Sorry, you need to enable JavaScript to visit this website.

ഒരിക്കലും താഴ്ത്തിക്കെട്ടില്ല; സൗദി ദേശീയ പതാകയുടെ ചരിത്രം 

ജിദ്ദ- ഈ മാസം പതിനൊന്നിന് സൗദി ദേശീയ പതാക ദിനമായി ആചരിക്കുന്നത് ചരിത്ര മൂഹൂർത്തം കൂടിയാണ്. രാജ്യത്തിന്റെ വളർച്ചയുടെ പടവുകൾക്ക് ഈ പതാക സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യം രൂപീകൃതമായതു മുതൽ ഇതേവരെ സൗദി രേഖപ്പെടുത്തിയ മുഴുവൻ വളർച്ചക്കും ഈ പതാക സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാർച്ച് 11-ന്  പതാക ദിനമായി ആഘോഷിക്കാനുള്ള രാജ കൽപനയോടെ സൗദിയുടെ പതാക സംബന്ധിച്ചും ചർച്ച മുറുകുകയാണ്. ഒരിക്കലും തല താഴ്ത്താത്ത ഔന്നത്യമാണ് സൗദി ദേശീയ പതാകയ്ക്കുള്ളത്. 
1932 സെപ്റ്റംബർ 23-നാണ് ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയുടെ ഏകീകരണ പ്രഖ്യാപനം നടത്തിയത്. അഞ്ചു വർഷം കഴിഞ്ഞ് 1937 മാർച്ച് 13 ആയിരുന്നു നിലവിലെ സൗദി ദേശീയ പതാകക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള രാജ കൽപനയുണ്ടായത്. 
1727-ൽ ആദ്യ സൗദി ഭരണകൂടം നിലവിൽ വന്നപ്പോഴുണ്ടായിരുന്ന പതാകയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതാണ് ഇന്നത്തെ ദേശീയ പതാക.  ദീർഘ ചതുര ഹരിത പ്രതലത്തിനു മധ്യത്തിൽ മൂന്നിലൊന്നു വലിപ്പമുള്ള വെള്ളക്കളറിൽ സത്യസാക്ഷ്യ വചനം മാത്രം ആലേഖനം ചെയ്തായിരുന്നു ഒന്നാം സൗദി ഭരണ കൂടം നിലവിൽ വന്നപ്പോഴുണ്ടായിരുന്ന ദേശീയ പതാക. ഒന്നും രണ്ടും സൗദി ഭരണ കാലഘട്ടങ്ങളിലുമുപയോഗിച്ചിരുന്ന ദേശീയ പതാകയയിൽ ഒന്നു രണ്ടു തവണ മാറ്റങ്ങൾ വരുത്തിയാണ് വിവിധ ഘട്ടങ്ങളിൽ അബ്ദുൽ അസീസ് രാജാവ് ഉപയോഗിച്ചിരുന്നത്. റിയാദും നജ്ദും ഇതര പ്രവിശ്യകളും കൂട്ടിച്ചേർത്തതിനനുസരിച്ചായിരുന്നു പതാകയിലെയും മാറ്റം. മക്കയും മദീനയും ഉൾപ്പെടുത്തിയുള്ള ആധുനിക  സൗദി അറേബ്യയുടെ രൂപീകരണ പ്രഖ്യാപനത്തോടെ ഇന്നു കാണുന്ന രൂപത്തിൽ സത്യസാക്ഷ്യവചനങ്ങൾക്കു താഴെ വാളു കൂടി ചേർക്കുകയായിരുന്നു. പതാകയുടെ പച്ചനിറം സമാധാനത്തെയും സമൃദ്ധിയെയും വളർച്ചയേയും സൂചിപ്പിക്കുമ്പോൾ സത്യ സാക്ഷ്യ വചനം ഏകദൈവാരാധയുടെ വിളംബരവും തൊട്ടു താഴെ തുല്ല്യനീളമുള്ള വാൾ നീതി നടപ്പാക്കുന്നതിലെ ഇഛാശക്തിയും യുക്തിയും അവധാനതയും സൂചിപ്പിക്കുന്നു.  ഇതര രാജ്യങ്ങളുടെ പതാകകളിൽ നിന്നു വ്യത്യസ്തമായി  ചില പ്രത്യേകകളുള്ളതാണ് സൗദി ദേശീയ പതാക. ദുഖാചരണത്തിനു വേണ്ടി രാജ്യത്തിനകത്തോ യു.എൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലോ ദേശീയ പതാക താഴ്ത്തിക്കെട്ടാൻ പാടില്ലന്നത് സൗദി പതാകയുടെ പ്രത്യേകതയാണ്. രാജ്യം എത്തിച്ചേരുന്ന പുരോഗതിയും വളർച്ചയും പ്രതിഫലിപ്പിക്കുന്ന രൂപത്തിൽ പതാകയിൽ മാറ്റം വരുത്തുകയെന്നതാണ് ഭരണാധികാരികളുടെ രീതിയെന്ന് അടുത്തിടെ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു. 
ദേശീയ സ്വത്വത്തിന്റെ പ്രധാന ഘടകമായി ദേശീയ പതാക ആഘോഷിക്കേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശ്രമങ്ങളുടെ പരിസമാപ്തിയാണ് പതാക ദിനത്തിന്റെ അംഗീകാരം.
 

Latest News