ആഗോള തലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചാണ് കോവിഡ്19 പതുക്കെ പിന്മാറുന്നത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ കോവിഡ് കാലം പട്ടിണിയുടെ നാളുകളാണ് സമ്മാനിച്ചത്. വിദേശ സഞ്ചാരികളെത്താത്തതിനാൽ ശ്രീലങ്ക പാപ്പറായി. നേപ്പാളിനും ടൂറിസം വ്യവസായത്തിൽ നിന്നുള്ള വരവ് കുറഞ്ഞത് പ്രശ്‌നമായി. ലോകമെങ്ങും വിപണിയുള്ളതാണ് ബംഗ്ലാദേശിന്റെ തുണിത്തരങ്ങൾ. ലോക്ഡൗൺ കാലത്ത് ഇതിന്റെ ഇടപാടും നശിച്ചു. പാക്കിസ്ഥാന് കോവിഡിന് പുറമേയായിരുന്നു പ്രകൃതി ദുരന്തങ്ങൾ. ഇതിനെല്ലാം പുറമേയാണ് ഒരു വർഷം മുമ്പ് റഷ്യൻ പ്രസിഡന്റ് പുട്ടിന് ഉക്രൈനെ കയറി ആക്രമിക്കാൻ തോന്നിയതിന്റെ പ്രത്യാഘാതം. ഇതോടെ ആഗോള വിപണിയിൽ എല്ലാ സാധനങ്ങൾക്കും വിലക്കയറ്റം രൂക്ഷമായി. എല്ലായിടത്തും പിരിച്ചുവിടലുകളും വ്യാപകമായി. പാക്കിസ്ഥാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ഇതെല്ലാം ചേർന്നതാണ്.
ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാക്കിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പെടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴി കാണാതെ കഷ്ടപ്പെടുകയാണ് പാക് ജനത. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാനിൽ ആരോഗ്യ മേഖലയും തകർച്ചയിലേക്കാണ്. അവശ്യ മരുന്നുകൾക്ക് രാജ്യത്ത് കടുത്ത പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്. വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം മരുന്നുകളോ ആഭ്യന്തര ഉൽപാദനത്തിന് വേണ്ട വസ്തുക്കളോ ഇറക്കുമതി ചെയ്യാനാകുന്നില്ല. ഇതോടെ പല തദ്ദേശീയ ഫാർമസ്യൂട്ടിക്കൽ നിർമാതാക്കളും ഉൽപാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി.
ഓപറേഷൻ തിയേറ്ററുകളിൽ വൃക്ക, ഹൃദയം തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയകൾക്ക് വേണ്ട അനസ്‌തെറ്റിക് മരുന്നുകളുടെ ശേഖരം പരമാവധി രണ്ടാഴ്ചത്തേക്ക് മാത്രമേയുള്ളൂവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ ജോലിക്കാരെ പിരിച്ചുവിടലും വ്യാപകമായി.
രാജ്യത്തെ ആഭ്യന്തര മരുന്ന് നിർമാണത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ്. ഇത്തരത്തിൽ ഇറക്കുമതി ചെയ്ത പല വസ്തുക്കളും ഡോളർ ക്ഷാമം കാരണം കറാച്ചി തുറമുഖത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയർന്നതും പാക് കറൻസിയുടെ മൂല്യത്തകർച്ചയും മരുന്ന് ഉൽപാദന ചെലവും കുത്തനെ കൂട്ടിയെന്ന് നിർമാതാക്കൾ പറയുന്നു.
പാക്കിസ്ഥാനിലെ പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിലാണിപ്പോൾ. പണപ്പെരുപ്പം ഫെബ്രുവരി 23 ന് അവസാനിച്ച ആഴ്ചയിൽ 38.42 ൽ നിന്ന് 41.54 ശതമാനമായി ഉയർന്നു. പണപ്പെരുപ്പത്തിന്റെ ഫലമായി രാജ്യത്ത് ഉള്ളി, ചിക്കൻ, മുട്ട, അരി, സിഗരറ്റ്, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയരുകയാണ്.
അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷമായതോടെ ജനം ആശങ്കാകുലരാണ്. ചെലവ് ചുരുക്കുന്നതിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് കഴിഞ്ഞ ആഴ്ച നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് പ്രതിവർഷം 200 ബില്യൺ ലാഭിക്കുമെന്ന് അവകാശപ്പെട്ടാണ് പ്രഖ്യാപനങ്ങൾ. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയിലും പണപ്പെരുപ്പത്തിലും അതൃപ്തരായ ജനങ്ങൾ രാഷ്ട്രീയക്കാരുടെ ആർഭാട ജീവിതത്തിലേക്ക് വിരൽ ചൂണ്ടിയതോടെയാണ് പുതിയ നീക്കം.
കാബിനറ്റ് അംഗങ്ങളുടെ ആഡംബരം കുറയ്ക്കുവാനാണ് പ്രധാനമായും പാക് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. ഇതിനായി വെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകൾ സ്വയം അടയ്ക്കാൻ ആവശ്യപ്പെട്ടു.
