കുന്നു ഒരെഴുത്തുകാരി. ശബ്ദത്തിലും പരപുച്ഛത്തിലും അഹങ്കാരം.

രണ്ടോ മൂന്നോ ഉണക്കക്കഥകൾ എഴുതിക്കൊണ്ട് 'ബഹുമാനിയാ ഞാൻ ആരെയും തൃണവൽ' എന്ന ഭാവം. തേങ്ങ പൊതിക്കത്തക്ക വിധത്തിൽ ചന്തിയിലെ എല്ലുകൾ ഉന്തിക്കൊണ്ട് ചടച്ച പശു തൊഴുത്തിൽ നിൽക്കുന്നതു വായനക്കാർ കണ്ടിരിക്കും. കാലത്തു കറക്കാൻ ചെന്നാൽ ഒരു തുള്ളി പാലു പോലും കിട്ടില്ല. പക്ഷേ കറവക്കാരനെ നോക്കി തല കുലുക്കുന്നതു കണ്ടാൽ 'രണ്ടിടങ്ങഴിപ്പാല് എന്റെ അകിട്ടിലുണ്ട്' എന്ന ഭാവവും. ഇതുപോലെ മെലിഞ്ഞ രണ്ട് കഥാസമാഹാരഗ്രന്ഥങ്ങൾ വീട്ടിലെ ഷെൽഫെന്ന തൊഴുത്തിൽ കാണും. റബേക്ക വെസ്റ്റാണു ഞാൻ, വെർജീനിയ വുൽഫാണു ഞാൻ, സീമോൻ ദ് ബോവ്വാറാണു ഞാൻ എന്ന നാട്യവും സംസാരവും. മുട്ടത്തു വർക്കിയുടെ നോവലുകൾ പൈങ്കിളികളാണെങ്കിലും അമ്പതോളമുണ്ട് അവ. ഈ എഴുത്തുകാരിക്ക് അതുമില്ല. എങ്കിലും 'ഞാൻ ഞാൻ എന്ന മട്ടും ഭാവവും'.

 


ഒ.വി. വിജയനോടു സംസാരിക്കൂ, വിനയമില്ലാതെ ഒരു വാക്കു പോലും വരില്ല അദ്ദേഹത്തിൽ നിന്ന്. വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻ പിള്ള ഈ പ്രതിഭാശാലികളോട് ഞാൻ പല തവണ സംസാരിച്ചിട്ടുണ്ട്. വിനയമാണ് അവരുടെ സ്വഭാവത്തിലെ സവിശേഷത. ഉദ്ധതനായി രചനകളിൽ പ്രത്യക്ഷനാകുന്ന കുട്ടിക്കൃഷ്ണമാരാർ, ആരെയും വകവെയ്ക്കാത്ത മുണ്ടശ്ശേരി, ഇവരിൽ നിന്ന് സുജനമര്യാദയെ ലംഘിക്കുന്ന ഒരു വാക്കു പോലും വരില്ല. കുട്ടിക്കൃഷ്ണമാരാർ കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കനാണ്. ധിഷണാവിലാസം കാണിക്കുന്ന ആളുകൾ അങ്ങനെയാണ്. അൽപജ്ഞരും അൽപജ്ഞകളുമാണ് 'ഞാൻ കവി', 'ഞാൻ കഥാകാരി' എന്ന വീമ്പടിക്കുന്നത്. ഒന്നേ നമുക്കു ചെയ്യാനുള്ളു, ഇക്കൂട്ടർ റ്റെലിവിഷനിൽ വരുമ്പോൾ സ്വിച്ചോൺ ചെയ്തിരിക്കുന്ന സെറ്റ് സ്വിച്ചോഫ് ചെയ്യണം. അൽപക്കൂട്ടങ്ങൾ!
 

സാഹിത്യ വാരഫലം / എം. കൃഷ്ണൻ നായർ

- തിരുവനന്തപുരത്തെ മെഡിക്കൽ കോളേജാശുപത്രിയിലെ ത്വക് രോഗ വിഭാഗത്തിൽ ജോലിയുള്ള ഒരു ഡോക്ടറെ കാണാൻ ഞാൻ കുറച്ചുകാലം മുൻപ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടർ. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോൾ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വക് രോഗവിദഗ്ദ്ധനെ കാണാൻ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരൻ ഡോക്ടറെ അർത്ഥവത്തായി നോക്കി. എന്നിട്ട് 'ഹാൻസൻ' എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന വൈറസ് കണ്ടുപിടിച്ച നോർവീജിയൻ ഡോക്ടറാണ് ജി.എച്ച്. ഹാൻസൻ. അതുകൊണ്ട് കുഷ്ഠരോഗത്തിന് 'ഹാൻസൻസ് ഡിസീസ്' എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടർ സഹപ്രവർത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗർഭാശയമോ നോക്കിയതിനു ശേഷം ഡോക്ടർ 'നിയോപ്ലാസം' എന്ന് അടുത്തു നിൽക്കുന്ന ഡോക്ടറോട് പറഞ്ഞാൽ അത് 'കാൻസറാ'ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. 'ഫിലിപ്പീൻസിലെ ഭരണാധികാരിയാര്? അല്ലെങ്കിൽ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബെഗിൻ തന്നെയോ?' എന്ന് ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം കൈമലർത്തിയെന്നുവരും. എന്നാൽ രോഗിയെ നോക്കിയിട്ട് 'ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ എന്നു 'കാച്ചിക്കളയും.' ഒരിക്കൽ ഇതു കേട്ടതാണ് ഞാൻ. കേട്ടപാടെ 'പൈ എന്ന കമ്പനി'യിലേക്ക് ഓടി, മെഡിക്കൽ ഡിക് ഷണറി നോക്കാൻ (വീട്ടിൽ അതില്ല). നോക്കി. മെതിമഗ്ലോബിൻ എന്നുപറഞ്ഞാൽ ഓക്‌സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേർന്ന് ചാരനിറമാർന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാർത്ഥം. ചില മരുന്നുകൾ കഴിച്ചാൽ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തിൽ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. 'അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടർ?' എന്നു വിനയത്തോടെ നമ്മൾ ചോദിച്ചാൽ 'ഹി ഹാസ് സയാനോസിസ്' എന്നു പറയും. വീണ്ടും പൈ ആൻഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്.

ചിലപ്പോൾ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ എന്റെ വീട്ടിൽ വരാറുണ്ട്. ഒരിക്കൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്‌സിഡിയി ഓയ്‌ഡോമൈക്കോസിസ്. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കൽ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടർമാരെപ്പോലെയാണ് നവീന നിരൂപകർ. 'വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാൻ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്‌കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനർജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളിൽ കാണുന്നത്.' എങ്ങനെയിരിക്കുന്നു ഈ കോക്ക്‌സിഡിയിഓയ്‌ഡോ മൈക്കോസിസ്?
 

Latest News