കോഴിക്കോട്ടെ യുവ ഡോക്ടറുടെ മരണം; അപസ്മാരമെന്ന് പ്രാഥമിക നിഗമനം, അന്വേഷണം ആരംഭിച്ചതായി പോലീസ്

കോഴിക്കോട് - യുവ വനിതാ ഡോക്ടറെ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ ഡോ. തൻസിയ(25)യെയാണ് ഇന്ന് രാവിലെ പത്തോടെ കോഴിക്കോട് പാലാഴിയിലെ കൂട്ടുകാരിയായ ഡോക്ടറുടെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 
 കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർ ഇന്നലെയാണ് ഇവിടെ എത്തിയത്. ഇന്ന് രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 പോലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപസ്മാര രോഗത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. കൂടുതൽ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പ്രതികരിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
 വയനാട് കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. കോഴിക്കോട് ജില്ലയിലെ ഫരീദ് താമരശ്ശേരിയാണ് ഭർത്താവ്. സഹോദരങ്ങൾ: ആസിഫ്, അൻസില.

Latest News