ന്യൂയോര്‍ക്ക്- പതിനെട്ട് വയസ്സിന് താഴെയാണോ പ്രായം.എങ്കില്‍ ടിക്ടോസ് സ്ക്രീന്‍ സമയ പരിധി ബാധകമാക്കുന്നു. യുവ ഉപയോക്താക്കളുടെ സമയം ക്രമീകരിക്കാനും ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള പുതിയ ഫീച്ചറുകളുടെ ഒരു ബാച്ചാണ് ടിക് ടോക് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള ഓരോ ടിക് ടോക് ഉപയോക്താക്കള്‍ക്കും 60 മിനുട്ടാണ് പ്രതിദിന സ്ക്രീന്‍ സമയ പരിധി ബാധകമാക്കുക.
ഈ സമയ പരിധി കടന്നാല്‍ കൗമാരക്കാര്‍ക്ക് തുടര്‍ന്ന് കാണുന്നതിന് ഒരു പാസ്കോഡ് നല്കാന് ആവശ്യപ്പെടും. അത്തരത്തില്‍ പാസ്കോഡ് നല്കി വീണ്ടും സ്ക്രീന്‍ സമയം ഉപയോഗിക്കുകയാണെങ്കില്‍ ഒരു ദിവസം 100 മിനിറ്റിലധികം ടിക് ടോകില്‍ ചെലവഴിച്ചാല്‍ പുതിയ പരിധി നിശ്ചയിക്കാനാണ് ടിക്ടോക് ആവശ്യപ്പെടുക.
ഫീച്ചറിന്റെ ആദ്യ മാസത്തെ പരിശോധനയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അതിന്റെ സ്ക്രീന്‍ ടൈം മാനേജ്മെന്റ് ടൂളുകളുടെ ഉപയോഗം 234 ശതമാനം വര്‍ധിപ്പിച്ചതായി ടിക് ടോക് അവകാശപ്പെടുന്നു. കൗമാരപ്രായക്കാര്‍ക്ക് അവരുടെ സ്ക്രീന്‍ സമയം റീക്യാപ് ചെയ്യുന്ന ഇന്‍ബോക്സ് അറിയിപ്പ് ഓരോ ആഴ്ചയും അയയ്ക്കും. യുവ ഉപയോക്താക്കളെ അവര്‍ ആപ്പില്‍ എത്ര സമയം ചിലവഴിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരാക്കാന് ഇത് സഹായിക്കും. സ്ക്രീന്‍ ടൈം ടൂളുകള്‍ ഉപയോഗിക്കാന്‍ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഈ പ്രതിവാര അപ്ഡേറ്റുകള് ഇപ്പോള്‍ ലഭ്യമാണ്. സമയ നിയന്ത്രണം എത്രത്തോളം വേണമെന്ന് തീരുമാനിക്കുമ്പോള്‍ നിലവിലെ അക്കാദമിക് ഗവേഷണങ്ങളോടും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡിജിറ്റല്‍ വെല്‍നസ് ലാബിലെ വിദഗ്ധരുമായും കൂടിയാലോചിച്ചതായി ടിക് ടോക് പറയുന്നു.






