ജിദ്ദ - സൗദിയിലെ ആദ്യത്തെ സാംസ്‌കാരിക മന്ത്രിയായി നിയമിതനായ ബദ്ർ ബിൻ അബ്ദുല്ല ഫർഹാൻ അൽസൗദ് രാജകുമാരൻ കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബാച്ചിലർ ബിരുദം നേടിയിട്ടുണ്ട്. സൗദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ് 33 കാരനായ ബദ്ർ രാജകുമാരൻ.
അൽഉല റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അംഗം, അൽഉല റോയൽ കമ്മീഷൻ ഗവർണർ, ജനറൽ കൾച്ചർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
വർഷങ്ങളോളം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ പദവി വഹിച്ചുവരുന്നതിനിടെയാണ് സാംസ്‌കാരിക മന്ത്രി പദത്തിൽ നിയമിതനായത്.
സാംസ്‌കാരിക മന്ത്രിയായി നിയമതിനായതിനെ തുടർന്ന് എസ്.ആർ.എം.ജി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. പകരം ഗ്രൂപ്പിന്റെ പുതിയ ചെയർമാനായി ഡോ. ഗസ്സാൻ അൽശുബ്‌ലിനെ നിയമിച്ചിട്ടുണ്ട്. മിസ്‌ക് ഫൗണ്ടേഷൻ ഫോർ ആർട്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്.






