Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാധ്യമപ്രവർത്തക ലീലാ മേനോൻ അന്തരിച്ചു

കൊച്ചി- മുതിർന്ന മാധ്യമ പ്രവർത്തക ലീലാ മേനോൻ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശയായിരുന്ന ലീലാ മേനോൻ രണ്ടു മാസമായി വെണ്ണലയിലെ വയോജന കേന്ദ്രത്തിലായിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം. 
ഇന്ത്യൻ എക്സ്പ്രസ്, ജന്മഭൂമി തുടങ്ങിയ നിരവധി പത്രങ്ങളിൽ ജോലി ചെയ്തിരുന്നു. കേരളത്തിലെ ആദ്യകാല വനിതാപ്രവർത്തകരിൽ ഒരാളായിരുന്നു ലീലാ മേനോൻ. ഔട്ട്ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം മുതലായവയിൽ കോളമിസ്റ്റ് ആയിരുന്നു. ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. 
എറണാകുളം വെങ്ങോലയിൽനിന്ന് ജോലി തേടിയാണ് ലീല മേനോൻ ഹൈദരാബാദിലെത്തിയത്. അവിടെ ജോലിക്കൊപ്പം ഡിഗ്രി പഠനവും പൂർത്തിയാക്കി നാട്ടിലെത്തി. പോസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്യുന്നതിനിടെ ടെലഗ്രാഫ്  പഠിച്ച് രാജ്യത്തെ ആദ്യ വനിതാ ടെലിഗ്രാഫിസ്റ്റുമായി. പിന്നീട് 1978ൽ ആ ജോലി ഉപേക്ഷിച്ച് മാധ്യമപ്രവർത്തകയായി. നാൽപ്പതാം വയസിലാണ്  മാധ്യമപ്രവർത്തന മേഖലയിലേക്ക് കടന്നുചെന്ന് ലീലാ മേനോൻ രാജ്യമറിയുന്ന പത്രപ്രവർത്തകയായത്. ഇന്ത്യൻ എക്സ്പ്രസിലെ അഞ്ച് ജില്ലകളുടെ ചുമതലയുള്ള റിപ്പോർട്ടറായിരുന്നു. ഇന്ത്യൻ എക്‌സ്പ്രസ് വിട്ട ശേഷം കോളമിസ്റ്റായി. കേരള മിഡ് ഡേ ടൈംസിലായിരുന്നു പിന്നീട്. ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായപ്പോൾ കേരളത്തിലെ ആദ്യ വനിതാ എഡിറ്ററെന്ന ബഹുമതിയും ലീലാ മേനോന് ലഭിച്ചു. നഴ്സിംഗ് പഠനമെന്ന പേരിൽ കന്യാസ്ത്രീകളാക്കപ്പെട്ട കോട്ടയത്തെ പെൺകുട്ടികളുടെയും അരുവാക്കോട് വേശ്യാവൃത്തി തെരഞ്ഞെടുത്ത സ്ത്രീകളുടെയും ജീവിതം ലീലാമേനോനിലൂടെയാണ് ലോകമറിഞ്ഞത്. സൂര്യനെല്ലിയിലെയും വിതുരയിലെയും പെൺകുട്ടികളെ ആത്മഹത്യയിൽനിന്ന്  മാറ്റി നിർത്തിയത് ലീലാമേനോൻ എന്ന പത്രപ്രവർത്തക നടത്തിയ വിവേകപൂർവ്വമായ ചില ഇടപെടലുകളായിരുന്നു. ജീവനെടുക്കാനെത്തിയ കാൻസറിനെപ്പോലും തോൽപിച്ച മനക്കരുത്തിനുടമയായിരുന്നു ലീലാ മേനോൻ.
1932 നവംബർ 10 ന് എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തിലാണ് ജനനം. പാലക്കാട്ട് നീലകണ്ഠൻ കർത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും ഇളയ മകൾ. വെങ്ങോല പ്രൈമറി സ്‌കൂൾ, പെരുമ്പാവൂർ ബോയ്സ് ഹൈസ്‌കൂൾ, നൈസാം കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2007ൽ പുറത്തിറങ്ങിയ നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥയും ഹൃദയപൂർവം എന്നപേരിൽ ലേഖന സമാഹാരവുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. ഒട്ടേറെ സ്ത്രീ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ലീലാ മേനോന്റെ നിലയ്ക്കാത്ത സിംഫണി എന്ന പുസ്തകം.  അവരുടെ പത്ര പ്രവർത്തന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജീവിതപ്രശ്നങ്ങൾ കണ്ടെത്താനും അവയെ ജനങ്ങളിലെത്തിക്കാനും പുസ്തകത്തിലൂടെ അവർക്ക് കഴിഞ്ഞു. 'നിലയ്ക്കാത്ത സിംഫണി'യെ ആസ്പദമാക്കി പത്രപ്രവർത്തകൻ സേവ്യർ ജെ. രചിച്ച 'വെയിലിലേക്ക് മഴ ചാഞ്ഞു എന്ന നോവൽ സിനിമയാകുന്നുണ്ട്. സേവ്യറിന്റെ സീബ്രാവരകൾ എന്ന സിനിമയിൽ പത്രാധിപയായും അഭിനയിച്ചു. 

Latest News