Sorry, you need to enable JavaScript to visit this website.

വിദ്യാർഥി കൺസഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥി സംഘടനകൾ


കോഴിക്കോട്- സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥി കൺസഷൻ അട്ടിമറിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥികളുടെ കൺസഷൻ ആട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അലോഷ്യസ് സേവ്യർ.
കൺസഷൻ വിദ്യാർഥികളുടെ അവകാശമാണ്. കെ.എസ്.ആർ.ടി.സിയുടെ എം.ഡി.യുടെയോ സർക്കാരിന്റെയോ ഔദാര്യമല്ല. കെ.എസ്.ആർ.ടി.സിയുടെ കെടുകാര്യസ്ഥതയിൽ വിദ്യാർഥികളുടെ മേക്കിട്ട് കയറേണ്ടതില്ല. അൺ എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കൺസഷൻ അവകാശമുള്ളവരാണ്. അവരെ കൺസഷൻ നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും 25 വയസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് കൺസഷൻ നൽകില്ല എന്നുള്ള നിലപാട് വിദ്യാർഥി വിരുദ്ധമാണെന്നും വിദ്യാർഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്ന സമീപനമാണ് സർക്കാർ എ.പി.എൽ, ബി.പി.എൽ എന്ന നിലയിൽ വിദ്യാർഥി കൺസഷൻ വേർതിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു. മാർച്ചുമായി കെ.എസ്.ആർ.ടി.സിയിലേക്ക് എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. പ്രവർത്തകർ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സിയിലെ കൺസഷൻ റദ്ദാക്കിയ നടപടി വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിദ്യാർഥികളുടെ കൺസഷൻ റദ്ദാക്കാനുള്ള ഏത് നീക്കത്തെയും കെ.എസ്.യു ചെറുത്തു തോൽപിക്കുമെന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അധ്യക്ഷത വഹിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെ.എസ്.യു നേതാക്കളായ വി.ടി നിഹാൽ, വി.ടി സൂരജ്, സനൂജ് കുരുവറ്റൂർ, എം.പി രാഗിൻ, എ.കെ ജാനിബ്, അർജുൻ പൂനത്ത്, എ.കെ അൻഷിദ്, ഷംലിക്ക് കുരിക്കൾ, ഗോകുൽ ഗുരുവായൂർ, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി.

 

വിദ്യാർത്ഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല -ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം - 25 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ കൺസഷൻ റദ്ദാക്കാനുള്ള കെ.എസ്.ആർ.ടി സി നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയും അവരുടെ വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷഫ്‌റിൻ. കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർഥികളുടെ മേലല്ല അടിച്ചേൽപ്പിക്കേണ്ടത്. സർക്കാരിന്റെ കെടുകാര്യസ്ഥയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്. ദീർഘ കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥി കൺസഷനിൽ കൈ വെക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഷെഫ്‌റിൻ പറഞ്ഞു. 

Latest News