ആഡംബര വാഹനങ്ങൾ ലേലം ചെയ്യാനും വിമാനങ്ങളിൽ ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനും ഭക്ഷണത്തിൽ ഉൾപ്പെടെ വിഭവങ്ങൾ കുറച്ച് ചെലവ് ചുരുക്കാനുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഫെഡറൽ കാബിനറ്റ് അംഗങ്ങളും മറ്റു മന്ത്രിമാരും ഉപദേഷ്ടാക്കളും പ്രത്യേക അസിസ്റ്റന്റുമാരും രാജ്യത്തെ ട്രഷറിയിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഒഴിവാക്കാൻ തയാറാകണം.
കാബിനറ്റ് അംഗങ്ങളും സർക്കാർ ജോലിക്കാരും എല്ലാ ആഡംബര വാഹനങ്ങളും തിരികെ നൽകണം. ഇവ ലേലം ചെയ്യും. ആഭ്യന്തര, വിദേശ യാത്രകളിൽ സപ്പോർട്ട് സ്റ്റാഫുകളെ ഒഴിവാക്കി ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യണം. വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശത്തുള്ള ഓഫീസുകളുടെ എണ്ണം കുറക്കും.
ഊർജം ലാഭിക്കാൻ വേനൽക്കാലത്ത് സർക്കാർ ഓഫീസുകൾ രാവിലെ 7.30 ന് തുറക്കും. വിദേശ അതിഥികൾ, വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കുന്നത് ഒഴികെ എല്ലാ സർക്കാർ പരിപാടികളിലും കഴിക്കാൻ ഒറ്റ വിഭവം. ചായ സമയത്ത് ചായക്കൊപ്പം ബിസ്‌കറ്റ് മാത്രം. വിവിധ മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്‌മെന്റുകൾ, അവയുടെ ഉപ ഓഫീസുകൾ എന്നിവിടങ്ങളിലെ ചെലവ് 15 ശതമാനം കുറക്കും.
നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് ശഹ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. ജൂണിലെ ബജറ്റിൽ കൂടുതൽ ചെലവു ചുരുക്കൽ പദ്ധതികൾ പ്രഖ്യാപിക്കും.
മാളുകളിലും വലിയ മാർക്കറ്റുകളിലും ഊർജ ഉപഭോഗം കുറയ്ക്കാൻ വേണ്ടി നേരത്തെ നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ വൈദ്യുതി വിതരണം വിഛേദിക്കേണ്ടി വരുമെന്ന് ശഹ്ബാസ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ എല്ലാ മാളുകളും മാർക്കറ്റുകളും രാത്രി 8.30 ന് അടക്കണമെന്ന് ജനുവരിയിൽ സർക്കാർ ഉത്തരവിട്ടിരുന്നു.
ഐ.എം.എഫ് വായ്പ ലഭിക്കാനാണ് പാക്കിസ്ഥാൻ അടുത്തിടെ ഇന്ധന വില കുത്തനെ കൂട്ടിയത്. വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ് നിൽക്കുന്ന ജനത്തിന് താങ്ങാനാവാത്ത ഭാരമാണ് ഇത് സമ്മാനിച്ചത്. നിത്യച്ചെലവിനു പോലും പണമില്ലാതെ രാജ്യം മറ്റൊരു ശ്രീലങ്കയാകുമെന്ന് ഏറക്കുറെ ബോധ്യപ്പെട്ടപ്പോഴാണ് നിബന്ധനകൾ അനുസരിക്കാൻ പാക്കിസ്ഥാൻ തയാറായത്.
ഇന്ധന വില വർധന നിലവിൽ വന്നതോടെ ജനങ്ങളുടെ ജീവിതം കൊടിയ ദുരിതത്തിലായി. നേരത്തേ തന്നെ വൻ വിലക്കയറ്റമാണ് പാക്കിസ്ഥാനിൽ. പുതുക്കിയ ഇന്ധന വില നിലവിൽ വന്നതോടെ അത് ഭയാനകമായ അവസ്ഥയിലെത്തി. പലയിടത്തും അത്യാവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിലക്കയറ്റം പണപ്പെരുപ്പം കൂട്ടിയേക്കും എന്ന ആശങ്കയും ഉണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐ.എം.എഫ് പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്.
ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ ഈ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഐ.എം.എഫിന്റെ 24 ാം വായ്പ ഗഡു അനുവദിക്കാൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ നിന്ന് 700 മില്യൺ ഡോളറിന്റെ വായ്പ ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ അറിയിച്ചിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കക്കും നേപ്പാളിനും ചൈന വായ്പകൾ നൽകുന്നതിൽ അമേരിക്ക ആശങ്കയറിയിച്ചിരുന്നു. കടം കൊടുക്കുന്ന രാജ്യങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ചൈന നിർബന്ധിച്ചേക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലൂ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അവരുടേതായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുമെന്നും ലൂ വ്യക്തമാക്കി.
പാക്കിസ്ഥാനും ശ്രീലങ്കയും ഐ.എം.എഫ് വായ്പക്കായി ക്യൂവിൽ നിൽക്കുമ്പോൾ ബംഗ്ലാദേശിന് മാത്രമാണ് ഇതു ലഭിച്ചത്. വായ്പ ലഭിച്ചാൽ ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന ചോദ്യവുമായി സാമ്പത്തിക വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ കാണാച്ചരടുകൾ രാജ്യത്തിന് വലിയ പ്രശ്‌നമാവുമെന്നത് വേറെ കാര്യം.






