Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധി ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കടബാധ്യത തീർത്തു; സന്തോഷം പങ്കുവെച്ച് സുധാകരൻ

തിരുവനന്തപുരം- രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മുഴുവൻ സാമ്പത്തിക ബാധ്യതകളും അടച്ചുതീർത്തതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതുമുതൽ ഇതിനായി പ്രയത്‌നിക്കുകയായിരുന്നുവെന്നും സ്ഥാപനത്തെ  സ്വതന്ത്രമാക്കിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും സുധാകരൻ വ്യക്തമാക്കി. സുധാകരന്റെ വാക്കുകൾ|: പാർട്ടിയുടെ നിയന്ത്രണത്തിൽ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ  ഒന്നാണ് നമ്മുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെൻറ് സ്റ്റഡീസ്. മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരിക്കെയാണ് ഇത്തരം ഒരു സ്ഥാപനം തുടങ്ങേണ്ടതിൻറെ ആലോചന നടത്തിയതും തുടർന്ന് 2007 ൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും  2013-ൽ പണി പൂർത്തിയാക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ  ഗാന്ധിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.  
കോൺഗ്രസ് പ്രവർത്തകർക്ക്  രാഷ്ട്രീയ പഠനവും പ്രവർത്തന പരിശീലനവും   നൽകുക എന്ന ബൃഹത്തായ ഉദ്ദേശ ലക്ഷ്യത്തോടെയാണ്  നെയ്യാർ ഡാമിന് സമീപമുള്ള അഞ്ച് ഏക്കർ ഭൂമിയിൽ   കോടികൾ ചെലവാക്കി  എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ  ബഹുനില കെട്ടിടം നിർമ്മിച്ചത്. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും സമാഹരിച്ചതും  മറ്റു സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും കടമെടുത്തതും ആയ തുക കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏറെ പ്രതീക്ഷയോടെ പാർട്ടിക്ക് ഗുണകരമാകുന്ന ഗവേഷണ സംവിധാനം ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതോടൊപ്പം ഈ സ്ഥാപനത്തെ കടബാധ്യതകളിൽ നിന്ന് പൂർണ്ണമായി മുക്തമാക്കുക എന്നത് പാർട്ടി നേതൃത്വത്തിൻറെ വലിയ ഒരു സ്വപ്നമായിരുന്നു.
അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച് പോന്നിരുന്നത്. ഞാൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത നാളിലും ഏതാണ്ട് 3.5  കോടിയുടെ വലിയ ബാധ്യത ഈ സ്ഥാപനത്തിന് മേലുണ്ടായിരുന്നു.  അന്ന് മുതൽ ആ കടബാധ്യതയിൽ നിന്നും ഈ സ്ഥാപനത്തെ മോചിപ്പിക്കാനുള്ള  ശ്രമങ്ങൾ !ഞങ്ങളാരംഭിച്ചിരുന്നു. ഞങ്ങളുടെ ഈ ഉദ്യമം ഏറ്റെടുക്കാൻ  കോൺഗ്രസ് പ്രവർത്തകർ തയ്യാറായിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അവരുടെ  അകമഴിഞ്ഞ പിന്തുണയും സഹായവും ആവോളം !!ഞങ്ങൾക്ക് ലഭിച്ചു. കൂടാതെ  കോൺഗ്രസ് പാർട്ടിയുടെ 137 ാംജന്മവാർഷികത്തോട് അനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചും  തുടർന്ന് ഈ വർഷത്തെ 138  രൂപ ചലഞ്ചിലൂടെ പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും ഇന്ന്   രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിനെ ഒരു രൂപപോലും സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥാപനമാക്കാൻ നമ്മളെ സഹായിച്ചു. കടബാധ്യതകളിൽ നിന്നും മോചിപ്പിച്ച   ഈ സ്ഥാപനം ഓരോ കോൺഗ്രസ് പ്രവർത്തകൻറെയും സ്വന്തമായി മാറുന്ന ഈ അഭിമാന നിമിഷം നിങ്ങളുമായി പങ്കുവെയ്ക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് മനസ്സിൽ തോന്നുന്നത്. കോർപ്പറേറ്റ് ഭീമൻമാരുടെയോ   കള്ളക്കടത്തുകാരുടെയോ ഒരു രൂപപോലും സഹായമില്ലാതെ ഇത് സാധ്യമായത് കോൺഗ്രസ് പ്രവർത്തകരുടെ ഒത്തൊരുമയും ആത്മസമർപ്പണവും  സഹായവും കൊണ്ടാണ്. അതിന് നിങ്ങളോടെത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഈ അവസരത്തിൽ അകാലത്തിൽ നമ്മെ വിട്ടുപോയ കെപിസിസി ട്രഷററായിരുന്ന പ്രതാപചന്ദ്രനെ അനുസ്മരിക്കാതിരിക്കാനാവില്ല. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കോടികളുടെ  സാമ്പത്തിക ബാധ്യത  ഒറ്റത്തവണ കൊണ്ട്  തീർപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും ശ്ലാഘനീയവും മാതൃകാപരവുമാണ്. അതിനായി അദ്ദേഹം തയ്യാറാക്കിയ   ഒറ്റത്തവണ തീർപ്പാക്കൽ ഉടമ്പടി പ്രകാരം രണ്ടുഗഡുക്കളായി തുക നൽകാനാണ് കെപിസിസി തീരുമാനിച്ചത്.  ആ വ്യവസ്ഥ പ്രകാരം  അദ്ദേഹം മരിക്കുന്നതിന് മുമ്പായി ആദ്യഗഡു നൽകിയിരുന്നു. ശേഷിക്കുന്ന  തുക  ഫെബ്രുവരി 28ന് ഞാൻ ബാങ്കുകൾക്ക്  കൈമാറി. ഇതോടെ പൂർണ്ണമായി  രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്െമന്റ് സ്റ്റഡീസ് എല്ലാ കടബാധ്യതകളിൽ നിന്നും മോചിതമായ സന്തോഷം ഒരിക്കൽക്കൂടി പങ്കുവെയ്ക്കുന്നു.
പാർട്ടി നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാനരീതിയിൽ സാമ്പത്തിക ബാധ്യത നേരിടുന്നവയാണ്. കെ.പി.സി.സിയുടെ അടുത്ത ലക്ഷ്യം  അവയെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ്. ആധുനിക രീതിയിലുള്ള പത്രവും ചാനലും കോൺഗ്രസിന് സ്വന്തമാക്കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ദൗത്യം നാം ഏറ്റെടുക്കുകയാണ്. നമ്മളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ അനായാസം  അത് നമുക്ക് സാധ്യമാകും. അതിനായി നിങ്ങളരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
 ഐക്യത്തോടെയും  ഒത്തൊരുമയോടെയും  പ്രവർത്തിച്ചാൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ നമുക്ക് സാധിക്കും.അതിന് തെളിവാണ്  രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെൻറ് സ്റ്റഡീസീൻറെ കടബാധ്യത നമുക്ക് തീർക്കാനായത്. അതിനായി കെപിസിസിക്ക് പിന്നിൽ അണിനിരന്ന എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും എൻറെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.
 

Latest News