Sorry, you need to enable JavaScript to visit this website.

വിശ്വനാഥന്റെ മരണം: കേസ് അട്ടിമറിക്കെതിരെ ലോങ് മാർച്ചുമായി ഫ്രറ്റേണിറ്റി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം മരിച്ച നിലയിൽ കാണപ്പെട്ട വിശ്വനാഥന്റെ വീട് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്റെ നേതൃത്വത്തിലുളള സംഘം സന്ദർശിക്കുന്നു.

കൽപറ്റ - മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെ യ്ത ആദിവാസി യുവാവ് വിശ്വനാഥൻ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ അറിയിച്ചു. 

മാർച്ച് എട്ടിന് വിശ്വനാഥന്റെ കൽപറ്റ അഡ്‌ലേഡിലെ വീട്ടിൽ നിന്നാരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ വിശ്വനാഥന്റെ കുടുംബാംഗങ്ങളെ കൂടാതെ പാലക്കാട് വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ, മുത്തങ്ങയിലെ ജോഗിയുടെ കുടുംബം, വ്യത്യസ്ത ആദിവാസി നേതാക്കൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ ജാഥയിൽ അണിചേരും.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സക്കെത്തിയ വിശ്വനാഥന്റെ മരണത്തെക്കുറിച്ച് ബന്ധുക്കളടക്കം ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത ഉന്നയിച്ചിരുന്നു.

എന്നാൽ, പൊലീസ് കേസെടുക്കാൻ പോലും ആദ്യഘട്ടത്തിൽ സന്നദ്ധമായില്ല. അട്ടപ്പാടിയിലെ മധുവിന്റേതുൾപ്പെടെ ആദിവാസികൾ നീതിക്കുവേണ്ടി നട ത്തുന്ന വിവിധ കേസുകളിൽ സംഭവിക്കുന്നതുപോലെ വിശ്വനാഥന്റെ കേസിലും സംഭവിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണെന്നും കെ.എം. ഷെഫ്‌റിൻ പറഞ്ഞു.

ലോംഗ് മാർച്ചോടെ ആരംഭിക്കുന്ന പ്രക്ഷോഭം വിശ്വനാഥന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ തുടരുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. 

വിശ്വനാഥന്റെ വയനാട്ടിലെ വീട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. തഷ്‌രീഫ്, വയനാട് ജില്ലാ പ്രസിഡന്റ് പി.എച്ച്. ലത്തീഫ് എന്നിവരോടൊപ്പം ഷെഫ്‌റിൻ സന്ദർശിച്ചു.

Latest News