ദമാം- ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈസ്റ്റേൺ സോണൽ കമ്മിറ്റി ഇന്ന് ദമാം അൽറയ്യാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ കുടുംബത്തെ തകർക്കുന്ന ലിബറലിസം എന്ന വിഷയത്തിൽ എം.എം. അക്ബർ പ്രഭാഷണം നടത്തും. വൈകുന്നേരം നാലരക്കാണ് പരിപാടി. കെ.എൻ.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദീ മുന്നേറ്റം എന്ന കാമ്പയിനിന്റെ ഈസ്റ്റേൺ സോണൽ പ്രചാരണ പരിപാടികളുടെ പ്രഖ്യാപനവും പരിപാടിയിൽ നടക്കും. അൽകോബാർ ഹിദായ ജാലിയാത്ത് പ്രബോധകൻ അജ്മൽ മദനി വാണിമേൽ സംസാരിക്കും. മുഹമ്മദ് കബീർ സലഫി, മൊയ്തീൻ കുഴിപ്പുറം, അബ്ദുസ്സമദ് കരിഞ്ചാപ്പാടി, എ.കെ. നവാസ്, സകരിയ മങ്കട, ജാഫർ ഖാൻ, ഡോ. മനാഫ്, ഷൗക്കത്തലി കോബാർ, സലീം ഖതീഫ് തുടങ്ങിയവർ പങ്കെടുക്കും.
വ്യക്തികളുടെ വിശ്വാസ ജീവിതത്തിനും സുരക്ഷിതമായ സാമൂഹ്യപരിസരത്തിനും സദാചാരനിഷ്ഠമായ കുടുംബാന്തരീക്ഷത്തിനും വിഘാതം സൃഷ്ടിക്കുന്ന സ്വതന്ത്ര ചിന്തകളും ലിബറൽ ആശയങ്ങളും ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. മതനിരാസ സംഘങ്ങളും ഫ്രീ തിങ്കിംഗ് മൂവ്മെന്റുകളുമാണ് ഈ ആശയങ്ങളുടെ പ്രചാരകർ. വളരുന്ന യുവതയിൽ സദാചാരമുക്തവും ഉത്തരവാദിത്തരഹിതവുമായ അലക്ഷ്യ ജീവിതം വളർത്തിയെടുക്കുകയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. ഇതിനെതിരെ വ്യാപകമായ ബോധവത്കരണവും ജാഗ്രതാ നിർദ്ദേശങ്ങളും അനിവാര്യമായതിനാലാണ് കുടുംബത്തെ തകർക്കുന്ന ലിബറലിസം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചതെന്ന് അവർ പറഞ്ഞു.