വിട്ടുവീഴ്ചയില്ല, വീഴ്ച വരുത്തിയ എയര്‍ ഇന്ത്യ പൈലറ്റ് പുറത്തുതന്നെ

ന്യൂദല്‍ഹി- വിമാനത്തില്‍ യാത്രാക്കാരന്‍ സഹയാത്രികയുടെ ദേഹത്ത്  മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ പൈലറ്റിന്റെ ലൈസന്‍സ് പുനസ്ഥാപിക്കണമെന്ന ആവശ്യം  ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ തള്ളി.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ന്യൂയോര്‍ക്ക്-ദല്‍ഹി വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം.
ജനുവരി 20നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
ആറ് യൂണിയനുകളുടെ സംയുക്ത ഫോറം പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലൈസന്‍സ് സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പൈലറ്റിന്റെ അപേക്ഷ നിരസിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ, എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.  
ജനുവരി നാലിന് റെഗുലേറ്ററുടെ ശ്രദ്ധയില്‍പ്പെട്ട സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടയായിരുന്നു ഡിജിസിഎ നടപടി.

 

Latest News