Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ റിസോർട്ടിൽ ആദായനികുതി പരിശോധന; സാധാരണമെന്ന് ഇ.പി

കണ്ണൂർ-തന്റെ ഭാര്യ ചെയർപേഴ്‌സണായ കണ്ണൂർ മൊറാഴ വൈദേകം റിസോർട്ടിലെ പരിശോധനയിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും സാധാരണ നടപടിക്രമം മാത്രമാണെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ വർഷം ടി.ഡി.എസ് അടച്ചിരുന്നു. ഇത്തവണ ടി.ഡി.എസ് അടച്ചിട്ടില്ല. അത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കാനാണ് പരിശോധനയെന്നും ജയരാജൻ പറഞ്ഞു. വിവാദമായ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൊറാഴയിലെ റിസോർട്ടിൽ എത്തിയത്. പരിശോധന രാത്രി വൈകിയും തുടരുകയാണ്. പരിശോധന സംബന്ധിച്ച് ഇ.ഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സാധാരണ പരിശോധന മാത്രമാണെന്നാണ് റിസോർട്ട് അധികൃതരുടെ നിലപാട്.


ഇ.പി.ജയരാജന്റെ ഭാര്യയും സഹകരണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥയുമായ പി.കെ. ഇന്ദിരയാണ് വൈദേകം റിസോർട്ടിന്റെ ചെയർപേഴ്‌സൺ. ഏറ്റവും കൂടുതൽ ഓഹരികൾ ഇവരുടെ പേരിലാണ്. മകൻ ജെയ്‌സൺ കമ്പനി ഡയറക്ടറാണ്. ഇ.പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ ലിസ്റ്റിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് എന്നാണ് സൂചന. സംഭവത്തിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാർട്ടിക്കകത്തും പുറത്തും വർഷങ്ങളായി വിവാദം കത്തിക്കയറുന്ന സ്ഥാപനമാണ് മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട്. കുന്നു നികത്തിയുള്ള നിർമ്മാണ സമയത്തു തന്നെ ശാസ്ത്രസാഹിത്യ പരിഷത്തും പരിസ്ഥിതി പ്രവർത്തകരും കടുത്ത എതിർപ്പുയർത്തിയിരുന്നു. മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ്  വൈദേകം ആയുർവേദ വില്ലേജ്. 2014ൽ ഇ.പി.ജയരാജന്റെ മകൻ പി.കെ ജെയ്‌സണും തലശ്ശേരിയിലെ വ്യവസായി കെ.പി.രമേശ് കുമാറും ഡയറക്ടർമാരായാണ് 'വൈദേകം ആയുർവേദ ഹീലിങ് വില്ലേജ്' എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയായിരുന്നു നിർമ്മാണം. ഇതിനിടെ, റിസോർട്ട് നിർമ്മാണവും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇ.പിക്കെതിരെ പാർട്ടിക്കകത്ത് ഉയർന്നു. ഇത് വൻ വിവാദമായതിന് പിന്നാലെ പാർട്ടി പരിപാടികളിൽ നിന്ന് ഇ.പി. വിട്ടു നിൽക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം.
 

Latest News